HomeAround KeralaThrissurതളർന്നു കിടക്കുന്ന ദൈന്യതയിലും സുമതിക്ക് പുഞ്ചിരി മാത്രം; ഏകമകൻ ഒറ്റക്കാവല്ലേ എന്ന പ്രാർത്ഥനയും

തളർന്നു കിടക്കുന്ന ദൈന്യതയിലും സുമതിക്ക് പുഞ്ചിരി മാത്രം; ഏകമകൻ ഒറ്റക്കാവല്ലേ എന്ന പ്രാർത്ഥനയും

അഭയഭവനിലെ സന്ദര്‍ശകരോട് സുമതി സ്ഥിരം ചോദിക്കുന്ന ചോദ്യമുണ്ട് : ‘സുഖാണോ?’ ഉത്തരം പറയാന്‍ ആളുകള്‍ പകച്ചു നില്‍ക്കുമ്പോള്‍ സുമതി വീണ്ടും പറയും : ‘ഞാന്‍ പ്രാര്‍ഥിക്കാട്ടോ’. മതി, അതുമതി; മതിവരാത്ത ഒരുപാട് ആഗ്രഹങ്ങള്‍ക്ക് സംതൃപ്തിയുടെ മതി പറയാന്‍ ‘സുമതി’യുടെ ആ വാക്കുകള്‍ ധാരാളം മതിയാകും.

 

പൊട്ടിപഴുത്ത കാലുകള്‍ രണ്ടും നീട്ടമുള്ള സ്‌പോഞ്ച് കഷ്ണത്തില്‍ കയറ്റി വച്ച് പൊട്ടിപ്പൊളിഞ്ഞ പല്ലുകള്‍ കാട്ടി ചിരിച്ച് വാട്ടര്‍ ബെഡില്‍ നിറപുഞ്ചിരിയോടെ സുമതി പറയുന്നു : ‘വേദനകള്‍ ദൈവം തരുന്നവയാണ്. സഹിക്കാനുള്ള കരുത്തും കൂടെ തരുന്നുണ്ട്. നിരാശയോടെ തളര്‍ന്നാല്‍ ജീവിതം തോല്‍വിയാകും. പ്രതീക്ഷകളോടെ സഹിക്കാനായാല്‍ സംതൃപ്തി മാത്രമേ സ്വന്തമായുണ്ടാകൂ. പരിശുദ്ധ അമ്മ എപ്പോഴും കൂട്ടുണ്ട്; കുരിശില്‍ നിന്നും മകനെ ഇറക്കി താഴെ മടിയില്‍ കിടത്തിയപ്പോള്‍ ആ കണ്ണില്‍ നിറഞ്ഞ ഭാവം എനിക്കു വലിയൊരു ശക്തിയാ’. പതിമൂന്നു വര്‍ഷങ്ങളായി പൊറത്തുശ്ശേരി അഭയഭവനില്‍ സന്ദര്‍ശകര്‍ക്ക് വിസ്മയവും പ്രചോദനവുമായി കീഴ്ത്താണിയിലെ നാരായണ മേനോന്‍ – കമലാക്ഷിയമ്മ ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമത്തവളായ സുമതിയുണ്ട്.

 

 

പത്താം ക്ലാസ് കഴിഞ്ഞ് ഉടനെത്തന്നെ വിവാഹം. പതിനഞ്ച് വയസ് കൂടുതലുള്ള മുല്ലപ്പിള്ളി രാമകൃഷ്ണന്‍ ഭര്‍ത്താവായി ജീവിതത്തിലേക്ക്. വിവാഹത്തിനുശേഷം സ്റ്റെനോഗ്രാഫറായി ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം മുംബൈയിലേക്ക്. ഒരു നാട്ടിന്‍പുറത്തുകാരിയുടെ കൗതുകങ്ങളും അസ്വസ്ഥതകളും ഇടകലര്‍ന്ന യാത്ര. നഗരത്തിന്റെ വേഗതയുടെ ചടുലതകളോടൊപ്പം സുമതിയും ചലിച്ചു തുടങ്ങി. സുമതിയുടെ വാക്കുകള്‍ : ‘ഭാര്യയേക്കാള്‍ കൂടുതല്‍ സ്‌നേഹവും മകളേക്കാള്‍ അധികം വാത്സല്യവും പകുത്തു തന്ന ‘ഏട്ടന്‍’ എന്റെ ജീവിതത്തില്‍ ഒരു ദൈവമായിരുന്നു. കരുതലോടെയാണ് ഓരോ നിമിഷവും എന്നെ കൊണ്ടു നടന്നിരുന്നത്. പ്രായത്തില്‍ ഏറെ മുതിര്‍ന്നതുകൊണ്ട് ഒരു കുഞ്ഞിനെ കൊണ്ടു നടക്കുന്ന ആര്‍ദ്രതയോടെ എന്നെ കൈപിടിച്ചു നടത്തുകയായിരുന്നു. ഇടവേളകളില്‍ പോലും വേദനകളറിയാത്ത കാലം’.

 

 

ജീവിത ചലനത്തില്‍ അസ്വസ്ഥതയുണര്‍ത്തി ഭര്‍ത്താവിന്റെ ജീവിതത്തില്‍ രോഗം അതിഥിയായി എത്തിയത് പെട്ടെന്നായിരുന്നു. ഛര്‍ദ്ദിയെ തുടര്‍ന്നൊരു വയറുവേദന. പ്രമേഹം പെട്ടെന്ന് വര്‍ധിച്ചു. തുടര്‍രോഗങ്ങള്‍ കൂടെകൂടി. നാട്ടിലേക്ക് ചികിത്സയ്ക്കായെത്തിയെങ്കിലും ഏറെ വൈകിയിരുന്നു. 51-ാമത്തെ വയസില്‍ രോഗങ്ങളില്ലാത്ത ലോകത്തേയ്ക്ക്. 36കാരിയായ ഭാര്യയും രണ്ടു മക്കളും ജീവിതത്തിന്റെ അനശ്ചിതത്വങ്ങള്‍ക്കു നടുവില്‍ തീരുമാനങ്ങളെടുക്കാനാകാതെ…

 

 

അല്‍പമെങ്കിലും ആശ്വാസമായത് മൂത്തമകളെ ചെറുപ്പത്തിലേ വിവാഹം ചെയ്തയച്ചപ്പോഴാണ്. ഒറ്റയ്ക്ക് എട്ടുവയസുകാരന്‍ മകനുമൊത്തുള്ള ജീവിതം പേടിയുടേതായിരുന്നു. ഉപദ്രവങ്ങള്‍ പലതലങ്ങളിലായിരുന്നു. രക്ഷതേടിയുള്ള യാത്രകള്‍ക്കിടയില്‍ വീണ്ടും മാതാപിതാക്കള്‍ തന്നെ അഭയമായി. അച്ഛന്റെയും അമ്മയുടെയും തണലില്‍ വീണ്ടും ജീവിതം സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങിയപ്പോഴാണ് അപകട രൂപത്തില്‍ ദുരന്തമെത്തിയത്. പപ്പായ പറിക്കാന്‍ ടറസിന്റെ മുകളില്‍ നിന്ന് തോട്ടികൊണ്ട് കുത്തിയതാ… നിലതെറ്റി താഴേക്ക്… ബോധരഹിതയായി ഏറെനേരം… അയല്‍പക്കകാര്‍ കൂടി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കഴുത്തിനു താഴെ തളര്‍ന്നിരുന്നു. സ്‌പൈനല്‍കോഡിന്റെ ക്ഷതം ചികിത്സിച്ചു ഭേദപ്പെടുത്താനാവില്ലെന്ന് വൈദ്യശാസ്ത്രം. ആയുര്‍വേദവും ഫിസിയോതെറാപ്പിയും പരീക്ഷിച്ചെങ്കിലും തളര്‍ച്ചയെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ സുമതി തയ്യാറെടുത്തിരുന്നു.

 

 
ഒറ്റപ്പെടലിന്റെ തീവ്രതയറിഞ്ഞപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് അനിവാര്യമായി വന്നു. തളര്‍ന്നിരിക്കുന്ന ഈ അവസ്ഥയില്‍ ആരും തുണയില്ലാതാകുമ്പോള്‍ അഗതികള്‍ക്കായി ഇരിങ്ങാലക്കുട രൂപതയൊരുക്കിയ പൊറത്തുശ്ശേരിയിലെ അഭയഭവനില്‍ അംഗമാവുക. പുല്ലൂര്‍ ആശുപത്രിയിലെ സന്യാസിനികളാണ് ‘അഭയ ഭവനെ’ക്കുറിച്ച് സുമതിയെ അറിയിച്ചത്. വൈകാതെ തളര്‍ന്നു കിടക്കുന്ന മുതിര്‍ന്ന സ്ത്രീകള്‍ പാര്‍ക്കുന്ന അഭയഭവനിലെ വാര്‍ഡിലെ സ്ഥിരാംഗമായി സുമതി.

 

 
ചില തെറ്റിധാരണകളുടെ പേരില്‍ അമ്മയെ കാണാന്‍ എട്ടുവര്‍ഷത്തോളം വരാതിരുന്ന മകനുവേണ്ടിയാണ് സുമതിയുടെ പ്രാര്‍ഥന മുഴുവന്‍. അനങ്ങനാവാത്ത അവസ്ഥയില്‍ ആരും തുണയില്ലാത്ത അവന്റെ ജീവിത ചര്യകളെകുറിച്ചുള്ള ഉല്‍കണ്ഠയായിരുന്നു തളര്‍ച്ചയേക്കാള്‍ മനസിനെ അസ്വസ്ഥമാക്കിയിരുന്നത്. എന്നാൽ, പിണക്കങ്ങള്‍ മാറി എട്ടു വര്‍ഷത്തിനുശേഷം മകനെത്തിയപ്പോള്‍ ഒമ്പതു മാസം ചുമന്നുനടന്ന മകനെ കൈയില്‍ കിട്ടിയതിന്റെ നൂറിരട്ടി സന്തോഷമായിരുന്നു മനസുനിറയെ. ‘കണ്ണുനിറയെ കണ്ടു. വിങ്ങിപ്പൊട്ടി കരഞ്ഞു. കൈകള്‍ തളര്‍ന്നിരുന്നതുകൊണ്ട് ഒന്നു തൊടാനായില്ല. കെട്ടിപിടിച്ചുമ്മ വയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷേ അവന്‍ ഒരുപാട് വലുതായി. തളര്‍ന്നെങ്കിലും അവനെ അവനാക്കാന്‍ പ്രാര്‍ഥനകൊണ്ട് ആയുസു മുഴുവന്‍ അവന് അനുഗ്രഹം നേരുന്നുണ്ടെന്ന് മനസില്‍ പറഞ്ഞു…’ സുമതിയുടെ വാക്കുകള്‍ പാതിവഴിയില്‍ മുറിഞ്ഞു. പിന്നെ ഏങ്ങലായിരുന്നു. ”അവന്റെ വിവാഹം നടക്കണം. അവനെ കൈയില്‍ കിട്ടിയപ്പോള്‍ മനസില്‍ വരച്ചിട്ട സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകണം. അപകടങ്ങളില്ലാതെ, അച്ഛനും അമ്മയും സ്വന്തങ്ങളും കൂട്ടില്ലെന്ന ചിന്ത അസ്വസ്ഥതകള്‍ ഉണര്‍ത്താതെ ഒറ്റപ്പെട്ട വീട്ടില്‍ സ്വസ്ഥമായി ജീവിക്കാന്‍ അവനാകണം. നന്മകള്‍ സമൃദ്ധമായ നല്ല നാളേകള്‍ അവനുണ്ടാകണം. അവന്റെ കൂടെയായിരിക്കാനും അവനായി ജീവിക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല, സാധിക്കാഞ്ഞിട്ടല്ലേ. എന്റെ കുട്ടി, തെറ്റി പോകാതെ വല്യ ആളാകണം’. സുമതി ചേച്ചി പറഞ്ഞു നിറുത്തി. ആയുസും ആരോഗ്യവുമുള്ളപ്പോള്‍ മക്കളെ അവരാഗ്രഹിക്കുന്ന പോലെ സ്‌നേഹിക്കാന്‍ എല്ലാ അമ്മമാര്‍ക്കും ആയിരുന്നെങ്കില്‍! അമ്മേ എന്നു വിളിച്ച് വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ സ്‌നേഹവും വാത്സല്യവും വിളമ്പി തരുന്ന അമ്മമാരെ മക്കള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍.

നമ്പർ അറിയാൻ മാത്രമല്ല; ട്രൂകോളര്‍ കൊണ്ട് വേറെ 8 കാര്യങ്ങൾ കൂടി അറിയാം

അടിമാലിയിൽ വയറു വേദനയുമായി വന്ന പെൺകുട്ടി പറഞ്ഞത്‌ ഞെട്ടിക്കുന്ന കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments