മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹാസ്യജോഡികളിൽ ഒന്നാണു ജഗതി ശ്രീകുമാർ-കല്പന. ഇരുവരും ഒന്നിച്ചഭിനയിച്ചപ്പോൾ നിരവധി കോമഡി ക്ലാസിക്കുകളാണു പിറന്നത്. കുറേ വേഷങ്ങൾ തനിയ്ക്കൊപ്പം അഭിനയിച്ച് അനശ്വരയാക്കിയ നടി മരിച്ചതിൽ ഒന്നു പൊട്ടിക്കരയാൻ പോലുമാകാതെ ഉള്ളിൽ നീറുന്ന വേദന കടിച്ചമർത്തിക്കഴിയുകയാണ് ജഗതി ശ്രീകുമാർ.
ടിവി വയ്ക്കാൻ വീട്ടുകാരോട് ആവശ്യപ്പെട്ട ജഗതി ആദ്യം കണ്ടതു കൽപ്പനയുടെ മരണവാർത്തയാണ്. ഒന്നും പറയാനാവാതെ ഇരുന്ന ജഗതി , അൽപ്പനേരം കഴിഞ്ഞപ്പോൾ ടിവി ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീട്, ഒന്നും മിണ്ടാതെ സ്വന്തം കിടപ്പുമുറിയിലേയ്ക്ക് പോയി. തുടർന്നു കട്ടിലിൽ മുഖം അമർത്തി ജഗതി കിടക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറഞ്ഞത്. ജഗതിയുടെ പ്രതികരണം അദ്ദേഹത്തിനൊപ്പമുള്ളവരെയെല്ലാം വേദനയിലാഴ്ത്തുകയും ചെയ്തു. പോയ കാലത്ത് താനും കല്പനയുമായി ചെയ്ത ഓരോ ഹിറ്റ് ചിത്രങ്ങളുടെ നിമിഷങ്ങളും ആ മനസ്സിൽ മിന്നി മറഞ്ഞിട്ടുണ്ടാവണം. ജോഡികളായും കോമ്പിനേഷൻ സീനുകളിലും ഒട്ടേറെ തവണ ജഗതിയും കൽപനയും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒന്നിനൊന്നു മികച്ചു നിന്ന ഇതുപോലുള്ള ഹാസ്യജോഡികളെ കണ്ടെത്താൻ ഇനി കഴിയുമോ എന്ന കാര്യവും സംശയമാണ്. എന്നോട് മത്സരിക്കാൻ കൽപ്പന മാത്രമേ ഉള്ളൂ എന്നു ജഗതി തന്നെ പറഞ്ഞിട്ടുമുണ്ട്.