നരേന്ദ്ര മോഡിയുടെ സഹോദരപുത്രിയെ കൊള്ളയടിച്ച സംഭവം: സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

145

നരേന്ദ്ര മോഡിയുടെ സഹോദരപുത്രിയെ കൊള്ളയടിച്ച കവര്‍ച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് നോനു എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ്. കവര്‍ച്ച ചെയ്ത സാധനങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹിയില്‍ സിവില്‍ ലൈനിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന്റെ പുറത്ത് വച്ച് ശനിയാഴ്ചയാണ് ദമയന്തി ബെന് മോഡിയുടെ പഴ്‌സും മൊബൈലും കവര്‍ച്ചാ സംഘം തട്ടിയെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബൈക്ക് യാത്രികരെ സിസിടിവി ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു. രണ്ടു പേരും ഡല്‍ഹി സ്വദേശികളാണെന്നും ഒരാള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

അമൃത്സറില്‍ നിന്ന് ശനിയാഴ്ച രാവിലെയായിരുന്നു ദമയന്തി ഡല്‍ഹിയിലെത്തിയത്. ഗുജറാത്തി സമാജ് ഭവനില്‍ ദമയന്തി റൂം ബുക്ക് ചെയ്തിരുന്നു. ഡല്‍ഹി റെയിവെ സ്റ്റേഷനില്‍ നിന്ന് ദമയന്തി ബെന്‍ മോദി സമാജ് ഭവന് മുന്നിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ സംഘം കവര്‍ച്ച നടത്തിയത്. 56,000 രൂപയടങ്ങിയ പഴ്‌സും മൊബൈലുമാണ് കവര്‍ച്ചാസംഘം തട്ടിയെടുത്ത് കടന്നുകളഞ്ഞത്. കവര്‍ച്ചാ സംഘം തട്ടിയെടുത്ത പഴ്‌സില്‍ വിലപ്പെട്ട ചില രേഖകളും ഉണ്ടായിരുന്നു.