HomeNewsLatest Newsഇതാ 'അച്ഛാദിൻ': യുപിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞ കുട്ടികള്‍ക്ക് സ്വന്തംചിലവില്‍ ഓക്‌സിജന്‍ എത്തിച്ച ഡോക്ടര്‍ 6...

ഇതാ ‘അച്ഛാദിൻ’: യുപിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞ കുട്ടികള്‍ക്ക് സ്വന്തംചിലവില്‍ ഓക്‌സിജന്‍ എത്തിച്ച ഡോക്ടര്‍ 6 മാസമായി ജയിലിൽ

ഉത്തര്‍പ്രദേശിലെ ഗൊരഘ്പൂരില്‍ സർക്കാർ ആശുപത്രിയില്‍ എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് മുദ്രകുത്തി അധികൃതര്‍ ജയിലിലാക്കിയ ഡോക്ടര്‍ കഫീല്‍ഖാന്‍ ആറു മാസമായി ജാമ്യമില്ലാതെ ജയിലില്‍ തുടരുകയാണ്. ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ടപ്പോള്‍ പുറത്തുനിന്നും ഉടനടി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച വ്യക്തിയാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍.

സിലിണ്ടറുകള്‍ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റ് നിരവധി ആരോപണങ്ങളും കഫീല്‍ഖാന് നേരെയുണ്ടായി. ജില്ലാ മജിസ്‌ട്രേറ്റിന്റെയും ചീഫ് സെക്രട്ടറിയുടേയും അന്വേഷണങ്ങളുമുണ്ടായി. അനുവാദമില്ലാതെ ലീവെടുത്തു, ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി എന്നൊക്കെയാണ് ഇപ്പോള്‍ ഇദ്ദേഹത്തിനുമേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍.

കുട്ടികള്‍ കൂട്ടമായി മരണപ്പെട്ടുകൊണ്ടിരിക്കുന്ന വാര്‍ത്ത പുറത്തു വന്നതോടെ ആശുപത്രിയിലേക്ക് ഇരച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആശുപത്രിക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്ന സ്വകാര്യ ഏജന്‍സിക്ക് ആശുപത്രി അധികൃതര്‍ കുടിശ്ശിക തുക നല്‍കാത്തതിനാലാണ് അവര്‍ പുതിയ സിലിണ്ടറുകള്‍ എത്തിക്കാതിരുന്നതെന്ന് കഫീല്‍ഖാന്‍ വ്യക്തമാക്കിയിരുന്നു.
ഡോക്ടര്‍ കഫീല്‍ഖാന്റെ ഇടപെടലുകളും പുറത്തുനിന്ന് അദ്ദേഹം സിലിണ്ടറുകള്‍ സ്വന്തം ചിലവില്‍ ആശുപത്രിയില്‍ എത്തിച്ചതുമെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് കമ്പനിക്ക് പണം നല്‍കാതിരുന്നതാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന വാര്‍ത്ത പുറത്തുവന്നതോടെ യോഗി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. വിവരം പുറത്തുവിട്ട കഫീല്‍ഖാനോട് അധികൃതര്‍ക്ക് വിദ്വേഷവുമുണ്ടായിരുന്നു. സര്‍ക്കാരിന് ക്ഷീണമുണ്ടാക്കുന്ന സത്യം വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്ന് ഇദ്ദേഹം നേരത്തെ മുതല്‍ ഭീഷണി നേരിട്ടിരുന്നുവെന്ന് ദേശീയ മാധ്യമമായ ‘ദ സിറ്റിസണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുറത്തുനിന്ന് സിലിണ്ടറുകള്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിച്ച് ഹീറോ ആയെന്ന് കരുതുന്നുണ്ടോ? അതൊക്കെ ഞങ്ങള്‍ നോക്കിക്കോളാമെന്നായിരുന്നു കൂട്ടമരണം നടന്ന ആശുപത്രി സന്ദര്‍ശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡോക്ടര്‍ കഫീല്‍ഖാനോട് പറഞ്ഞത്. അത്യാഹിതത്തിന് പിന്നിലെ യഥാര്‍ത്ഥ സംഭവങ്ങളെല്ലാം പുറത്തു വന്നിട്ടും കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഡോക്ടര്‍ കഫീല്‍ഖാന്‍ അറസ്റ്റിലായെന്ന വാര്‍ത്തയാണ് ജനങ്ങള്‍ കേട്ടത്. ആശുപത്രിയില്‍ നിന്ന് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ബിആര്‍ഡി ആശുപത്രിയിയില്‍ നിന്നും തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് സിലിണ്ടറുകള്‍ കടത്തിയെന്നായിരുന്നു കഫീല്‍ഖാന് മേല്‍ പ്രത്യേക അന്വേഷണ സംഘം ആരോപിച്ച കുറ്റം.

ജയിലിലായ അദ്ദേഹത്തെ പിന്നീട് ജനറല്‍ ക്രിമിനല്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ആറുമാസമായിട്ടും ജാമ്യമനുവദിക്കാനുള്ള യാതൊരു നടപടികളുമുണ്ടായിട്ടില്ല. ജാമ്യപേക്ഷകള്‍ കോടതി നിരന്തരം തള്ളുകയാണ് ചെയ്തത്. കഫീല്‍ ഖാനെ കാണാനായി ജയിലില്‍ എത്തുന്നവരെ പൊലീസ് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. അമിത സമ്മര്‍ദ്ദവും അസുഖവുമായതിനാല്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments