HomeWorld NewsGulfഖത്തർ ജോലി; മെഡിക്കൽ പരിശോധന ഇനി തൊഴിലാളിയുടെ അതേനാട്ടിൽ ചെയ്യാം

ഖത്തർ ജോലി; മെഡിക്കൽ പരിശോധന ഇനി തൊഴിലാളിയുടെ അതേനാട്ടിൽ ചെയ്യാം

വീസയുമായി ബന്ധപ്പെട്ട നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ അതതു രാജ്യങ്ങളിൽ നടത്തുന്നതിനു ഖത്തർ അനുമതി നൽകി. സിംഗപ്പൂർ ആസ്ഥാനമായ ബയോമെറ്റ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുക. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അഹമ്മദ് അൽ അതീഖും ബയോമെറ്റ് മാനേജർ സുരേഷ്കുമാറും ഒപ്പുവച്ചു. ഇന്റർനാഷനൽ കോഓപ്പറേഷൻ വിഭാഗം ഡയറക്ടർ മേജർ ജനറൽ അബ്ദുൽ അസീസ് അബ്ദുല്ല അൽ അൻസാരി, ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെ ബ്രിഗേഡിയർ അബ്ദുല്ല സലിം അൽ അലി, ക്രിമിനൽ എവിഡൻസസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ നാസർ അൽ മഹ്മൂദ്, മെഡിക്കൽ കമ്മിഷൻ ഡയറക്ടർ ഡോ. ഇബ്രാഹിം അൽ ഷാർ എന്നിവർ പങ്കെടുത്തു.

ഇന്ത്യയ്ക്കു പുറമേ നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, തുനീസിയ എന്നീ രാജ്യങ്ങളിലാണു പദ്ധതിപ്രകാരം സർവീസ് കേന്ദ്രങ്ങൾ തുറക്കുക. ഖത്തറിന്റെ മൊത്തം തൊഴിലാളികളിൽ 80 ശതമാനവും ഈ രാജ്യങ്ങളിൽനിന്നാണ്. ഇവർക്കു ഖത്തറിൽ താമസിക്കുന്നതിനുള്ള നടപടിക്രമങ്ങൾ (റസിഡൻസ് പെർമിറ്റ്) ലളിതമാക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും. നിശ്ചിത ഫീസ് ഈടാക്കിയാവും സർവീസ് കേന്ദ്രങ്ങൾ വഴിയുള്ള സേവനം. വീസ ലഭിച്ചതിനുശേഷം ഖത്തറിലേക്കുള്ള യാത്ര ആരംഭിക്കുന്നതുവരെയുള്ള കാര്യങ്ങൾ ഈ സേവനകേന്ദ്രങ്ങൾ വഴിയാകും. മെഡിക്കൽ പരിശോധന, ബയോമെട്രിക് വിവരശേഖരണം, വിരലടയാള പരിശോധന, തൊഴിൽ കരാർ ഒപ്പുവയ്ക്കൽ എന്നീ കാര്യങ്ങളാണ് ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുക.

അതതു രാജ്യങ്ങളിൽ പരിശോധന പൂർത്തിയാക്കിയവരെ ഖത്തറിൽ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിലെ റിക്രൂട്മെന്റ് സപ്പോർട്ട് സർവീസസ് വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ അബ്ദുല്ല ഖലീഫ അൽ മുഹന്നദി പറഞ്ഞു. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെയും മറ്റു രേഖകളുടെയും പരിശോധന, വേതന സംരക്ഷണ സംവിധാനം തുടങ്ങിയ കാര്യങ്ങളും അടുത്ത ഘട്ടത്തിൽ ഈ സർവീസ് കേന്ദ്രങ്ങളിലൂടെ നടപ്പാക്കും. പ്രവാസി തൊഴിലാളികൾ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് ഇതുവഴി പരിഹാരം കാണാൻ കഴിയും. നാട്ടിൽ നടക്കുന്ന നടപടിക്രമങ്ങളെല്ലാം ഖത്തറിലെ അതതു വകുപ്പുകളുമായി ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ബന്ധിപ്പിച്ചിരിക്കും. ഇതുമൂലം തെറ്റായി കൈകാര്യം ചെയ്യുന്ന സാഹചര്യങ്ങളുണ്ടാവില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments