മൂന്നു ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ചെറുതോണി, പെരിയാര്‍ തീരങ്ങളില്‍ അതീവ ജാഗ്രത

മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 2401.10 അടിയാണ് നിലവിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.ചെറുതോണിപ്പുഴ, പെരിയാര്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കി ജില്ലയില്‍ മാത്രം 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

രണ്ട് ഷട്ടറുകളാണ് ഇന്ന് രാവിലെ 7 മണിക്ക് തുറന്നത്. ട്രയല്‍ റണ്ണിന് ശേഷവും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. സെക്കൻഡിൽ ഒന്നേകാൽ ലക്ഷം ലീറ്റർ (125 ക്യുമെക്സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്.

വ്യാഴാഴ്ച ഉച്ചക്ക് ട്രയല്‍ റണ്ണായി നാലു മണിക്കൂര്‍ നേരത്തേക്ക് തുറന്ന ഒരു ഷട്ടര്‍ ജലനിരപ്പ് കുറയാത്തതിനാല്‍ അടച്ചിരുന്നില്ല. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൊന്ന് തുറന്നത്. 12.30ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുമ്പോള്‍ 2399.04 അടിയായിരുന്നു ജലനിരപ്പ്. എന്നാല്‍ ഇന്ന് രാവിലെ ആറുമണിക്ക് 2400.94 അടിയായി വെള്ളം ഉയര്‍ന്നതോടെ ഏഴുമണിയോടെ രണ്ട് ഷട്ടര്‍ കൂടി തുറക്കുകയായിരുന്നു.

ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 2403 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടില്‍ നിന്ന് പുറത്ത് പോകുന്നതിനേക്കാള്‍ കൂടുതല്‍ ജലം വന്ന് നിറയുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തത് ആശങ്കക്കിടയാക്കുന്നുണ്ട്.

കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ വെള്ളം പുറത്തേക്കു വിടുന്നത്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചിരുന്നു.