ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നുപേർ അറസ്റ്റിലായി

കഴിഞ്ഞ ദിവസം നെന്മിനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. 2014ല്‍ കൊല്ലപ്പെട്ട ഫാസിലിന്റെ സഹോദരനാണ് ഫായിസ്. ഈ കേസില്‍ പ്രതിയായിരുന്നു ആനന്ദ്. അതേസമയം, സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന ഗുരുവായൂരിലെ വിവിധയിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. ഗുരുവായൂര്‍ ക്ഷേത്രം, പാവറട്ടി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന ഗുരുവായൂര്‍ നഗരസഭ, ചാവക്കാട് നഗരസഭയുടെ ഏട്ടാം വാര്‍ഡ്, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. വിവാഹം, മറ്റു പരമ്പരാഗത മതാനുഷ്ഠാനങ്ങള്‍ തുടങ്ങിയ പൊലീസിന്റെ അനുമതിയോടെ മാത്രമെ നടത്താവൂ. അഞ്ചോ, അഞ്ചിലധികമോ ആളുകള്‍ കൂട്ടംകൂടി നില്‍ക്കാനോ, ജാഥ, പ്രകടനം, പൊതുയോഗം എന്നിവ നടത്തുവാനോ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.