പൗരത്വ നിയമ ഭേദഗതി റാലിയിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനികളെ കയറിപ്പിടിച്ചതായി പരാതി: വൻ പ്രതിഷേധം

66

പൗരത്വ നിയമ ഭേദഗതി റാലിയിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥിനികളെ കയറിപ്പിടിച്ചതായി പരാതി. ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഗാര്‍ഗി കോളജിലെ വിദ്യാർഥിനികളാണ് പരാതിയുമായെത്തിയിരിക്കുന്നത്.

കോളജിലെ വാര്‍ഷികാഘോഷ ചടങ്ങുകൾക്കിടെയായിരുന്നു സംഭവം. മദ്യപിച്ച് ക്യാംപസിനുള്ളിൽ കയറിയ സംഘം വിദ്യാർഥിനികളെ കയറിപ്പിടിക്കുകയും അപമര്യാദയായി പെരുമാറുകയും അശ്ലീല പ്രദർശനം നടത്തിയെന്നും വിദ്യാർഥിനികൾ പറയുന്നു.

ബാത്ത്റൂമിനുള്ളിൽ പലരെയും പൂട്ടിയിട്ടുവെന്നും മണിക്കൂറുകളോളം ശല്യം ചെയ്തുവെന്നും ഗാര്‍ഗി കോളജിലെ ഒരു വിദ്യാർഥി തന്റെ ബ്ലോഗിൽ പറയുന്നു. ‘ജയ് ശ്രീറാം‘എന്ന് വിളിച്ചു കൊണ്ടാണ് ഇവർ അതിക്രമങ്ങൾ നടത്തിയതെന്നും വിദ്യാർഥി കുറിച്ചിട്ടുണ്ട്. ട്രക്കിൽ എത്തിയ സംഘം മണിക്കൂറുകളോളം വിദ്യാർഥിനികളെ ഉപദ്രവിച്ചു. സംഭവത്തിന് സാക്ഷികളായ പലരും ഭയം കാരണം പുറത്ത് പറയാൻ തയ്യാറാകുന്നില്ലെന്നും കൂട്ടിച്ചേർക്കുന്നു.