ഐഎസില്‍ ചേരാന്‍ നാടുവിട്ട വനിതയുടെ മൂന്നാമത്തെ കുട്ടിയും അഭയാര്‍ഥി ക്യാമ്പിൽ മരിച്ചു; അന്ത്യം ന്യൂമോണിയയെ തുടർന്ന്

ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ നാടുവിട്ട ഷമീമയുടെ മൂന്നാമത്തെ കുഞ്ഞും മരണത്തിന് കീഴടങ്ങി. സിറിയയിലെ അഭയാര്‍ഥി ക്യാമ്ബിലെ മോശം അവസ്ഥയില്‍ ന്യൂമോണിയ ബാധിച്ചാണ് മൂന്ന് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മരണം. ഐഎസില്‍ ചേരാന്‍ 15ാം വയസില്‍ ലണ്ടന്‍ വിട്ട ഷമീമ പിന്നീട് നാട്ടിലേക്ക് മടങ്ങണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നേരത്തേ സമാനമായ രീതിയില്‍ ഇവര്‍ക്ക് ജനിച്ച രണ്ട് കുട്ടികളും മരണപ്പെട്ടിരുന്നു. മൂന്നാമത്തെ കുട്ടിയെയെങ്കിലും സുരക്ഷിതമായി പ്രസവിച്ച്‌ വളര്‍ത്താനായാണ് ബ്രിട്ടനിലേക്ക് തിരിച്ചെത്താന്‍ ഷെമീമ ആഗ്രഹം പ്രകടിപ്പിച്ചത്.

എന്നാല്‍ ഇവരുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കുകയായിരുന്നു. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് യുവതിയുടെ പൗരത്വം റദ്ദാക്കിയത്. ഇതിനെതിരെ നിയമ പോരാട്ടത്തിലാണ് ഷെമീമ. 2015 ല്‍ ആണ് ഷമീമയും രണ്ട് സുഹൃത്തുക്കളും ഐഎസില്‍ ചേരാന്‍ ലണ്ടന്‍ വിട്ടത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഷമീമ എസ്ഡിഎഫിന്‍റെ അഭയാര്‍ഥി ക്യാമ്ബിലെത്തി. ഗര്‍ഭിണിയായ ഷമീമ പ്രസവിക്കാന്‍ ബ്രിട്ടണില്‍ തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇവരുടെ പൗരത്വം റദ്ദാക്കി. ഇതോടെ അഭയാര്‍ഥി ക്യാമ്ബില്‍ ഷമീമയ്ക്കു പ്രസവിക്കേണ്ടിവന്നു.

ഡച്ചുകാരനായ ഐഎസ് അംഗം യാഗോ റീഡിക്കാണ് ഷമീമയുടെ ഭര്‍ത്താവ്. ഇയാള്‍ സിറിയയിലെ ജയിലിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടി മരണപ്പെട്ടത്. കുട്ടിക്ക് ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് ക്യാമ്ബിലേക്ക് ഡോക്ടറെ വിളിക്കുകയും പ്രാഥമിക പരിശോധനയ്ക്കു ശേഷം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ കുട്ടിയെ രക്ഷിക്കാനായില്ല.