വാട്സാപ്പിലെ വലിയൊരു പ്രശ്നത്തിന് പരിഹാരമായി: ഇനി നാണക്കേട് പേടിക്കേണ്ട

167

പുതിയ അപ്ഡേറ്റിനു ശേഷം വാട്സാപ് പ്രൈവസി സെറ്റിങ്സിൽ പോയി ആർക്കൊക്കെ നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാം എന്നതിൽ മാറ്റങ്ങൾ വരുത്താം. വാട്സാപ് പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ പ്രൈവസി സെറ്റിങ്സിൽ ഇപ്പോഴുള്ളതിനു പുറമേ ഗ്രൂപ്പ്സ് എന്നൊരു വിഭാഗം കൂടി പ്രത്യക്ഷപ്പെടും. അതു തിരഞ്ഞെടുത്ത് സെറ്റിങ്സിൽ മാറ്റം വരുത്താം. കോൺടാക്ടിൽ ഉള്ളവർക്കു മാത്രം നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാവുന്നതാണ് ഒരു ഓപ്ഷൻ. ആർക്കും ചേർക്കാം എന്നതും ആർക്കും ചേർക്കാനാവില്ല എന്നതുമാണ് മറ്റ് ഓപ്ഷനുകൾ.

ഗ്രൂപ്പിൽ ചേർക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞാൽ ഗ്രൂപ്പ് അഡ്മിൻമാർക്കു നിങ്ങളെ ഗ്രൂപ്പുകളിലേക്കു ക്ഷണിക്കാൻ മാത്രമേ കഴിയൂ. ഗ്രൂപ്പിൽ ചേരണോ വേണ്ടയോ എന്നു നിങ്ങൾ സ്വയം തീരുമാനിച്ചു ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാം.

കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി പേർ പരാതിപ്പെട്ട കാര്യമായിരുന്നു അശ്ലീല ചര്‍ച്ചകൾ നടക്കുന്ന ഗ്രൂപ്പിൽ അനുമതിയില്ലാതെ പലരെയും ചേർക്കുന്നുവെന്ന്. ഇത് പലരുടെ കുടുംബത്തിൽ വലിയ കലഹങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകളിൽ അംഗമായി ചേർക്കുന്നതോടെ ഫോണിലേക്ക് മെസേജുകള്‍ വന്നുക്കൊണ്ടിരിക്കും. ഗ്രൂപ്പിൽ ചേർക്കുന്നതോടെ അംഗങ്ങൾക്കെല്ലാം ഫോൺ നമ്പറും പ്രൊഫൈൽ ഫോട്ടോയും ലഭിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഫോൺ നമ്പർ പുറത്താകുന്നത് വൻ തലവേദനയാണ്. ഈ പ്രശ്നത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാർ തന്നെ വാട്സാപ്പിനെ അറിയിച്ചിരുന്നു.

കടപ്പാട് : ദേശാഭിമാനി