HomeNewsShortപാരീസില്‍ ഭീകരാക്രമണം: 127 പേര്‍ കൊല്ലപ്പെട്ടു, ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ

പാരീസില്‍ ഭീകരാക്രമണം: 127 പേര്‍ കൊല്ലപ്പെട്ടു, ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ

പാരീസ്: ഫ്രാന്‍സില്‍ പരക്കെ ഉണ്ടായ ആക്രമണത്തില്‍ 127പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിലും വെടിവെയ്പിലുമാണ് ഇത്രയും പേര്‍ മരണമടഞ്ഞത്. . ഭീകരാക്രമണമാണ് ഉണ്ടായതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ സ്ഥീരീകരിച്ചു. മധ്യ പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദികളാക്കി. തീയറ്ററില്‍ നടത്തിയ വെടിവെയ്പ്പില്‍ 118 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അക്രമികളെ കീഴടക്കാനുളള ശ്രമം തുടരുകയാണ്. തീയറ്ററില്‍ വെടിവെയ്പ്പ് നടത്തിയ മൂന്നുപേര്‍ ഫ്രഞ്ച് പോലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തിയേറ്ററിന് പുറത്ത് അഞ്ച് സ്‌ഫോടനങ്ങള്‍ നടന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടിടങ്ങളില്‍ ചാവേര്‍ ആക്രമണവും ഒരു സ്‌ഫോടനവും നടന്നുവെന്നാണ് ഫ്രഞ്ച് പോലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

വടക്കന്‍ പാരീസിലെ പ്രശസ്തമായ സ്റ്റാഡെ ഫ്രാന്‍സ് സ്‌റ്റേഡിയത്തിന് സമീപമുള്ള ഒരു ബാറിന് പുറത്ത് മൂന്നു സ്‌ഫോടനങ്ങള്‍ നടന്നു. ഫ്രാന്‍സും ജര്‍മ്മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഈ സ്‌റ്റേഡിയത്തില്‍ നടക്കുന്നതിനിടെയാണ് പുറത്ത് പൊട്ടിത്തെറി നടന്നത്. മത്സരം കാണാനെത്തിയ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദയെ സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്‌റ്റോറന്റില്‍ ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് ഒരാള്‍ നടത്തിയ വെടിവെയ്പില്‍ 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 100 റൗണ്ടിലേറെ ഇവിടെ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. നിറയൊഴിച്ച ശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. ചാര്‍ലി ഹെബ്‌ദോ മാസികയില്‍ നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ആക്രമണമാണിത്. ചാര്‍ലി ഹെബ്‌ദോ മാസികയുടെ ഓഫീസിന് 200 മീറ്റര്‍ മാത്രം അകലെയുള്ള തിയേറ്ററിലാണ് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം 100 പേരെ ബന്ദിയാക്കിയത്.

ആക്രമണം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രസിഡന്റ് ഹൊളാന്റെയുടെ അധ്യക്ഷതയില്‍ അടിയന്തര കാബിനറ്റ് യോഗം ചേര്‍ന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടക്കുകയും ചെയ്തു. പാരീസിലെങ്ങും സൈന്യത്തെ വിന്യസിച്ചു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും പാരീസ് മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കി. ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. ആക്രമണങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സ്വ ഒലാന്ദ് പറഞ്ഞു.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഡെപ്യൂട്ടി മേയര്‍ പാട്രിക് ക്ലുഗ്മാന്‍ പറഞ്ഞു. അപ്രതീക്ഷിതവും അപരിചിതവും ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയുമാണ് രാജ്യം ഇപ്പോള്‍ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണം നടന്ന സ്ഥലങ്ങള്‍ സുരക്ഷാ സൈന്യം വളഞ്ഞിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments