
4100 mAh ബാറ്ററി വെറും 5 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാൻ കഴിയുന്ന 300W ചാർജർ വികസിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് റെഡ്‌മി. ചൈനീസ് സോഷ്യൽ മീഡിയ ആപ്പ് വെയ്‌ബോയിലെ വീഡിയോയിൽ റെഡ്‌മി ഈ ചാർജിംഗ് സാങ്കേതികവിദ്യ പ്രദർശിപ്പിച്ചു കഴിഞ്ഞു. 300W ചാർജിംഗ് സാങ്കേതികവിദ്യ പ്രദർശിപ്പിക്കുന്നതിനായി 4,100mAh ബാറ്ററിയുള്ള റെഡ്‌മി നോട്ട് 12 ഡിസ്‌കവറി എഡിഷൻ സ്‌മാർട്ട്‌ഫോണാണ് ഉപയോഗിച്ചത്. പരിഷ്‌ക്കരിച്ച റെഡ്‌മി നോട്ട് 12 ഡിസ്‌കവറി എഡിഷന് ഏകദേശം 3 മിനിറ്റിനുള്ളിൽ 50 ശതമാനം ചാർജും 5 മിനിറ്റിനുള്ളിൽ പൂർണ്ണ ബാറ്ററിയും ലഭിച്ചതായി വീഡിയോ എടുത്തുകാണിക്കുന്നു. റെഡ്‌മി ഇതിനെ 300W ഇമ്മോർട്ടൽ സെക്കൻഡ് ചാർജർ എന്ന് വിളിക്കുന്നു. ഇത് ചില Xiaomi, Redmi സ്‌മാർട്ട്ഫോണുകളിൽ ഇതിനകം ലഭ്യമായ 120W ഹൈപ്പർചാർജ് സാങ്കേതികവിദ്യയിൽ നിന്ന് വ്യത്യസ്‌തമായി തോന്നുന്നു. ഒറിജിനൽ നോട്ട് 12 ഡിസ്‌കവറി എഡിഷൻ 4,300എംഎഎച്ച് ബാറ്ററിയുള്ളതിനാൽ ഈ ടെസ്‌റ്റിനായി ഫോൺ പരിഷ്‌ക്കരിക്കുകയായിരുന്നു.