HomeNewsLatest Newsഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; കാറിന് നാശനഷ്ടം ഉണ്ടായെങ്കില്‍ തുക കെട്ടിവെക്കാമെന്നു പ്രതിഭാഗം അഭിഭാഷകൻ; കാശ് കെട്ടിവെച്ചാല്‍ എന്തും...

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം; കാറിന് നാശനഷ്ടം ഉണ്ടായെങ്കില്‍ തുക കെട്ടിവെക്കാമെന്നു പ്രതിഭാഗം അഭിഭാഷകൻ; കാശ് കെട്ടിവെച്ചാല്‍ എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നു കോടതി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു കരിങ്കൊടി കാണിച്ച കേസില്‍ പ്രോസിക്യൂട്ടറും പ്രതിഭാഗത്തോടൊപ്പം. ഗവര്‍ണറെയും രാഷ്ട്രപതിയെയും ആക്രമിക്കുന്നതിനെതിരായ ഐ.പി.സി 124-ാം വകുപ്പ് ചുമത്തിയതിനെതിരായിരുന്നു ഇരുവരുടെയും വാദം. ‘സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ താല്‍പര്യമുള്ളവരെ നാമനിര്‍ദേശം ചെയ്തതിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. നിയമനം നടന്ന് ദിവസങ്ങള്‍ക്കുശേഷമാണ് പ്രതിഷേധം. നിയമനം നേരത്തെ കഴിഞ്ഞതിനാല്‍ പ്രതിഷേധം മാത്രമായേ ഇതിനെ കാണാനാകൂ, മറ്റ് രീതിയില്‍ വ്യാഖ്യാനിക്കാനാകില്ല’ എന്നാണ് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കല്ലംമ്ബള്ളി മനു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ (മൂന്ന്) വാദിച്ചത്. ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം കൊടുക്കരുതെന്നുമായിരുന്നു ചൊവ്വാഴ്ചത്തെ വാദം. ചെയ്യാനിരിക്കുന്ന നടപടികള്‍ തടസ്സം വരുത്തണമെന്ന ഉദ്ദേശത്തോടെ കുറ്റം ചെയ്താലേ ഐ.പി.സി 124 നിലനില്‍ക്കൂ എന്നാണ് എ.പി.പി ഉന്നയിച്ചത്. ഗവര്‍ണറുടെ കാര്‍ കേടുവരുത്തിയത് പൊതുമുതല്‍ നശിപ്പിക്കലാണ്. പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്ന് അദ്ദേഹം വാദിച്ചു.

ഗവര്‍ണര്‍ക്ക് നേരെയുണ്ടായത് പ്രതിഷേധം മാത്രമാണെന്നും ആക്രമണം നടത്തിയിട്ടില്ലെന്നുമുള്ള ആദ്യദിവസത്തെ വാദം പ്രതിഭാഗം അഭിഭാഷകനും ജില്ല മുൻ പ്രോസിക്യൂട്ടറുമായ എ.എ. ഹക്കിം ബുധനാഴ്ചയും ആവര്‍ത്തിച്ചു. ഗവര്‍ണര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് പോകുകയായിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്താറുണ്ട്. ഗവര്‍ണറുടെ കാറിന് നാശനഷ്ടം ഉണ്ടായെങ്കില്‍ തുക കെട്ടിവെക്കാന്‍ തയാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

കാശ് കെട്ടിവെച്ചാല്‍ എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മജിസ്ട്രേറ്റ് അഭിനിമോള്‍ രാജേന്ദ്രൻ പറഞ്ഞു. ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. ഐ.പി.സി 124 വകുപ്പ് തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കില്ല. ഗവര്‍ണറെ തടഞ്ഞത് സ്റ്റേറ്റിനെതിരെയുള്ള കുറ്റകൃത്യമാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി.പി വകുപ്പും ചേര്‍ത്തു. പ്രതികള്‍ റിമാൻഡിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments