HomeNewsLatest Newsബോണക്കാട് സംഘര്‍ഷം; നെയ്യാറ്റിന്‍കര അതിരൂപതയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച ഉപവാസ സമരം

ബോണക്കാട് സംഘര്‍ഷം; നെയ്യാറ്റിന്‍കര അതിരൂപതയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച ഉപവാസ സമരം

ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ജനുവരി ഒന്‍പതിന് നെയ്യാറ്റിന്‍കര അതിരൂപതയുടെ നേതൃത്വത്തില്‍ ഉപവാസം സംഘടിപ്പിക്കും. ബോണക്കാട് കുരിശുമലയില്‍ പ്രാര്‍ത്ഥനയ്ക്ക് അവസരം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഉപവാസം നടത്തുന്നത്. രൂപതാ അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള വിശ്വാസികള്‍ ഉപവാസത്തില്‍ പങ്കുചേരും.

ബോണക്കാട് കുരിശു മലയിലെ കോണ്‍ക്രീറ്റ് കുരിശ് 2017 ഓഗസ്റ്റില്‍ തകര്‍ക്കപ്പെട്ടിരുന്നു. കുരിശ് പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായാണ് വിശ്വാസികള്‍ കുരിശിന്റെ വഴിയെ എന്ന പേരില്‍ മാര്‍ച്ച് നടത്തിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 1000 ത്തിലധികം വിശ്വാസികളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. തുടര്‍ന്ന് ബോണക്കാടും വിതുരയിലും പൊലീസും വിശ്വാസികളും ഏറ്റുമുട്ടുന്ന കാഴ്ചയ്ക്കാണ് നഗരം സാക്ഷിയായത്.

വനമേഖലയില്‍ കടക്കുന്നതിനും കുരിശ് സ്ഥാപിക്കുന്നതിനും ഹൈക്കോടതി വിലക്ക് നിലനില്‍ക്കുന്നതിനാല്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. ഇതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. വിശ്വാസികള്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി. തുടര്‍ന്ന് കല്ലേറും നടന്നു. അക്രമത്തില്‍ വൈദികര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഉച്ചയോടെ പ്രതിഷേധം വിതുരയിലേക്കും വ്യാപിച്ചു. ഇവിടേയും പൊലീസും വിശ്വാസികളും ഏറ്റുമുട്ടി. കെഎസ്ആര്‍ടിസി ബസ് അടിച്ചു തകര്‍ക്കുന്നത് ഉള്‍പ്പടെയുള്ള സംഭവങ്ങളും അരങ്ങേറി. മണിക്കൂറുകളോളമാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നത്. പൊലീസിന്റെ ദ്രുത കര്‍മ്മ സേനയായ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് അടക്കമുളള സംഘവും സ്ഥലത്ത് എത്തിയിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത പ്രവര്‍ത്തവരെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഇവര്‍ വിതുര പൊലീസ് സ്റ്റേഷനും ഉപരോധിച്ചു. മണിക്കൂറുകള്‍ നീണ്ട ഉപരോധത്തിനൊടുവില്‍ അറസ്റ്റ് ചെയ്തവരെ പൊലീസ് വിട്ടയച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. എന്നാല്‍ കുരിശുമലയില്‍ പ്രാര്‍ത്ഥനയ്ക്ക് അവസരം നല്‍കുന്നത് വരെ സമരം തുടരുമെന്ന് കെഎല്‍സിഎ രൂപത പ്രസിഡന്റ് അഡ്വക്കേറ്റ് രാജു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments