ഉള്ളിവില 200 കടന്നു കുതിക്കുന്നു; അരിയുമ്പോൾ മാത്രമല്ല വാങ്ങുമ്പോളും കണ്ണ് നിറയും; വിലക്കയറ്റം രണ്ടാഴ്ച കൂടി

കൊച്ചി: രാജ്യത്തെ ചെറിയുള്ളിയുടെയും സവാളയുടെയും വില കുതിക്കുന്നു. 30 ശതമാനത്തോളം വിലയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഉത്പാദനം കുറഞ്ഞതോടെയാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിയുണ്ടായിരിക്കുന്നത്. മുംബൈയില്‍ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ കിലോയ്ക്ക് 150ല്‍ നിന്നും 180 വരെ എത്തുകയും ചെയ്യുകയായിരുന്നു. നേരത്തെ 25 രൂപയായിരുന്നപ്പോഴാണിത്. എന്നാല്‍, ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ ഇത് 200ന് മുകളില്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് രണ്ടാഴ്ചവരെ എത്തുമെന്നാണ് വിലയിരുത്തുന്നത്.

മഴ ചതിച്ചതാണ് സവാളയുടെ ഉത്പാദനത്തെ ബാധിച്ചിരിക്കുന്നത്. ഇത് കാരണം കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ സവാള ഉല്‍പാദനത്തിനു തിരിച്ചടിയായെന്നു കച്ചവടക്കാര്‍ പറയുന്നു. സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാളക്കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു പ്രധാനകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.