മധ്യപ്രദേശില്‍ 14കാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചു മൂടി. മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ 36 കാരനായ സുശീല്‍ വര്‍മയാണ് പ്രതി. സുശീലിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐ.പി.സി 376 (ബലാത്സംഗം), 307 (കൊലപാതകശ്രമം) വകുപ്പുകളും പോക്സോ വകുപ്പുമാണ് ചുമത്തിയിട്ടുള്ളത്.
വീടിനടുത്തുള്ള വയലിലേക്ക് പെണ്‍കുട്ടി പോയസമയത്താണ് സുശീല്‍ കുട്ടിയെ ആക്രമിക്കുന്നത്. കൃഷിയിടത്തേക്ക് വെള്ളമെത്തിക്കുന്ന പമ്പ് ഓഫ് ചെയ്യാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയം അടുത്തുള്ള വയലില്‍ ജോലി ചെയ്തിരുന്ന സുശീല്‍ കുട്ടിയെ വലിച്ചിഴച്ച് മറ്റൊരിടത്തേക്ക് എത്തിക്കുകയും ബലാത്സംഗം ചെയ്യുകയായിരുന്നു.
ബലാത്സംഗം ചെയ്ത ശേഷം കുട്ടിയെ കൃഷിയിടത്തില്‍ കല്ല് സ്ലാബിനടിയില്‍ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും ഗുരുതരാവസ്ഥയിലാണെന്നും പൊലിസ് പറഞ്ഞു. സുശീല്‍ തന്റെ സുഹൃത്തായിരുന്നുവെന്നും വീട്ടിലെ സ്ഥിര സന്ദര്‍ശകനായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചു.