HomeWorld NewsAustraliaഓസ്‌ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ലോക രാജ്യങ്ങളും ആശങ്കയിൽ 

ഓസ്‌ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ലോക രാജ്യങ്ങളും ആശങ്കയിൽ 

അസംസ്‌കൃത എണ്ണ വിലയിലുണ്ടാകുന്ന ഇടിവും ചൈനയിലെ സാമ്പത്തിക തകര്‍ച്ചയും ലോകത്തിലെ മുഴുന്‍ രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുകയാണ്. അമേരിക്കയില്‍ സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം വിട്ടുമാറുന്നതിനു മുന്‍പേ തന്നെ ഗ്രീസിലും ചൈനയിലും കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിച്ച പ്രതിസന്ധി ഓസ്‌ട്രേലിയയെും ബാധിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചൈനയുടെ സാമ്പത്തിക രംഗത്തെ തകര്‍ച്ച പടിഞ്ഞാറന്‍ രാജ്യങ്ങളെ പ്രത്യേകിച്ച് കാനഡയെയും ഓസ്‌ട്രേലിയയെയും സാരമായി ബാധിക്കുകയാണ്. ലോകത്തിലെ 11 -ാമത്തെ വലിയ സാമ്പത്തിക ശക്തിയായ കാനഡ സാങ്കേതികമായി സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയുടെ കുറഞ്ഞ വളര്‍ച്ചാ നിരക്കും ഇതേ സൂചന തന്നെയാണ് നല്‍കുന്നത്. എണ്ണയുടെയും മെറ്റലിന്റെയും ഏറ്റവും വലിയ ഉപഭോക്താവായ ചൈന സാമ്പത്തികമായി ഇടിഞ്ഞതാണ് ഇരു രാജ്യങ്ങളുടെയും വരുമാനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ഭീഷണിയായി മാറിയത്. ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായിരുന്നു ചൈന.
അസംസ്‌കൃത എണ്ണയുടെ വില കുറയുന്നത് മൂലം സൗദി അറേബ്യ ഉള്‍പ്പെടെയുളള ഗള്‍ഫ് രാജ്യങ്ങളും സാമ്പത്തികപ്രതിസന്ധി നേരിടേണ്ടിവരുമെന്നു രാജ്യാന്തര നാണ്യനിധി മുന്നറിയിപ്പ് നല്‍കുന്നു. ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ഫണ്ടിന്റെ ലഭ്യത കുറയുന്ന സാഹചര്യമാണു ഭാവിയില്‍ സൗദി അറേബ്യ നേരിടാന്‍ പോകുന്നത്. അഞ്ചുവര്‍ഷത്തിനകം ഇത്തരം ഗുരുതരമായ പ്രതിസന്ധി സൗദി സമ്പദ്‌വ്യവസ്ഥയില്‍ കണ്ടുതുടങ്ങുമെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കുവൈറ്റ്, ഖത്തര്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തികനില താരതമ്യേന മെച്ചപ്പെട്ടതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയയിലെ പ്രമുഖ ബാങ്കുകള്‍ ഭവന വായ്പ പലിശ നിരക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം ലഭിക്കാതെ തന്നെ വര്‍ധിപ്പിച്ചിരുന്നു. പലിശ നിരക്ക് വര്‍ധിപ്പിച്ചതിനെതിരേ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. നിരക്ക് വര്‍ധന വ്യാവസായിക കാര്യമാണെങ്കിലും രാജ്യത്തെ സമ്പദ് ഘടനയെ ഇതു സാരമായി ബാധിക്കുമെന്നും കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് നാല് പ്രമുഖ ബാങ്കുകളില്‍ മൂന്നെണ്ണമാണ് ഭവന വായ്പ പലിശ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.
വെസ്റ്റ്പാക്കിനും കോമണ്‍വെല്‍ത്തിനും പിന്നാലെ നാഷണല്‍ ബാങ്ക് ഓസ്‌ട്രേലിയയും പലിശനിരക്ക് 5.6 ശതമാനം ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. വെസ്റ്റ്പാക്ക് ആണ് ആദ്യം പലിശനിരക്ക് ഉയര്‍ത്തിയത്. പലിശ നിരക്ക് 0.20 ശതമാനമാണ് ഉയര്‍ത്തിയത്. വെസ്റ്റ്പാക്കും കോമണ്‍വെല്‍ത്തും പലിശ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഔദ്യോഗിക പലിശനിരക്ക് കുറയ്ക്കാന്‍ ഓസ്‌ട്രേലിയയുടെ സെന്‍ട്രല്‍ ബാങ്ക് ആലോചിക്കുന്നു.
അബട്ട് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ മാല്‍കം ടേണ്‍ബുള്‍ സ്വയം ഒരു പരിഷ്‌ക്കര്‍ത്താവ് എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പരിഷ്‌ക്കരണത്തിന് വിവിധ പദ്ധതികളാണ് അദ്ദേഹം ആസൂത്രണം ചെയതു വന്നിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയാണെന്ന സൂചനകളാണ് വിദഗ്ദര്‍ നല്‍കുന്നത്. ഗ്രീസിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച. മൈനിംഗ് മേഖലയുടെ തകര്‍ച്ച, ജീവിത നിലവാരത്തിലുണ്ടായ ഇടിവ് തുടങ്ങിയ ലക്ഷണങ്ങള്‍ വരാനിരിക്കുന്ന കറുത്ത ദിനങ്ങളുടെ സൂചനയാണെന്നും വിലയിരുത്തപ്പെടുന്നു.
 ഓസ്‌ട്രേലിയന്‍ ജനതയെ ഭയപ്പെടുത്താന്‍ തക്ക ശേഷിയുള്ള കണക്കുകളും സ്റ്റാറ്റിസ്റ്റിക്‌സുമാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്വതന്ത്ര വ്യാപാരം തന്റെ സര്‍ക്കാരിന്റെ പ്രധാന ആശയമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ടോണി അബട്ട് പറയുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം കൃത്യമാണെന്ന് താന്‍ പറയുന്നില്ല. 2ജിബി റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അബട്ട് സര്‍ക്കാരിലും തുടര്‍ന്ന് ടേണ്‍ബുള്‍ സര്‍ക്കാരിലും ധനമന്ത്രിയായി പ്രവര്‍ത്തിക്കുന്ന മാത്തിയാസ് കോര്‍മന്‍ ശക്തമായ വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ നടപടികളെക്കുറിച്ച് നേരത്തേ വാചാലനായിരുന്നു.
കയറ്റുമതി രംഗത്തെ ഇടിവും മോശം കാലാവസ്ഥയെ തുടര്‍ന്ന് കല്‍ക്കരി ഖനികള്‍ അടച്ചിടേണ്ടി വന്നതും സാമ്പത്തിക രംഗം പ്രതിസന്ധിയിലാക്കിയെന്ന് കോര്‍മന്‍ സമ്മതിക്കുന്നു. എന്നാല്‍ എല്ലാക്കാര്യങ്ങളും കൃത്യമാണെന്ന് തെറ്റിദ്ധരിച്ച് പ്രവര്‍ത്തിച്ചതാണ് സര്‍ക്കാരിന് തിരിച്ചടിയായതെന്ന് ഷാഡോ ട്രഷറര്‍ ക്രിസ് ബോവന്‍ പറയുന്നു. തൊഴിലവസരങ്ങളെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നാല്‍ മാത്രം അതുണ്ടാകില്ലെന്നും ബോവന്‍ കുറ്റപ്പെടുത്തുന്നു.
അബട്ട് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയാണ് പ്രതിസന്ധിക്കു കാരണമെന്ന് ആരോപണമുയരുന്നുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ നിരക്ക്. ഏകദേശം 8 ലക്ഷം തൊഴില്‍ രഹിതരാണ് ഇവിടെയുള്ളതെന്ന് പ്രതിപക്ഷ നേതാവ് ബില്‍ ഷോര്‍ട്ടന്‍ പറയുന്നു.
കുറഞ്ഞ ഉത്പാദന ക്ഷമത, കുറഞ്ഞ കൂലി, ഇടിയുന്ന ലാഭം, 50 വര്‍ഷത്തിനിടെ വ്യവസായത്തിലുണ്ടായ ഏറ്റവും വലിയ തകര്‍ച്ച എന്നിവയെല്ലാം സാമ്പത്തിക മുരടിപ്പിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. പ്രതിരോധ രംഗത്ത് വന്‍ തുക ചെലവഴിച്ചതു കൊണ്ടു മാത്രമാണ് രാജ്യത്തെ ജിഡിപി നിരക്ക് പൂജ്യത്തിനു മുകളില്‍ നില്‍ക്കുന്നത്. മിനറല്‍ കയറ്റുമതിയില്‍ ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെ കയറ്റുമതി നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.6 % ഇടിഞ്ഞു.
ദീര്‍ഘകാല ശരാശരിയായ 3-3.25 ശതമാനത്തില്‍ നിന്നു താഴ്ന്ന് 2 ശതമാനമാണ് ഇപ്പോഴത്തെ വാര്‍ഷിക വളര്‍ച്ചാ നിരക്ക്. ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ ജീവിത നിലവാര തകര്‍ച്ചയും കാണാം. ആറു വര്‍ഷത്തിനുള്ളില്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ മൂല്യം യുഎസ് 70 സെന്റ്‌സ് ഇടിഞ്ഞു. യുഎസ് 60 സെന്റ് വരെ ഇടിയാനാണ് സാധ്യത. ചൈനയിലെ ഓഹരി വിപണി തകര്‍ച്ചയെ മാത്രം ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം അതിനു മുന്‍പ് തന്നെ രാജ്യത്തെ സാമ്പത്തിക രംഗത്ത് അപകടം മണത്തു തുടങ്ങിയിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം രാജ്യം കാഴ്ച വെക്കുന്നുണ്ടെന്നാണ് ട്രഷറര്‍ ജോ ഹോക്കിയുടെ അഭിപ്രായം.
ഏറ്റവും പുതിയ വെസ്റ്റ് പാക്ക് എംഐ ഇന്‍ഡക്‌സ് പ്രകാരം അര്‍ധ വാര്‍ഷിക കണക്കെടുപ്പിലും ഓസ്‌ട്രേലിയയിലെ സാമ്പത്തിക മേഖല മാന്ദ്യത്തിലേക്കാണെന്നാണ് വ്യക്തമാകുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണിത്. ആഭ്യന്തര വിപണി, ആഭ്യന്തര പ്രവര്‍ത്തനം, തൊഴില്‍ സംബന്ധിച്ച ഉപഭോക്താക്കളുടെ പ്രതീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്‍ഡക്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്.
വളര്‍ച്ചാ നിരക്കില്‍ മാന്ദ്യം സംഭവിക്കുന്നതായി വെസ്റ്റ് പാക്കിന്റെ ആറുമാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷം ആദ്യ ആറുമാസത്തിലും വളര്‍ച്ച പതിയെയായിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടത്തില്‍ നേരിയ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു മാസത്തിനിടെ വളര്‍ച്ചാ നിരക്ക് ട്രെന്‍ഡില്‍ നിന്നു താഴെയാണെന്ന് വെസ്റ്റ് പാക്ക് ചീഫ് എക്‌ണോമിസ്റ്റ് ബില്‍ ഇവാന്‍സും വ്യക്തമാക്കുന്നു. ബാങ്കുകള്‍ പ്രവചിക്കുന്ന വാര്‍ഷിക വളര്‍ച്ചാ നിരക്കായ 2.75%-3% എന്നത് എളുപ്പത്തില്‍ ഭേദിക്കപ്പെടാവുന്നതാണ്. കഴിഞ്ഞ ആറുമാസത്തെ വളര്‍ച്ചാ നിരക്ക് ഇന്‍ഡക്‌സ് പ്രകാരം 0.16% ത്തില്‍ നിന്ന് 0.35% ആയാണ് കുറഞ്ഞിരിക്കുന്നത്. ഈ പ്രതിസന്ധിക്ക് കാരണമായ ഇടിവ് സംഭവിച്ചിരിക്കുന്നത് ഈ മേഖലകളിലാണ്. S&P/ASX 200 (–0.64ppts); dwelling approvals (–0.50ppts); the Westpac-MI Consumer Expectations Index (–0.06ppts); aggregate monthly hours worked (–0.05ppts); and US industrial production (–0.05ppts).
yield curve (0.38ppts); commodity prices in AUD terms (0.23ppts) and the Westpac-MI Unemployment Expectations Index (0.21ppts).”
ചുരുങ്ങിയ വളര്‍ച്ചാ നിരക്ക് തുടരുമ്പോഴും റിസര്‍വ് ബാങ്കിന്റെ 3% വാര്‍ഷിക വളര്‍ച്ചാ നിരക്ക് എന്ന പ്രഖ്യാപനം ശുഭസൂചകമാണ്. നവംബറില്‍ നടക്കുന്ന യോഗത്തില്‍ പലിശ നിരക്കുകള്‍ ആര്‍ബിഎ വെട്ടിക്കുറയ്ക്കില്ലെന്ന സൂചനയാണ് ബില്‍ നല്‍കുന്നത്. മക്വറീ ബാങ്ക്, ഗോള്‍ഡ് മാന്‍ സാക്‌സ്, മോര്‍ഗന്‍ സ്റ്റാന്‍ലി, യുബിഎസ് തുടങ്ങിയ ബാങ്കുകള്‍ ധനനയം ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോള്‍ വെസ്റ്റ് പാക്ക് ഭവന വായ്പ പലിശ നിരക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
തൊഴില്‍ വിപണിയിലെ ചലനങ്ങള്‍ സംബന്ധിച്ചും ഭവന വിപണിയിലെ മാന്ദ്യത്തെക്കുറിച്ചും ബാങ്കിന് ആശങ്കയില്ലെന്നാണ് ഒക്ടോബറില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിന്റെ മിനിറ്റ്‌സ് സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് വിലയിരുത്താന്‍ കുറച്ചു സമയം ആവശ്യമായി വന്നേക്കും. തുടര്‍ന്ന് ഭവന വായ്പ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുകയാകും ചെയ്യേണ്ടി വരികയെന്നും ബില്‍ പറയുന്നു. കുറഞ്ഞത് 2016 അവസാനം വരെയെങ്കിലും ക്യാഷ് റേറ്റ് 2% ആക്കി നിലനിര്‍ത്താനുള്ള ആര്‍ബഎ നീക്കം പ്രതികൂലമായി മാറിയേക്കാമെന്നും ബില്‍ പറയുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments