HomeWorld NewsGulfവ്യാജസർട്ടിഫിക്കറ്റിന്റെ പേരിൽ ജയിലിലായ മലയാളി എഞ്ചിനീയർ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

വ്യാജസർട്ടിഫിക്കറ്റിന്റെ പേരിൽ ജയിലിലായ മലയാളി എഞ്ചിനീയർ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് വെച്ച് ജോലി ചെയ്തതിന്റെ പേരിൽ എട്ടു മാസക്കാലത്തെ തടവ്ശിക്ഷ അനുഭവിച്ച മലയാളി എഞ്ചിനീയർ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ മുരളീകൃഷ്ണൻ മൂന്നു വർഷങ്ങൾക്ക് മുൻപാണ് ആദ്യമായി സൗദി അറേബ്യയിൽ എഞ്ചിനീയറിങ് വിസയിൽ ജോലിയ്ക്ക് എത്തിയത്. കൈയ്യിലിരുന്ന സർട്ടിഫിക്കറ്റ് വ്യാജമായിരുന്നു എന്നറിയാമായിരുന്നിട്ടും, അത് സൗദി എഞ്ചിനീയറിംഗ് കൗൺസിലിൽ സമർപ്പിച്ച മണ്ടത്തരമാണ് മുരളീകൃഷ്ണന് വിനയായത്. തന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മനസ്സിലായപ്പോൾ ആ കമ്പനി, നിയമനടപടികൾ ഭയന്ന് അപ്പോൾ തന്നെ മുരളീകൃഷ്ണനെ എക്സിറ്റ് അടിച്ചു നാട്ടിലേയ്ക്ക് തിരിച്ചയച്ചു.

പിന്നീട് മറ്റൊരു കമ്പനി വിസയിൽ രണ്ടു വർഷങ്ങൾക്ക് മുൻപ് മുരളീകൃഷ്ണൻ സൗദിയിൽ മടങ്ങിയെത്തി ജോലി ചെയ്യാൻ തുടങ്ങി. ഒരു പ്രാവശ്യം നാട്ടിൽ വെക്കേഷൻ പോയിട്ട് മടങ്ങി വരികയും ചെയ്തു. എല്ലാ പ്രശ്‍നങ്ങളും തീർന്നു എന്ന് കരുതിയ മുരളീകൃഷ്ണൻ എട്ടു മാസങ്ങൾക്കു മുൻപ് വീണ്ടുമൊരു വെക്കേഷന് പോകാൻ എയർപോർട്ടിൽ എത്തിയപ്പോഴാണ്, സൗദി പോലീസ് അറസ്റ്റ് ചെയ്തത്. പണ്ട് വ്യാജസർട്ടിഫിക്കറ്റ് സമർപ്പിച്ചു എന്ന കുറ്റത്തിന് ഒരു വർഷത്തെ തടവുശിക്ഷ കോടതി വിധിച്ചു. ദമ്മാം ഫൈസലിയ സെൻട്രൽ ജയിലിലാണ് മുരളീകൃഷ്ണൻ തടവുശിക്ഷ അനുഭവിച്ചത്‌.

മുരളീകൃഷ്ണന്റെ അവസ്ഥ സുഹൃത്തായ ചാക്കോയാണ് നവയുഗം ജീവകാരുണ്യപ്രവർത്തകനായ പദ്മനാഭൻ മണിക്കുട്ടനെ അറിയിച്ചത്. മണിക്കുട്ടൻ നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഉണ്ണി പൂചെടിയലും, മഞ്ജു മണിക്കുട്ടനും ഒപ്പം ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ മുരളികൃഷ്ണന്റെ മോചനത്തിനായി ശ്രമം തുടങ്ങി. അതിനെ ഫലമായി എട്ടുമാസക്കാലത്തെ തടവുശിക്ഷ കഴിഞ്ഞതോടെ മുരളീകൃഷ്ണൻ ജയിൽ മോചിതനായി. നവയുഗത്തിന്റെ ശ്രമഫലമായി ഒരു സുഹൃത്ത് വിമാനടിക്കറ്റ് നൽകി. എല്ലാവർക്കും നന്ദി പറഞ്ഞു മുരളികൃഷ്ണൻ നാട്ടിലേയ്ക്ക് മടങ്ങി.

മുരളീകൃഷ്ണന്റെ അനുഭവം എല്ലാ പ്രവാസികൾക്കും ഒരു പാഠമാണ്. വ്യാജസർട്ടിഫിക്കറ്റുകളുടെ ബലത്തിൽ ജോലി നേടാൻ ശ്രമിച്ചാൽ, എത്ര കാലം കഴിഞ്ഞാലും പിടിയ്ക്കപ്പെട്ട് നിയമനടപടി നേരിടേണ്ടി വരും എന്ന പാഠം. അതിനാൽ അത്തരം നിയമവിരുദ്ധശ്രമങ്ങളിൽ നിന്നും പ്രവാസികൾ വിട്ടുനിൽക്കണമെന്ന് നവയുഗം ജീവകാരുണ്യവിഭാഗം അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments