HomeNewsമദ്യപിച്ച്  കലഹിക്കുന്ന ഭർത്താവിന്റെ കാൽ തല്ലിയൊടിക്കണമെന്ന് ഭാര്യ കാമുകനോട്; കാമുകൻ ഭർത്താവിന്റെ  ജീവനെടുത്തു !

മദ്യപിച്ച്  കലഹിക്കുന്ന ഭർത്താവിന്റെ കാൽ തല്ലിയൊടിക്കണമെന്ന് ഭാര്യ കാമുകനോട്; കാമുകൻ ഭർത്താവിന്റെ  ജീവനെടുത്തു !

ദിവസവും മദ്യപിച്ച് വീട്ടിലെത്തി കലഹിക്കുന്ന ഭർത്താവിന്റെ കാൽ തല്ലിയൊടിക്കണമെന്ന് ഭാര്യ ഭർത്താവിന്റെ ബന്ധു കൂടിയായ കാമുകനോട് ആവശ്യപ്പെട്ടു. കാമുകൻ ഭർത്താവിന്റെ ജീവൻ എടുത്തു. പുറത്തറിയാതിരിക്കാൻ ആ മരണം സ്വാഭാവിക മരണമാക്കി മാറ്റാനായി യുവതിയുടെ ശ്രമം. പക്ഷേ,  ഭർത്താവിന്റെ കൊലപാതക കേസിൽ കാമുകനൊപ്പം ആ ഭാര്യയും അറസ്റ്റിലായി. കാസർകോട് ജില്ലയിൽ കാര്യങ്കോട്ട് നടന്ന ഈ സംഭവം കൊലപാതകമാണെന്ന് തെളിയാൻ അവസരം ഒരുക്കിയത് ജനങ്ങൾ കാട്ടിയ ജാഗ്രതയാണ്. ജില്ലയിലെ അറിയപ്പെടുന്ന കബഡി താരം കാര്യങ്കോട്ടെ ജി. സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ കാഞ്ഞങ്ങാട് ചിത്താരി കല്ലിങ്കാൽ പൊയ്യക്കര വളപ്പിൽ വീട്ടിൽ കെ.വി. രഞ്ജുഷ (30), സന്തോഷിന്റെ മാതൃസഹോദരീ പുത്രൻ ചീറ്റക്കാൽ മനോജ് (37) എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചനയിൽ പങ്കാളിയായിയെന്ന് കണ്ടെത്തിയ രഞ്ജുഷയെ കേസിൽ രണ്ടാം പ്രതിയായി ചേർക്കുകയായിരുന്നു.

സംഭവം ഇങ്ങനെ:
അന്നു ഞായറാഴ്ചയായിരുന്നു. സന്തോഷിനൊപ്പം മനോജും മറ്റ് രണ്ട് സുഹൃത്തുക്കളും ചെറുവത്തൂരിനടുത്തുള്ള കുഞ്ഞിപ്പാറയിൽ ഒത്തുചേർന്ന് മദ്യപിച്ചിരുന്നു. ചില ഞായറാഴ്ചകളിൽ സുഹൃത്തുകൾ തമ്മിൽ ഇങ്ങനെ കൂടുക പതിവായിരുന്നു. രാത്രിയായതോടെ സംഘം പിരിഞ്ഞു. സന്തോഷ് വീട്ടിൽ വന്ന് ഉറങ്ങാൻ കിടന്നു. എന്നാൽ കതക് അടച്ചിരുന്നില്ല. രാത്രി 11 മണിയോടെ മനോജ് സന്തോഷിന്റെ കാര്യങ്കോട്ടെ വീട്ടിൽ എത്തി. മദ്യലഹരിയിൽ ഉറങ്ങുന്ന സന്തോഷിനെ കൈയിൽ കരുതിയ പ്ളാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി.
ഡിസംബർ ഏഴിന് രാവിലെയാണ് സന്തോഷിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ​ഉ​റ​ക്ക​ത്തിലുണ്ടായ ഹൃ​ദ​യ​സ്തം​ഭ​നം​ ​മൂ​ലമാണ് മരണമെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ, സന്തോഷിന്റെ കഴുത്തിലെ ചതവ് ശ്രദ്ധയിൽപ്പെട്ട ചിലർക്ക് സംശയം തോന്നി. മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്ന് അവർ പറഞ്ഞു. രഞ്ജുഷ അതിനോട് താല്പര്യം കാട്ടിയില്ല. അടുത്ത ബന്ധുക്കളും അതിന്റെയൊന്നും ആവശ്യമില്ലെന്ന നിലപാടിലായിരുന്നു. ഈ ചതവ് എങ്ങനെ വന്നു എന്ന ചോദ്യം ഉയർന്നു. അതിനു മറുപടി പറയാൻ ആർക്കും കഴിഞ്ഞില്ല. പോസ്റ്റുമോർട്ടം നടക്കട്ടെ എന്നായി നാട്ടുകാർ. അപ്പോഴും ആരും രഞ്ജുഷയോ മനോജിനെയോ സംശയിച്ചിരുന്നില്ല.

പോസ്റ്റുമോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഗോപാലകൃഷ്ണപിള്ള സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ അന്വേഷണമായി. അങ്ങനെയാണ് വെള്ളരിക്കുണ്ട് സി.ഐ ടി.പി സുമേഷ് മനോജിനെ പിടികൂടിയത്. സംഭവത്തിന് തലേദിവസമാണ് രഞ്ജുഷ സന്തോഷിന്റെ കാലുകൾ തല്ലിയൊടിച്ച് ഉപദ്രവം അവസാനിപ്പിക്കണമെന്ന് മനോജിനോട് ആവശ്യപ്പെടുന്നത്. അന്നു വൈകിട്ട് സന്തോഷ് കലഹമുണ്ടാക്കിയതിനെ തുടർന്നായിരുന്നു ഇത്. സന്തോഷും ഭാര്യയുമായി ഉണ്ടായ വഴക്ക് തീർക്കാൻ ഇടപെട്ടപ്പോൾ വീണ് പരിക്കേറ്റ അമ്മ ആശുപത്രിയിലായിരുന്നു. ആശുപത്രിയിൽ അമ്മയ്ക്കു കൂട്ടിരിക്കാൻ രഞ്ജുഷയും കൂടെയുണ്ടായിരുന്നു. കുട്ടികളെ അതിനിടയിൽ രഞ്ജുഷ തന്റെ കൊളവയലിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇങ്ങനെ സന്തോഷിനെ ആക്രമിക്കാനുള്ള സൗകര്യം രഞ്ജുഷ ചെയ്തുകൊടുത്തു.

തലേദിവസം പല തവണയും കൊലപാതകം നടന്നശേഷം ഒരു പ്രാവശ്യവും ഇരുവരും ഫോണിൽ ബന്ധപ്പെട്ടതാണ് രഞ്ജുഷയെ കുടുക്കിയത്. രാവിലെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ രഞ്ജുഷ സന്തോഷ് കൊല്ലപ്പെട്ടതായി അറിഞ്ഞ് അലമുറയിടുകയായിരുന്നു. അയൽവാസികളെ വിളിച്ചു കൂട്ടുകയും ചെയ്തു.

പരേതനായ ഗോപാലകൃഷ്ണൻ- ചെമ്മരത്തി ദമ്പതികളുടെ മകനായ സന്തോഷ് ചെറുപ്പം മുതൽ കബഡി താരമായിരുന്നു. ഈ നാല്പതുകാരന്റെ മികവിലാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കാര്യങ്കോട് റെഡ് സ്റ്റാർ ക്ളബ് ജില്ലാതലത്തിൽ പല മത്സരങ്ങളിലും ചാമ്പ്യന്മാരായത്. കോൺക്രീറ്റ് മേസ്ത്രിയായിരുന്ന സന്തോഷ് തൊഴിൽ മേഖലയിലും വിദഗ്ധനായിരുന്നു. പത്തുവർഷം മുമ്പാണ് സന്തോഷ് രഞ്ജുഷയെ വിവാഹം ചെയ്യുന്നത്. ഇവർക്ക് യു.പി സ്കൂൾ വിദ്യാർത്ഥികളായ രണ്ട് കുട്ടികളുമുണ്ട്. ചാത്തോത്ത് ആലയിൽ ഭഗവതി ക്ഷേത്രത്തിലെ കൂട്ടായിക്കാരനായിരുന്നു സന്തോഷ്. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് ഇയാൾ വീട്ടിലില്ലാതിരുന്ന പല ദിവസങ്ങളിലും മനോജ് ഈ വീട്ടിൽ താമസിച്ചിരുന്നു. ബന്ധുവായതു കൊണ്ടു ആരും ഇയാളെ ആദ്യം സംശയിച്ചില്ല. സന്തോഷിന്റെ മരണാനന്തര ചടങ്ങുകളിൽ ഓടിനടന്ന് കാര്യങ്ങൾ ചെയ്തിരുന്നതും മനോജാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments