സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിർദേശം

34

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങി നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ഇന്നലെ രാത്രി തുടങ്ങിയ മഴ പയിടങ്ങളിലും ഇപ്പോഴും തുടരുന്നു. ചിലയിടങ്ങളില്‍ വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. കൊച്ചിയില്‍ പള്ളുരുത്തി ഇടക്കൊച്ചി എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പനമ്ബള്ളി നഗര്‍, സൗത്ത് കടവന്ത്ര, എംജി റോഡ് എന്നിവിടങ്ങളിലും വെള്ളം നിറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. ചില ഡാമുകളുടെ ഷട്ടറുകള്‍ ഇതിനകം ഭാഗികമായി ഉയര്‍ത്തിക്കഴിഞ്ഞു. മഴ കനത്താല്‍ പത്തനംതിട്ട മണിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ 5 മുതല്‍ 10 സെന്റ് മീറ്റര്‍ വരെ ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പമ്ബയാറിന്റെയും കക്കിട്ടാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.