മോഫിയ ആത്മഹത്യ കേസ്; സിഎ സുധീറിനെതിരേ പ്രതിഷേധം ശക്തമാകുന്നു; സുധീറിന്റെ കോലം കത്തിച്ച് കോൺഗ്രസ്; ഡിഐജിയുടെ വാഹനം തടഞ്ഞു

96

മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സിഎ സുധീറിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സുധീറിനെതിരായ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും യുഡിഎഫും സമരം ശക്തമാക്കി. അതിനിടെ ചർച്ചയ്ക്കായി എസ്പിയും ഡിഐജിയും സ്‌റ്റേഷനിലേക്ക് വരുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജിയുടെ വാഹനം തടഞ്ഞു. വാഹനത്തിന്റെ ആന്റിന പ്രവര്‍ത്തകര്‍ ഒടിച്ചെടുത്തു. മോഫിയ തന്റെ ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിച്ചിട്ടുള്ള സിഐ സുധീർ ഇന്നും സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയതിനെ തുടര്‍ന്ന് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സമരം ഇപ്പോഴും തുടരുകയാണ്. ബെന്നി ബെഹനാന്‍ എംപിയും സ്ഥലത്തെത്തിയിട്ടുണ്ട്. മുസ്ലിംലീഗ് പ്രതിഷേധവും നടക്കുന്നുണ്ട്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുന്നുണ്ട്. പ്രതിഷേധത്തിനിടെ കോൺഗ്രസും വിദ്യാർത്ഥി സംഘടനകളും സുധീറിൻ്റെ കോലം കത്തിച്ചു. നേതാക്കളുമായി ഡിഐജി നീരജ് കുമാർ ഗുപ്ത കൂടിക്കാഴ്ച നടത്തിയെങ്കിലും സുധീറിനെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടില്ല. ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്.