HomeNewsLatest News'അശ്വം': മലയാള സിനിമയിൽ നവാഗത തിരക്കഥാകൃത്തുക്കൾക്കായി ഇതാ ഒരു സംഘടന

‘അശ്വം’: മലയാള സിനിമയിൽ നവാഗത തിരക്കഥാകൃത്തുക്കൾക്കായി ഇതാ ഒരു സംഘടന

മലയാള സിനിമയിൽ നവാഗത തിരക്കഥാകൃത്തുക്കൾക്കായി ആദ്യമായി ഒരു സംഘടന ഒരുങ്ങുന്നു. വർഷങ്ങളായി സിനിമ മോഹവുമായി നടന്നിട്ടും, കഴിവുണ്ടായിട്ടും എങ്ങുമെത്താതെ പോകുന്ന എഴുത്തുകാർക്കായി ഒരുകൂട്ടം നവാഗത എഴുത്തുകാർ ചേർന്ന് രൂപം നൽകിയ സംഘടനയാണ് ‘അശ്വം’. (Association of new screeplay writers at malayalam movies ). ഇന്ന് സിനിമയുടെ പേരിൽ നടക്കുന്ന ചൂഷണങ്ങളിൽ അറിവില്ലായ്മ മൂലം എത്തിപ്പെട്ട് ആദ്യസിനിമ എന്ന ആഗ്രഹം സ്വപ്നം മാത്രമായി ഇപ്പോഴും അവശേഷിക്കുന്ന നിരവധി ആളുകളുണ്ട്. സിനിമയുമായോ അതുമായി ബന്ധപ്പെട്ട ആളുകളുമായോ അതുമായി യാതൊരു ബന്ധവുമില്ലാതെ നടക്കുന്ന ഇത്തരം ചതികളിൽപ്പെട്ട് ഇനിയൊരു സിനിമ സാധ്യമല്ല എന്നു ചിന്തിച്ചിരിക്കുന്ന അത്തരം ആളുകൾക്ക് തികച്ചും വിശ്വാസ്യതയോടെ കടന്നു ചെല്ലാവുന്ന ഒരു സംഘടനയാണിതെന്ന് ഭാരവാഹികൾ ഉറപ്പുനൽകുന്നു.

കൊല്ലം ആസ്ഥാനമായി 2021 ജനുവരിയിൽ നിലവിൽവന്ന സംഘടനയിൽ ഇപ്പോൾ നൂറിലധികം സ്ഥിരം അംഗങ്ങളുണ്ട്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എഴുത്തുകാർ ഉൾപ്പെടെ പ്രമുഖ വ്യക്തികൾ, സംവിധായകർ തുടങ്ങി സിനിമയുമായി ബന്ധപെട്ടു മറ്റു പ്രധാന മേഖലകളിൽ കൂടി കഴിവ് തെളിയിച്ച ആളുകൾ ഉൾക്കൊള്ളുന്ന ഭരണ സമിതിയാണ് സംഘടനയെ മുന്നോട്ടു നയിക്കുന്നത്.

“നിലവിൽ നിയമപരമായി രജിസ്റ്റർ ചെയ്തിരിക്കുന്ന അശ്വം ഇന്ന് ഇന്ത്യയിൽ നിലവിലുള്ള മറ്റേതൊരു സിനിമ, സിനിമേതര സംഘടനയ്ക്കും എതിരായി തുടങ്ങിയിരിക്കുന്ന ഒന്നല്ല. അശ്വത്തിന്റെ ഉദ്ദേശം നവാഗത തിരക്കഥാകൃത്തുക്കളെ മുഖ്യധാരയിലേക്ക് എത്താൻ സഹായിക്കുക, അതുവഴി നാളെ നല്ല സിനിമകൾ സൃഷ്ടിക്കാൻ സിനിമാ ലോകത്തോടൊപ്പം കൈകോർക്കുക എന്നതുമാത്രമാണ്. എല്ലാ സിനിമാ പ്രവർത്തകരുടെയും സംഘടനകളുടെയും സഹകരണം ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നു.” ഭാരവാഹികൾ പറയുന്നു.

അശ്വം എന്ന സംഘടനയുടെ പ്രധാന ലക്ഷ്യം സിനിമയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പുതിയ തിരക്കഥാകൃത്തുക്കളെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ്. യാതൊരു ഇടനിലക്കാരുടെയും ചൂഷണത്തിൽപ്പെടാതെ എഴുത്തുകാരെ അവരർഹിക്കുന്ന രീതിയിൽ സിനിമയിൽ എത്തിക്കാനായി സംഘടനയുടെ ടീം അശ്രാന്തപരിശ്രമത്തിലാണ്.
സംഘടന മുന്നോട്ടു വയ്ക്കുന്ന സ്വപ്ന പദ്ധതി ‘Dreams@ 50’ എന്ന പ്രോജെക്റ്റാണ്. സംഘടനയിലെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 50 തിരക്കഥകൾ വെള്ളിത്തിരയിൽ എത്തിക്കുക എന്ന പരിപാടിയാണ് ഡ്രീംസ് @ 50. ഇതിലേക്ക് ഇപ്പോൾത്തന്നെ നിരവധി തിരക്കഥകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപെടുന്ന എല്ലാ തിരക്കഥകളും സിനിമ എന്ന സ്വപ്നത്തിലെത്തിക്കുക എന്ന വലിയ ലക്ഷ്യമാണ് സംഘടന ചുമലിലേറ്റുന്നത്. ഇതുകൂടാതെ പ്രമുഖ തിരക്കഥാകൃത്തുക്കളുടെ ഓൺലൈൻ മീറ്റിങ്ങുകൾ, വർക്ക്ഷോപ്പുകൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ അശ്വത്തിന്റെതായി നടന്നുവരുന്നു.
വർഷങ്ങളായി ഒരു സിനിമ ചെയ്യാനായി അലഞ്ഞിട്ടും, കഴിവുണ്ടായിട്ടും തിരസ്കരിക്കപ്പെടുന്ന എഴുത്തുകാർക്ക് ഏറെ ആശ്വാസമാകുന്ന ഈ സംരംഭം സിനിമാ മോഹികൾക്ക് നാളെ ഒരു അത്താണിയാകുമെന്ന കാര്യത്തിൽ സംശയമില്ല.

നിലവിൽ സംഘടനയിൽ നൂറിലേറെ സ്ഥിരാംഗങ്ങൾ ഉണ്ടെങ്കിലും പുതിയ എഴുത്തുകാർക്കും അംഗത്വമെടുക്കാൻ സംഘടന ഇപ്പോൾ അവസരമൊരുക്കുന്നുണ്ട്. സംഘടനയിൽ അംഗത്വമെടുക്കുന്നതിന്റെ മുന്നോടിയായി അശ്വത്തിന്റെ പ്രാഥമിക വാട്സാപ്പ് ഗ്രൂപ്പിൽ മെമ്പർ ആകാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

https://chat.whatsapp.com/CRNGoqMgtjR6v49EZcx6ky

Email: aswamkerala@gmail.com

വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക:

എം.ജി ഗിരി (പ്രസിഡന്റ്‌, അശ്വം):

+91 97454 94556

കണ്ണൻ (മീഡിയ കോ ഓർഡിനേറ്റർ, അശ്വം):

+91 82812 34324

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments