ഇതുവരെ തുറന്നത്‌ രണ്ടുതവണമാത്രം; കാൽ നൂറ്റാണ്ടിനു ശേഷം ഇടുക്കി ഡാം തുറക്കുമ്പോൾ സംഭവിക്കുന്നത് എന്തൊക്കെ ?

ജലനിരപ്പ്‌ ഉയര്‍ന്നതോടെ ഇടുക്കി ഡാം തുറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 12ന്‌ ട്രയല്‍ റണ്‍ നടക്കുമ. ഇടുക്കി പദ്ധതി കമീഷന്‍ ചെയ‌്ത 1976 ഫെബ്രുവരി 12 ന‌് ശേഷം സംഭരണി നിറഞ്ഞ‌് തുറന്നുവിട്ടത‌് രണ്ടുതവണ. 1981 ലും 92 ലും. ഇതു കൂടാതെ പൂര്‍ണതോതില്‍ നിറഞ്ഞിട്ടുള്ളത‌് 2007 ലും 2013 ലും. ഇക്കാലയളവില്‍ നാശങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. പെരിയാറിന‌് കുറുകെ നിര്‍മിച്ചിരിക്കുന്ന ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആര്‍ച്ച‌് ഡാമാണ‌് ഇടുക്കി. കുറവന്‍-കുറത്തി മലകളെ ബന്ധിപ്പിച്ച‌് നിര്‍മിച്ചിരിക്കുന്ന ഈ ആര്‍ച്ച‌് ഡാമും ഇതിന‌് സമീപമുള്ള ചെറുതോണിയും 30 കി. മീറ്റര്‍ അകലെയുള്ള കുളമാവ‌് ഡാമും ചേര്‍ന്നതാണ‌് ഇടുക്കി പദ്ധതിയുടെ ഭാഗമായ സംഭരണികള്‍. മൂന്ന‌് ഘട്ടങ്ങളിലായി പണി പൂര്‍ത്തിയാക്കി. പദ്ധതിയുടെ സ്ഥാപിത ശേഷി 780 മെഗാവാട്ട‌്. 1969 ഏപ്രില്‍ 30 ന‌് മുഖ്യമന്ത്രിയായിരുന്ന ഇ എം എസ‌് തറക്കല്ലിട്ടു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1976 ല്‍ കമീഷന്‍ ചെയ‌്തു.

മൂന്ന‌് ജലസംഭരണി പ്രദേശം ഉള്‍പ്പെടുന്ന തടാകമേഖല 60 ചതുരശ്ര കി.മീറ്ററും പദ്ധതി മേഖല 250 ചതുരശ്ര കി. മീറ്ററും. തടഞ്ഞ‌് നിര്‍ത്തിയിരിക്കുന്ന ജലപ്രവാഹത്തെ നാടുകാണി മൂലമറ്റം മലയ‌്ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി നിലയത്തിലെത്തിച്ച‌് ഉല്‍പാദനം നടത്തുന്നു. 2403 അടിയാണ‌് ഡാമിന്റെ സംഭരണശേഷി (സമുദ്രനിരപ്പിലെ ഉയരം).

1981 ഒക‌്ടോബര്‍ 29 മുതല്‍ നവംബര്‍ 13 വരെ 15 ദിവസമാണ‌് ചെറുതോണി ഷട്ടര്‍ ഒരടി ഉയര്‍ത്തിയത‌്. പിന്നീട‌് 1992 ഒക‌്ടോബര്‍ 12 മുതല്‍ 16 വരെയും നവംബര്‍ 16 മുതല്‍ 23 വരെയും ഉയര്‍ത്തി. ഇക്കാലയളവില്‍ കൂടുതലും ഒന്നുമുതല്‍ രണ്ട‌്‌അടി വരെ ചെറുതോണി ഷട്ടര്‍ ഉയര്‍ത്തി. എത്രയടി ഉയര്‍ത്തിയാല്‍ ചെറുതോണി പാലം മുങ്ങുമെന്ന പരീക്ഷണവും ഇക്കാലയളവില്‍ നടത്തിനോക്കി. രണ്ടടിക്കും മൂന്നടിക്കും മധ്യേ ഉയര്‍ത്തുമ്ബോഴാണ‌് ചെറുതോണി പാലം മുങ്ങുന്നത‌്. ഇത്തവണ ആദ്യം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നത‌് ഒരടിയില്‍ താഴെ മാത്രം. അത്തരം സാഹചര്യം ഉണ്ടായാല്‍ ചെറുതോണി പാലം തൊടാതെ വെള്ളം ഒഴുകും. ആ കാലത്തിന‌് ശേഷം പെരിയാര്‍ ഒഴുകുന്ന വഴിയില്‍ ഏതാനും കൃഷിയിടങ്ങളുണ്ട‌്. കരകളില്‍ 270 വീടുകളും മറ്റ‌് കെട്ടിടങ്ങളുമുണ്ട‌്.

ഇടുക്കി സംഭരണി നിറഞ്ഞത‌് 2013, 2007 സെപ‌്തംബറിലാണ‌്. യഥാക്രമം 2401.7, 2401.29 അടിവരെ ജലം ഉയര്‍ന്നിരുന്നു. മണ്‍സൂണിന‌് ശേഷം തുലാം കടന്ന സമയമായിരുന്നു. തുടര്‍ന്ന‌് വേനല്‍ കടുത്തതിനാല്‍ തുറക്കേണ്ടി വന്നില്ല. എന്നാല്‍ ഇത്തവണ മണ്‍സൂണ്‍ കാലത്ത‌് തന്നെ സംഭരണി നിറയുന്ന അവസ്ഥ ഉണ്ടായതാണ‌് തുറക്കാനുള്ള സാഹചര്യം ഒരുക്കിയത്‌. ചെറുതോണിയില്‍ ആകെ അഞ്ച‌് ഷട്ടറുകളാണുള്ളത‌്. സംഭരണിയുടെ മധ്യത്തിലെ ഷട്ടറാണ‌് ആദ്യം തുറക്കുക. സാധാരണഗതിയില്‍ 10 മുതല്‍ 20 സെന്റീമീറ്ററായിരിക്കും ഉയര്‍ത്തുന്ന‌്. ഷട്ടറുകള്‍ വൈദ്യുതി ഉപയോഗിച്ചും അല്ലാതെയും തുറക്കാം. ഡാം നിറയുന്നതിന‌് മുമ്ബ‌് പ്രവര്‍ത്തന സജ്ജമാണോയെന്ന‌് നോക്കും.