ഗുരുവായൂരുള്ള വീട്ടിലെ പൂന്തോട്ടം അലങ്കരിക്കാന്‍ ഒരു മണ്‍കുടം വേണം; 12 ലക്ഷം മുടക്കി കുടം വീട്ടിലെത്തിച്ച് മലയാളി

കരകൗശല വസ്തുക്കളോടുള്ള അഭിനിവേശം മൂത്ത ഗുരുവായൂര്‍ സ്വദേശി എ.പി റോഷനാണ് പുതുതായി വെച്ച വീടിന്റെ പൂന്തോട്ടം അലങ്കരിക്കാന്‍ പൊന്നുംവില കൊടുത്ത് ഈ വലിയ മണ്‍കുടം സ്വന്തമാക്കിയത്. 12 ലക്ഷം രൂപ മുടക്കിയാണ് ലോകത്തിലെ ഏറ്റവും വലിയ മണ്‍കുടം ഇയാൾ സ്വന്തമാക്കിയത്. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ എ.പി റോഷന്‍ മരുന്നുവ്യാപാരിയാണ്. ജനക്പുരി സ്വദേശി ഭുവനേഷ് പ്രസാദ് പ്രജാപതിയാണ് കുടത്തിന്റെ ശില്‍പി. 280 കിലോ തൂക്കമുള്ള ഈ കുടം ലോകത്തിലെ തന്നെ ഏറ്റവും വലിയ മണ്‍കുടമെന്നാണ് അവകാശവാദം. ഗിത്താര്‍ണിയിലെ സംസ്‌കൃതികേന്ദ്രയില്‍ നടന്ന കരകൗശല മേളയിലാണ് റോഷന്‍ ഇത് കണ്ടെത്തിയത്.

പുതുതായി വാങ്ങിയ ഈ മണ്‍കുടം ഒരാഴ്ചയ്ക്കുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച ട്രക്കില്‍ നാട്ടിലെത്തിക്കും. അഞ്ചു വര്‍ഷം എടുത്താണ് ഈ കുടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് ശില്‍പി ഭുവനേഷ് പറഞ്ഞു. നിര്‍മ്മാണത്തിനിടെയില്‍ പല തവണ കുടം തകര്‍ന്നു. ആറാമത്തെ ശ്രമമാണ് വിജയത്തില്‍ എത്തിയത്. പാരമ്പര്യമായി കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റേത്. 63 ഇഞ്ച് വ്യാസമുള്ള ഈ കുടം സാധാരണ കുടം ഉണ്ടാക്കുന്ന ചക്രത്തില്‍ തന്നെയാണ് നിര്‍മിച്ചത് എന്ന പ്രത്യേകതയുമുണ്ട്. വ്യത്യസ്തമായ കരകൗശല വസ്തുക്കളുടെ വലിയ ശേഖരം തന്നെ റോഷനുണ്ട്. ഇതെല്ലാം വീടിന് അലങ്കാരമാക്കിയിരിക്കുകയാണ്.