HomeNewsLatest Newsസോളാർ കേസിൽ സരിത വെളിപ്പെടുത്തലുകൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ: കെ. മുരളീധരൻ എം. എൽ....

സോളാർ കേസിൽ സരിത വെളിപ്പെടുത്തലുകൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ: കെ. മുരളീധരൻ എം. എൽ. എ

തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷ്യൽ കമ്മിഷന് മുന്നിൽ സരിത എസ്. നായർ നടത്തുന്ന വെളിപ്പെടുത്തലുകൾ മുൻകൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലെന്നു കെ. മുരളീധരൻ എം. എൽ. എ. സി. പി. എം – ബി. ജെ. പി കൂട്ടുകെട്ട് കേരളത്തിലെ മദ്യലോബിയുടെ സഹായത്തോടെ നടത്തിയ ഗൂഡാലോചനയുടെ ചട്ടുകമായാണ് സരിത പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിക്കും ആര്യാടൻ മുഹമ്മദിനുമെതിരെ ഭരണഘടനയുടെ തത്വങ്ങൾ പാലിക്കാതെ വിധി പറഞ്ഞ തൃശൂർ വിജിലൻസ് ജഡ്ജിയും ഗൂഡാലോചനയിൽ പങ്കാളിയാണോയെന്ന് സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടതു ഭരണം വന്നാൽ ബാർ തുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് മദ്യലോബി ധനസഹായമുൾപ്പടെ നൽകി ഇവർക്ക് കൂട്ട് നിൽക്കുന്നത്. കേരളത്തിൽ കോൺഗ്രസ് ഗവൺമെന്റിന്റെ ഭരണത്തുടർച്ച ഉണ്ടാകരുതെന്ന ആഗ്രഹത്തിലാണ് ബി. ജെ. പിയും ഗൂഡാലോചനയുടെ ഭാഗമായത്. സരിത കൊടും ക്രമിനലാണെന്ന് പറഞ്ഞ സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ അവരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പറയുന്നത് അപഹാസ്യമാണെന്നും മുരളീധരൻ പറഞ്ഞു. എല്ലാ പ്രതികളും സത്യം ബോധിപ്പിക്കുമെന്ന് പറഞ്ഞിട്ട് തന്നെയാണ് കള്ളം പറയാറുള്ളത്. ഇത്രയും പണം മന്ത്രിമാർക്ക് നൽകിയെന്ന് പറയുന്ന സരിതയുടെ വരുമാന സ്രോതസ് എന്താണെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രി ഉമ്മൻചാണ്ടി നുണ പരിശോധനയ്ക്ക് തയ്യാറാകുന്നില്ലല്ലോയെന്ന ചോദ്യത്തിന് ഒരു ക്രിമിനലിന്റെ പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്രി അത്തരം പരിശോധനകൾക്ക് വിധേയനാകേണ്ട കാര്യമില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.

മുൻപ് കെ. കരുണാകരൻ രാജി വച്ചതിനെ പറ്റി ചോദിച്ചപ്പോൾ കരുണാകരനും എ. കെ. ആന്റണിയും ചെയ്യാത്ത തെറ്റിന് രാജിവച്ചവരാണെന്നും കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രിയും കണ്ണീരോടെ ഇറങ്ങിപ്പോകാൻ പാടില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരുടെ മക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് പതിവാണെന്നും താനായിരുന്നു അതിന്റെ ആദ്യ ഇരയെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധി വന്നതോടെ മുഖ്യമന്ത്രിയുൾപ്പടെയുള്ള മന്ത്രിമാർ നിലവിൽ ഒരു കേസിലും പ്രതികളല്ല. അതിനാൽ മന്ത്രിമാരെ വഴി തടയലും ബഹിഷ‌്‌രിക്കലുമുൾപ്പടെയുള്ള സമരങ്ങളിൽ നിന്ന് എൽ. ഡി. എഫ് പിന്മാറണം. കമ്മിഷന്റെ അന്തിമ റിപ്പോർട്ട് വരുന്നതു വരെ ആരെയും കുറ്റക്കാരെന്ന് വിധിക്കുന്നത് ശരിയല്ല. തെളിവുണ്ടെന്ന് പറയുന്ന സരിത അത് ഹാജരാക്കുകയാണ് വേണ്ടത്. മുൻപും ബിജു രാധാകൃഷ്ണൻ പറഞ്ഞ തെളിവ് തേടിപ്പോയ കഥ മറക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ ടി.പി ശ്രീനിവാസനെ ആക്രമിച്ച സംഭവം ദൗർഭാഗ്യകരമാണ്. ഈ വിഷയത്തിൽ സി. പി. എമ്മിന്റെ ഒദ്യോഗിക നിലപാട് വ്യക്തമാക്കണം. ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് വി. എസ് ആവശ്യപ്പെട്ടപ്പോൾ ശ്രീനിവാസൻ വിദ്യാഭ്യാസ വിചക്ഷണനല്ലെന്ന നിലപാടാണ് പിണറായി കൈക്കൊണ്ടത്. സോളാർ വിഷയത്തിലും വിദ്യാഭ്യാസ സംഗമത്തിനെതിരെയുള്ള പ്രതിഷേധത്തിലും മറ്റും ഇടതു പ്രവർത്തകർ അഴിഞ്ഞാടുന്ന അവസ്ഥയാണുണ്ടായത്. അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments