സംസ്ഥാനത്ത് ഇന്നു മുതല്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറു വരെ നിയന്ത്രണം നിലവില്‍ വരുന്നു. ഇത് സംബന്ധിച്ച് രാത്രിയില്‍ ആര്‍ക്കൊക്കെ സഞ്ചരിക്കാം എന്നതില്‍ ചീഫ് സെക്രട്ടറി വ്യക്തമായ ഉത്തരവിറക്കി. അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കും,ആശുപത്രിയുമായി ബന്ധപ്പെട്ട അത്യാവശ്യത്തിനും, അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും രാത്രികാലങ്ങളില്‍ സഞ്ചരിക്കാം. കൂടാതെ ട്രെയിന്‍, വിമാനം, കപ്പല്‍ എന്നിവയില്‍ എത്തിച്ചേര്‍ന്നവര്‍ക്കു അവരുടെ യാത്രാ ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ തടസമുണ്ടാകില്ല. ചരക്കു വാഹനങ്ങള്‍ക്കും സഞ്ചാര അനുമതി ഉണ്ട്. അടിയന്തര ആവശ്യമുള്ള മറ്റേതെങ്കിലും യാത്രകള്‍ ആവശ്യമുള്ളവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
കോവിഡിെന്റ തീവ്രവ്യാപനം നിലനില്‍ക്കുന്ന, പ്രതിവാര രോഗബാധ-ജനസംഖ്യാനുപാത നിരക്ക് (ഡബ്ല്യു.െഎ.പി.ആര്) ഏഴ് ശതമാനത്തില്‍ കൂടുതലുള്ള പഞ്ചായത്തുകളിലും നഗരവാര്ഡുകളിലും തീവ്രവും ശക്തവുമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉത്തരവ്. ഇത്തരം വാര്‍ഡുകളുടെയും പഞ്ചായത്തുകളുടെയും പട്ടിക ആഗസ്റ്റ് 29 മുതല്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി തയാറാക്കി പ്രസിദ്ധീകരിക്കണം. ഇത്തരം ഭാഗങ്ങളെ മൈക്രോ കെണ്ടയ്ന്മെന്റ് മേഖലകളാക്കി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍മാര്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഇന്നലെ നഗര, ഗ്രാമ പ്രദേശങ്ങളിലും പ്രധാന റോഡുകളിലും കവലകളിലും പൊലീസ് പരിശോധന കര്‍ക്കശമാക്കിയിരുന്നു. അതേസമയം സര്‍ക്കാര്‍ നിയന്ത്രണം കടുത്തതായിരിക്കുമെന്ന സൂചന വ്യക്തമായതോടെ പൊതുജനങ്ങളും നിരത്തില്‍ അനാവശ്യമായി ഇറങ്ങിയില്ല.