HomeSportsസച്ചിന്റെ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോല്‍വി

സച്ചിന്റെ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോല്‍വി

ഹൂസ്റ്റണ്‍: ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന അന്താരാഷ്ട്ര സ്‌കോറിനെക്കാള്‍ (260 റണ്‍സ്) ഉയര്‍ന്ന സ്‌കോര്‍ അടിച്ചെടുത്ത വോണിന്റെ വാറിയേഴ്‌സ് (262) സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിക്കുന്ന ബ്ലാസ്റ്റേഴ്‌സിനെ രണ്ടാം മത്സരത്തിലും തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി. 263 റണ്‍സ് പിന്തുടര്‍ന്ന സച്ചിന്റെ ടീം 205 റണ്‍സിന് പുറത്തായി.

വ്യാഴാഴ്ച ഹൂസ്റ്റണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത വാറിയേഴ്‌സ് അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 262 റണ്‍സ് അടിച്ചുകൂട്ടിയത്. ബ്ലാസ്റ്റേഴ്‌സിന് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തിലും വാറിയേഴ്‌സ് ജയിച്ചിരുന്നു. ഇതോടെ മൂന്നുമത്സരങ്ങളടങ്ങിയ പരമ്പര വാറിയേഴ്‌സ് സ്വന്തമാക്കി.

ബാറ്റുചെയ്യാനെത്തിയ ആരും മോശമാക്കിയില്ല.. ഓപ്പണര്‍മാരായ മൈക്കല്‍ വോനും (22 പന്തില്‍ 30), മാത്യു ഹെയ്ഡനും (15 പന്തില്‍ 32) മികച്ച തുടക്കംനല്‍കി. എന്നാല്‍, കുമാര്‍ സംഗക്കാരയും (30 പന്തില്‍ 70) റിക്കി പോണ്ടിങ്ങും (16 പന്തില്‍ 41) ചേര്‍ന്നാണ് വാറിയേഴ്‌സിനെ വന്‍ടോട്ടലിലേക്ക് നയിച്ചത്. ജാക് കാലിസ് (23 പന്തില്‍ 45), ആന്‍ഡ്രൂ സിമ്മണ്‍സ് (6 പന്തില്‍ 19), ജോണ്ടി റോഡ്‌സ് (8 പന്തില്‍ 18) എന്നിവരും കിട്ടിയ അവസരം ഉപയോഗിച്ചു. 21 സിക്‌സറുകളാണ് ഗ്ലെന്‍ മഗ്രാത്തും മുത്തയ്യ മുരളീധരനും ഷോയിബ് അക്തറുമൊക്കെ ഉള്‍പ്പെട്ട ബൗളിങ്‌നിരയ്‌ക്കെതിരെ ഇവര്‍ അടിച്ചുപറത്തിയത്.

മറുപടിബാറ്റിങ്ങിന് ഇറങ്ങിയ സച്ചിന്റെ സംഘവും മോശമാക്കിയില്ല. സച്ചിന്‍ (20 പന്തില്‍ 33), ഷോണ്‍ പോളോക്ക് (22 പന്തില്‍ 55), ഗ്രേയം സ്വാന്‍ (8 പന്തില്‍ 22), വീരേന്ദര്‍ സെവാഗ് (എട്ട് പന്തില്‍ 16) എന്നിവരുടെ പ്രകടനത്തില്‍ 20 ഓവറില്‍ വാറിയേഴ്‌സ് 205 റണ്‍സ് അടിച്ചെങ്കിലും ജയം വിദൂരമായിരുന്നു. അടുത്തമത്സരം 14-ന് ലോസ് ആഞ്ജലിസില്‍ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments