ചാച്ചാജിയുടെ സ്നേഹദീപ്തമായ ഓര്‍മ പുതുക്കി ഇന്ന് ശിശുദിനം

ഇന്ന് കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച പ്രഥമപ്രധാനമന്ത്രിയുടെ ജന്മദിനം. കുഞ്ഞുങ്ങളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനമായ നവംബര്‍ പതിനാലിനാണ് ഇന്ത്യയില്‍ ശിശു ദിനം ആഘോഷിക്കുന്നത്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ ലോകമെമ്ബാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. ശിശുദിനമാഘോഷിക്കാന്‍ രാജ്യം സജജമായിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രയും മറ്റു കലാപരിപടികളും അരങ്ങേറും. കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം.

ചാച്ചാജിയെക്കുറിച്ച്‌ പറയുമ്ബോള്‍ കുട്ടികള്‍ക്ക് ഓര്‍മ്മയിലെത്തുന്നൊരു രൂപമുണ്ട്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരാള്‍. ചെറിയ കുട്ടിയായിരിക്കുമ്ബോഴേ നെഹ്റുവിന് നല്ല വായനാശീലമുണ്ടായിരുന്നു, ബുദ്ധിമാനുമായിരുന്നു. രാജ്യത്തെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങളും ശിശുദിനാഘോഷങ്ങള്‍ പ്രദാനം ചെയ്യുന്നു.