ശബരിമല വിഷയത്തിൽ നിരാഹാര സമരം അവസാനിപ്പിക്കാനൊരുങ്ങി ബിജെപി; തുടർ നടപടി അമിത് ഷായുമായുള്ള ചർച്ചയ്ക്കു ശേഷം മാത്രം

79

ശബരിമലവിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരം ബിജെപി നിര്‍ത്തുന്നു. സമരം ഈ മാസം 22ന് അവസാനിപ്പിക്കും. 21 ന് എത്തുന്ന അമിത് ഷായുമായി ആലോചിച്ചശേഷം മാത്രം തുടര്‍സമരം മതിയെന്നും ധാരണ. എന്നാല്‍ സംഘടനാകാര്യങ്ങളിലും, ശബരിമല സമരത്തിലുമുള്ള ആര്‍.എസ്.എസ്. അപ്രമാദിത്യത്തില്‍ ബിജെപിയില്‍ അമര്‍ഷം പുകയുകയാണ്.

ശബരിമല വിഷയത്തില്‍ സമരവുമായി എത്തിയ ബിജെപി നേതാക്കളെ പിന്‍നിരയിലേക്ക് തള്ളിയാണ് മുന്‍നിരയിലേക്ക് പരിവാര്‍ സംഘടനയായ കര്‍മ്മസമിതിയെത്തിയത്. പിന്നീട് ശബരിമലയില്‍ നിന്നു ബിജെപി സമരം സെക്രട്ടറിയേറ്റിലേക്കു മാറ്റാനുള്ള നിര്‍ദേശം എത്തിയതും ആര്‍.എസ്.എസില്‍ നിന്നു തന്നെയാണ്. നിരാഹാര സമരത്തില്‍ ആദ്യം മുന്‍ നിര നേതാക്കളെത്തിയെങ്കിലും പിന്നീട് പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ മുഖം തിരിച്ചതോടെ സമരം അപ്രസ്‌കതമായെന്ന നിലപാടാണ് പാര്‍ട്ടിയ്ക്കുള്ളിലുണ്ടായത്. അതേസമയം തീവ്ര സമരത്തിലേക്ക് ആര്‍.എസ്.എസ്. എത്തിയതോടെ ന്യായീകരിക്കാന്‍ ബിജെപി നേതാക്കള്‍ തന്നെ രംഗത്തെത്തേണ്ടി വന്നു.