HomeNewsShortആരുത്തരം പറയും ഈ അമ്മയുടെ വേദനയ്ക്ക് ?

ആരുത്തരം പറയും ഈ അമ്മയുടെ വേദനയ്ക്ക് ?

ഉത്തരേന്ത്യയില്‍ നിന്ന് നിരവധി പെണ്‍കുട്ടികള്‍ പീഢനത്തിനിരയായി കെല്ലപ്പെട്ടപ്പോള്‍ നമ്മള്‍ ഉത്തരേന്ത്യക്കാരന്റെ വിദ്യാഭ്യാസമില്ലായ്മയേ അവഹേളിച്ചു. എന്നാൽ, ആറു ദിവസങ്ങള്‍ക്കുമുമ്പ് പെരുമ്പാവൂരിലെ ജനവാസകേന്ദ്രത്തിനടുത്ത്, അടച്ചുറപ്പില്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന ആ വീട്ടില്‍ നിന്ന് സന്ധ്യയ്ക്ക് ഒരു അമ്മ തന്റെ മകളെ ആരോ കൊന്നെന്നു പറഞ്ഞ് വിളിച്ചു കൂവിയപ്പോള്‍ തിരിഞ്ഞു നോക്കാന്‍ അയല്‍വാസികള്‍ പോലും തയ്യാറായില്ല. സംസ്‌കാരിക സമ്പന്നതയോ, സാക്ഷരതയിലെ നൂറുശതമാനമോ ഒന്നും ആ നിലവിളികേട്ട ഒരാളെയും ആ വീട്ടിലെത്തിച്ചില്ല.

 
കഴിഞ്ഞ അഞ്ച് ദിവസവും ആശുപത്രിക്കിടക്കയില്‍ കിടന്ന് അലമുറയിടുകയായിരുന്നു
പിന്നീട് ആ അമ്മ . തെരഞ്ഞെടുപ്പ് തലയ്ക്കു പിടിച്ച നേതാക്കന്മാരോ മാധ്യമങ്ങളോ സംസ്‌കാരിക നായകരോ ആരും; ആരും അതു വഴി കയറിയില്ല. നാലാം നാള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്നു. റിപ്പോര്‍ട്ടില്‍ ഇങ്ങനെയെഴുതി: ഇത് ക്രൂരമായ പീഢനം. ഡല്‍ഹിയിലെ നിര്‍ഭയയുടെ മരണത്തോളം ക്രൂരം. അപ്പോഴായിരുന്നു മാധ്യമങ്ങള്‍ മരണത്തിലെ വാര്‍ത്താ പ്രധാന്യം കണ്ടെത്തിയത്. ഒരു പക്ഷേ പോസ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ആ വാചകം എഴുതിച്ചേര്‍ത്തില്ലെങ്കില്‍ വെറുമൊരു കൊലപാതകമായി ഏങ്ങുമെത്താതെ അവസാനിക്കുമായിരുന്നു പെരുമ്പാവൂരിലെ ജിഷയുടെ മരണവും.

 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും രാജേശ്വരി (ജിഷയുടെ അമ്മ) ആശുപത്രിക്കിടക്കയില്‍ കിടന്നു കരയുകയായിരുന്നു. ‘എന്റെ മോളെ എനിക്ക് തിരിച്ചു തരണം സാറേ, എനിക്ക് എന്റെ കുഞ്ഞിനേ വേണം. ഞങ്ങളോട് ഇങ്ങനെ എന്തിന് ചെയ്തു. ഞാന്‍ ആരുടേയും മുമ്പില്‍ എന്റെ കുഞ്ഞുങ്ങളേയും കൊണ്ട് കൈ നീട്ടാന്‍ വന്നില്ലല്ലോ. ഞങ്ങളെ അവിടുന്ന് ഓടിക്കാന്‍ ചെയ്തതാണോ?’. പാതി തളര്‍ന്നു കിടക്കുമ്പോഴും ആ അമ്മ മനസ് നഷ്ടപ്പെട്ടു പോയ തന്റെ മകളെയോര്‍ത്ത് കരയുകയാണ്.

 
ഒറ്റപ്പെടുത്തലിന് പലകാരണങ്ങള്‍ നാട്ടുകാര്‍ക്കു പറയാനുണ്ടാവാം. ദളിത, ദരിദ്ര, അങ്ങനെ കേരളം പോലൊരു പൊതു സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുവാന്‍ ആവശ്യത്തിലധികം കാരണങ്ങള്‍ ആ അമ്മയ്കും മകള്‍ക്കും മാത്രം പറയാനുണ്ടാകും. കേള്‍ക്കുന്ന നമ്മളെയെല്ലാം ആ വാക്കുകള്‍ പ്രതിസ്ഥാനത്താക്കുമെന്നും തീര്‍ച്ച.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments