HomeFOODഓർമകളിൽ നഷ്ടപ്പെടുന്ന എന്റെ ബാല്യം.....

ഓർമകളിൽ നഷ്ടപ്പെടുന്ന എന്റെ ബാല്യം…..

എന്‍റെ വീട്ടിലെ മാത്രം കഥയായിരിക്കില്ല…… ചിലപ്പോള്‍ എന്നെ പോലെ സാധാരണക്കാരായ ഒരുപാട് പേരുടെ വീട്ടിലെ കഥയായിരിക്കും…

പണ്ടൊക്കെ പറയാതെ വീട്ടിലേക്ക് വരാന്‍ ഒരുപാട് വിരുന്നുകാരുണ്ടായിരുന്നു….  അമ്മ അവരെ സ്വീകരിച്ചിരുത്തി അടുക്കളയിലേക്ക് പോയി അടുപ്പത്ത് ചായക്ക് വെള്ളം വച്ച് ചായപ്പൊടി പാത്രം തുറന്ന് നോക്കിയാല്‍ ചിലപ്പോള്‍ ചായപ്പൊടി  തീര്‍ന്നിട്ടുണ്ടാവും… ഇനി ചായപ്പൊടി ഉണ്ടേല്‍ പഞ്ചാര തീര്‍ന്നിട്ടുണ്ടാവും. ഇനി ഇത് രണ്ടും ഉണ്ടേല്‍ പലഹാര പാത്രത്തില്‍ പലഹാരം തീര്‍ന്നിട്ടുണ്ടാവും …. ആ സമയത്ത് അമ്മക്കൊരു വെപ്രാളമുണ്ട്……

അമ്മയുടെ കയ്യില്‍ കാശ് കൊടുക്കുന്ന പതിവ് അച്ചനില്ലാത്തത് കൊണ്ട് അമ്മ വേഗം എന്നോട് പറയും നീ ഓടി ചെന്ന് തൊട്ടടുത്ത രാമേട്ടന്‍റെ കടയില്‍ നിന്ന് 100 ഗ്രാം ചായപ്പൊടി , 250 ഗ്രാം പഞ്ചസാര , 250 ഗ്രാം കായവറുത്തത് , രണ്ട് പാക്ക് ബിസ്ക്കറ്റ് എന്നിവ ഓടി പോയി വാങ്ങി കൊണ്ട് വരാന്‍…. അപ്പോ കാശ് എവിടേന്ന് ഞാന്‍ ചോദിച്ചാല്‍ അമ്മ പറയും വൈകുന്നേരം അച്ചന്‍ തരുമെന്ന് പറഞ്ഞാ മതിയെന്ന്…

വേഗം ഒരു സഞ്ചി എടുത്ത്  സാധനം കുറിച്ചു തന്ന് അമ്മ സ്വകാര്യമായിട്ട് പറയും ” നീ സാധനം കൊണ്ട് വരുമ്പോള്‍ വിരുന്നുകാര് കാണാതെ അടുക്കള വശത്തൂടെ കൊണ്ടോന്നാ മതിട്ടോന്ന് ”

ഞാന്‍ പിന്നെ ഒരോട്ടമാണ്…  വിരുന്നുകാരോട് സംസാരിക്കുമ്പോഴും അമ്മയുടെ  നോട്ടം മുഴുവന്‍ ഞാന്‍ വരുന്നുണ്ടോന്നായിരിക്കും… അതിനിടയില്‍ ചായക്ക് വച്ച വെള്ളം തിളച്ച് മറിയുന്നുണ്ടായിരിക്കും…..

ഞാന്‍ വേഗം സാധനങ്ങള്‍ വാങ്ങി ഓടി ചാടി അടുക്കള ഭാഗത്തൂടെ പമ്മി പമ്മി വരുമ്പോഴാവും ടിപ്പു പട്ടി എന്നെ കണ്ട് കുരച്ച് സ്നേഹം കാണിക്കുക.. മിണ്ടല്ലെടാ, വിരുന്നുകാര് കേള്‍ക്കും എന്ന് ആംഗ്യം കാണിച്ച് നേരെ അടുക്കളയിലേക്ക് കയറുമ്പോള്‍ അമ്മയുടെ ചോദ്യം ” ഇത്ര നേരവും എവ്ടെയായിരുന്നൂന്ന് ”

അമ്മ വേഗം ചായ തയ്യാറാക്കി.. പലഹാരമെല്ലാം പാത്രത്തില്‍ ഒരുക്കി വച്ച് എന്നോട് പതിവ് ഉപദേശമാണ് ” ദേ നോക്ക്യേ , അവര് കൂടെയിരുന്ന് ചായ കുടിക്കാന്‍ കുറെ വിളിക്കും അപ്പോ വേണ്ട വേണ്ടാന്ന് പറയണം, പിന്നെ അവര് കഴിക്കുന്ന സമയത്ത് അവരുടെ വായയിലേക്ക് നോക്കി നില്‍ക്കരുത് , കേട്ടല്ലോ ”

ശരി അമ്മേ എന്ന് തലയാട്ടി ഞാന്‍ അടുക്കളയില്‍ തന്നെ നില്‍ക്കും.. പെട്ടെന്ന് എന്തോ ഒരു ബാഹ്യശക്തിയുടെ പ്രേരണയാല്‍ ഉറുമ്പരിക്കുന്ന വേഗതയില്‍ ഞാന്‍  നേരെ വിരുന്നുകാര്‍ക്ക് കാണതക്കവിധം  എത്തിയിട്ടുണ്ടാവും…

വായയില്‍ ഷര്‍ട്ടിന്‍റെ തുമ്പ് കടിച്ച് നാണം കുണുങ്ങി നില്‍ക്കുന്ന എന്നെ കണ്ടതും വിരുന്നുകാര് സ്നേഹത്തോടെ കൂടെയിരുന്ന് ചായ കുടിക്കാന്‍ വിളിക്കും.. അത് കേട്ട് അമ്മ പറയും അവനിപ്പോ കുടിച്ചതേ ഉള്ളൂവെന്ന് …കൂടെ എന്‍റെ കൈ മുറുക്കി ഒരു പിടുത്തവുമാണ്..

അവര് പിന്നെയും നിര്‍ബന്ധിക്കുമ്പോള്‍  ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കും… അമ്മ വേണ്ടാന്ന് കണ്ണുരുട്ടും…. പിന്നെയും അവര് നിര്‍ബന്ധിച്ചാല്‍ പിന്നെ ഒന്നും നോക്കാതെ അമ്മയുടെ കൈ കുതറി മാറ്റി നേരെ അവരുടെ അടുത്ത് പോയി ഒരൊറ്റ ഇരുത്തമാണ്… ആദ്യം അവര് എടുത്ത് തരുന്നത് വരെ നാണം കുണുങ്ങി നില്‍ക്കുമെങ്കിലും പിന്നെ കയ്യിട്ടെടുക്കാന്‍ തുടങ്ങും… ഇതിനിടയില്‍ അറിയാതെ അമ്മയുടെ മുഖത്തേക്ക് നോക്കിയാല്‍ കാണാം കലികൊണ്ട് നില്‍ക്കുന്നത്…..

ചായ കുടിച്ച് വിരുന്നുകാര് എണീറ്റാല്‍ അമ്മ ബാക്കി വന്ന പലഹാരം അടുക്കളയില്‍ കൊണ്ട് വച്ച് കുറച്ച് നേരം വര്‍ത്തമാനം പറഞ്ഞ് അവരെ യാത്രയാക്കാന്‍ പുറത്തിറങ്ങിയ നേരം ഞാന്‍ അടുക്കളയിലേക്ക് ഒരൊറ്റ ഓട്ടമാണ്.. പിന്നെ രണ്ട് കീശയിലും പലഹാരം കുറച്ച്  വാരിയെടുത്ത് നിറച്ച് നേരെ പറമ്പിലേക്ക് ഒരോട്ടമാണ്…

പറമ്പിലെത്തി കീശേന്ന് പലഹാരമെടുത്ത് വായയിലേക്കിട്ട് കാക്കയോടും പൂച്ചയോടും വര്‍ത്താനം പറഞ്ഞ് ചവച്ചരച്ച് നടക്കുന്നതിനിടയില്‍ അടുക്കളയില്‍ നിന്ന് കേള്‍ക്കാമായിരുന്നു ” നീ ഇങ്ങോട്ട് വാ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്, ഞാനവരുടെ ഇടയില്‍ നാണം കെട്ടുപോയി, അച്ചനിങ്ങു വരട്ടെ, നിന്‍റെ പലഹാരകൊതി ഞാന്‍ മാറ്റിതരാം എന്ന് ”….

കാലം ഒരുപാട് മാറി…. ഇന്നിപ്പോ വീട്ടില്‍ നാലഞ്ചുകൂട്ടം പലഹാരമായി… കൈ കൊണ്ടെടുക്കില്ല പലരും… സ്പൂണ്‍ വേണം ….

ഈ സമൃദ്ധിയിലും എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപ്പെട്ടത് പോലെ….. അറിയില്ല…. ചിലപ്പോള്‍ എന്‍റെ വെറും തോന്നലായിരിക്കും…..!!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments