HomeWorld NewsGulfമലയാളി യുവാവിന്റെ റോബോട്ട് പോലീസ് നായയെ ഏറ്റെടുത്ത് ദുബായ് പോലീസ്; പ്രവാസി മലയാളികൾക്ക് അഭിമാനിക്കാവുന്ന കണ്ടുപിടുത്തം

മലയാളി യുവാവിന്റെ റോബോട്ട് പോലീസ് നായയെ ഏറ്റെടുത്ത് ദുബായ് പോലീസ്; പ്രവാസി മലയാളികൾക്ക് അഭിമാനിക്കാവുന്ന കണ്ടുപിടുത്തം

ക്രൈം നടന്ന സ്‌ഥലത്ത്‌ മണം പിടിച്ചു കുറ്റവാളിയെ കണ്ടെത്താന്‍ പോലീസ്‌ നായകളെ ഉപയോഗിക്കാറുണ്ട്. എന്നാൽ, സംഭവസ്‌ഥലത്തെ ഓരോ തെളിവും സൂക്ഷ്‌മമായി ഒപ്പിയെടുക്കാന്‍ ശേഷിയുള്ള അത്യാധുനിക യന്ത്രനായയ്‌ക്കു രൂപകല്‍പന നടത്തിയിരിക്കുകയാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ടി.സി. ടെല്‍വിൻ. കുറ്റാന്വേഷണ രംഗത്തെ സാങ്കേതിക വളര്‍ച്ചയില്‍ വഴിത്തിരിവാകാവുന്ന ഈ കണ്ടുപിടിത്തം ഇപ്പോള്‍ ദുബായ്‌ പോലീസിന്റെ മുന്നിലാണ്‌. പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ദുബായ്‌ പോലീസ്‌ അതു സംബന്ധിച്ച്‌ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ തേടിയിരിക്കുകയാണെന്നു ടെല്‍വിന്‍ (23) പറഞ്ഞു.

പോലീസ്‌ നായ സ്‌ഥലത്തെത്തി മണംപിടിച്ചു കുറ്റവാളിയെ കണ്ടെത്തുമ്പോൾ ഇദ്ദേഹത്തിന്റെ റോബോട്ടിന്റെ പ്രവർത്തനം മറ്റൊരു തലത്തിലാണ്‌. കുറ്റകൃത്യം നടന്ന സ്‌ഥലത്തു പതിഞ്ഞിട്ടുള്ള അസാധാരണമായ ഏതു തെളിവും റോബോട്ട്‌ പിടിച്ചെടുക്കും. ഫോറന്‍സിക്‌ പരിശോധനയ്‌ക്കായി ശേഖരിക്കുന്ന വിരലടയാളം, തെളിവായി മാറാവുന്ന മറ്റ്‌ അടയാളങ്ങള്‍, കുറ്റവാളി ഉപയോഗിച്ച ആയുധത്തിന്റെ പ്രത്യേകത എന്നിവ നിര്‍ണയിക്കാനുള്ള ശേഷി തന്റെ റോബോട്ടിന്‌ ഉണ്ടായിരിക്കുമെന്നു ടെല്‍വിന്‍ അവകാശപ്പെടുന്നു. സാധാരണ പരിശോധനാ ഉദ്യോഗസ്‌ഥര്‍ക്കു കണ്ടെത്താന്‍ കഴിയുന്നതിന്റെ പതിന്മടങ്ങ്‌ ശേഷിയുള്ള നിരീക്ഷണ സംവിധാനമാണു റോബോട്ടിന്‌ ഉണ്ടാവുക. തന്റെ പരീക്ഷണത്തിന്‌ സംസ്‌ഥാന പോലീസിന്റെയും പിന്തുണ തേടുകയാണു മോട്ടിവേഷണല്‍ പ്രഭാഷകന്‍ കൂടിയായ ഈ യുവാവ്‌.

2016 ല്‍ സ്‌ത്രീ സുരക്ഷയ്‌ക്കുവേണ്ടി വികസിപ്പിച്ച ലേഡീസ്‌ വാച്ചായിരുന്നു ആദ്യ സംരംഭം. പിങ്ക്‌ പട്രോളിങ്‌ ആരംഭിച്ചതിനാല്‍ തല്‍ക്കാലം കാത്തിരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട്‌ കൊച്ചിയിലെ ചില കോളജ്‌ വിദ്യാര്‍ഥികള്‍ ചെറിയ മാറ്റങ്ങളോടെ ഈ വാച്ച്‌ അവതരിപ്പിച്ചത്‌ തന്റെ സാങ്കേതിക വിദ്യ ചോര്‍ന്നതുകൊണ്ടാണെന്ന്‌ ടെല്‍വിന്‍ കരുതുന്നു. വാഹനാപകടം രണ്ടു ശതമാനമായി കുറയ്‌ക്കാന്‍ കഴിയുന്ന ട്രാഫിക്‌ കണ്‍ട്രോള്‍ സിസ്‌റ്റവും ഗതാഗതവകുപ്പിന്റെ അംഗീകാരത്തിന്‌ സമര്‍പ്പിച്ച്‌ കാത്തിരിക്കുകയാണ്‌. സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാതെ വാഹനം സ്‌റ്റാര്‍ട്ടാവാത്ത സംവിധാനം, അടിയന്തരമായി ആംബുലന്‍സ്‌ വരുമ്പോള്‍ ഓട്ടോമാറ്റിക്കായി സിഗ്നല്‍ ക്രമീകരിക്കുന്ന സാങ്കേതിക വിദ്യ, മനോനില മാറുന്നതനുസരിച്ച്‌ വാഹനത്തിന്റെ നിയന്ത്രണം കൈവിടാതിരിക്കാനുള്ള ശിരസില്‍ ഘടിപ്പിക്കാവുന്ന മൈന്‍ഡ്‌ ക്യാപ്‌ തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങൾ ഉടൻ പുറത്തിറങ്ങുമെന്ന് ടെൽവിൻ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments