കേരള കോൺഗ്രസിലെ പ്രശ്നത്തിൽ തൽക്കാലം യുഡിഎഫ് ഇടപെടില്ല; തര്‍ക്കം ആഭ്യന്തര കാര്യമെന്നു രമേശ് ചെന്നിത്തല

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ഇപ്പോള്‍ ഇടപെടാനില്ലെന്ന് രമേശ് ചെന്നിത്തല. പ്രശ്‌നങ്ങള്‍ കേരള കോണ്‍ഗ്രസ് തന്നെ പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം, കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ വേണ്ടിവന്നാല്‍ ഇടപെടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു.

അതേസമയം,കേരളാ കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞിരുന്നു. കേരളത്തിലെത്തിയതിന് ശേഷം കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഗതിയില്‍ മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. പക്ഷെ ഇതൊരു പ്രത്യേക സാഹചര്യമാണ്. കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.