HomeWorld NewsGulfസൗദിയിൽ മലയാളിക്ക് സ്പോൺസറിന്റെ ചതി !! കേസ് കൊടുത്തപ്പോൾ സ്പോൺസറിന്റെഎ ക്രൂരത വീണ്ടും; ഒടുവിൽ ബിനീഷ്...

സൗദിയിൽ മലയാളിക്ക് സ്പോൺസറിന്റെ ചതി !! കേസ് കൊടുത്തപ്പോൾ സ്പോൺസറിന്റെഎ ക്രൂരത വീണ്ടും; ഒടുവിൽ ബിനീഷ് നാടണഞ്ഞു !!

അല്‍ഹസ്സ: ശമ്പളം കിട്ടാതെയും, നിയമക്കുരുക്കുകൾ മൂലവും ദുരിതത്തിലായ മലയാളി യുവാവിന് നവയുഗം സാംസ്കാരികവേദി അൽ ഹസ്സ മേഖല കമ്മിറ്റി ജീവകാരുണ്യവിഭാഗം തുണയായി. നവയുഗത്തിന്റെ സഹായത്തോടെ ആറു മാസം നീണ്ട നിയമപോരാട്ടങ്ങൾ വിജയിച്ച് കന്യാകുമാരി സ്വദേശിയായ ബിനീഷ് നാടണഞ്ഞു. ഏറെ പ്രതീക്ഷകളോടെ രണ്ടു വർഷങ്ങൾക്ക് മുൻപാണ്, അൽ ഹസ്സയിൽ ഒരു ജ്യൂസ് കടയിൽ ബിനീഷ് ജോലിയ്ക്ക് എത്തിയത്. എന്നാൽ വളരെ തിക്തമായ അനുഭവങ്ങളാണ് ജോലിസ്ഥലത്ത് അയാൾക്ക്‌ നേരിടേണ്ടി വന്നത്. ശരിയായ താമസസൗകര്യമോ, ഭക്ഷണമോ, മറ്റു മെഡിക്കൽ ആനുകൂല്യങ്ങളോ ലഭിയ്ക്കാതെ വളഞ്ഞ ബിനീഷിന് പലപ്പോഴും പന്ത്രണ്ടു മണിക്കൂറിൽ കൂടുതൽ ആ കടയിൽ ജോലി ചെയ്യേണ്ടി വന്നു.

എന്നാൽ ശമ്പളം രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വല്ലപ്പോഴുമേ കിട്ടിയുള്ളൂ. സ്പോൺസറോട് ചോദിച്ചാൽ എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞ് അടുത്ത മാസം ഒരുമിച്ചു തരാമെന്നു പറയും. അഞ്ചു മാസത്തിലധികം ശമ്പളം കുടിശ്ശികയായപ്പോൾ ബിനീഷ് ശക്തമായി പ്രതികരിച്ചു. ശമ്പളം തന്നില്ലെങ്കിൽ ജോലി ചെയ്യില്ലെന്ന് അയാൾ സ്പോൺസറോട് തറപ്പിച്ചു പറഞ്ഞു. എന്നാൽ കടയുടെ ആവശ്യത്തിനായി പോയപ്പോൾ, തന്റെ വാഹനം അപകടത്തിൽ പ്പെടുത്തി ബിനീഷ് ഏഴായിരം റിയാലിന്റെ സാമ്പത്തികനഷ്ടം ഉണ്ടാക്കിയെന്നും, അതിനാൽ ആ പണം മുഴുവൻ പിടിയ്ക്കാതെ ശമ്പളം തരില്ല എന്ന പുതിയ ന്യായമാണ് സ്പോൺസർ പറഞ്ഞത്. പിന്നീട് ബിനീഷിന് ശമ്പളമേ കിട്ടാതെയായി.

ആകെ ദുരിതത്തിലായ ബിനീഷ് സഹായം തേടി പല സംഘടനകളെയും വ്യക്തികളെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈൻ കുന്നിക്കോടിനെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചു. ഹുസ്സൈൻ കുന്നിക്കോട് നവയുഗം അൽഹസ്സ ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളിയെ ഈ കേസ് ഏൽപ്പിച്ചു. അബ്ദുൾ ലത്തീഫിന്റെയും, നവയുഗം ജീവകാരുണ്യപ്രവർത്തകൻ മണി മാർത്താണ്ഡത്തിന്റെയും സഹായത്തോടെ ബിനീഷ് ലേബർ കോടതിയിൽ സ്പോണ്സർക്കെതിരെ കേസ് കൊടുത്തു.

എന്നാൽ അതിനു പ്രതികാരമായി, തന്റെ ഓഫീസിലെ അയ്യായിരം രൂപയും പാസ്പ്പോർട്ടും ബിനീഷ് മോഷ്ടിച്ചു എന്നാരോപിച്ചു സ്പോൺസർ പോലീസിൽ കള്ളക്കേസ് കൊടുത്തു. പോലീസ് ബിനീഷിനെ അറസ്റ്റ് ചെയ്‌തെങ്കിലും, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി ഇടപെട്ട് ജാമ്യത്തിൽ ഇറക്കി. വിവിധ കോടതികളിലായി നവയുഗത്തിന്റെ സഹായത്തോടെ ആറുമാസത്തോളം നീണ്ട നിയമയുദ്ധങ്ങൾ ബിനീഷ് നടത്തി. മോഷ്ടിച്ചതും, അപകടത്തിൽ വന്ന നഷ്ടവും ഉൾപ്പെടെ തനിയ്ക്ക് വിവിധ ഇനങ്ങളിലായി പതിനേഴായിരം റിയാൽ ബിനീഷ് തരാനുണ്ടെന്നായിരുന്നു കോടതിയിൽ സ്‌പോൺസറുടെ വാദം. ഇതിനെതിരെ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളിയും, മണിമാർത്താണ്ഡവും കോടതികളിൽ ബിനീഷിനായി ശക്തമായി വാദിച്ചു.

ഒടുവിൽ അമീർ കോർട്ടിൽ കേസ് വാദം പൂർത്തിയായപ്പോൾ, സത്യം മനസ്സിലാക്കിയ അമീർ സ്പോൺസറോട്, ബിനീഷിന്റെ കേസിൽ കോടതിയ്ക്ക് പുറത്തു ഒത്തുതീർപ്പ് ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. താൻ കേസിൽ തോൽക്കുമെന്ന് മനസ്സിലായ സ്പോൺസർ ഒത്തുതീർപ്പിന് തയ്യാറായി. നവയുഗം ജീവകാരുണ്യ പ്രവർത്തകരുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾക്ക് ഒടുവിൽ, ബിനീഷിന് ഫൈനൽ എക്സിറ്റും, വിമാനടിക്കറ്റും, ഒരു മാസത്തെ ശമ്പളവും നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു. വേഗത്തിൽ നിയമനടപടികൾ പൂർത്തിയാക്കി, തന്നെ സഹായിച്ച നവയുഗത്തിന് നന്ദി പറഞ്ഞ്, ബിനീഷ് നാട്ടിലേയ്ക്ക് മടങ്ങി.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments