കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധന്റെ മരണം കൊലപാതകം ! കേസ് പോലീസ് തെളിയിച്ചത് ഇങ്ങനെ :

53

 

ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മോഷണശ്രമം ചെറുത്തതിനെ തുടർന്ന് മോഷ്ടാക്കൾ എഴുപതുകാരനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. 2 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പൊതിയാരുവിള സ്വദേശി രമേശൻ, ജയൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

മദ്യപാനവും ചീട്ടുകളിയും മൂലം ഉണ്ടായ കടം വീട്ടുന്നത് ആണ് ഇരുവരും മോഷ്ടിക്കാൻ പദ്ധതിയിട്ടത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെ ഗോപാലന്‍റെ വീട്ടിലെത്തിയ പ്രതികൾ ഗോപാലൻ വീടിനു പുറത്തു നിൽക്കുന്ന സമയത്ത് അകത്ത് കയറി ഒന്നരപവന്‍റെ സ്വർണ്ണമാല കൈക്കലാക്കി.

ശബ്ദം കേട്ട് ഗോപാലൻ ഓടിയെത്തി തടഞ്ഞതിനെ തുടർന്ന് വീടിന്‍റെ അടുക്കള ഭാഗത്ത് വച്ച് ഇരുവരും ചേർന്ന് തോർത്തുകൊണ്ട് കഴുത്തുഞെരിച്ച് ഗോപാലനെ കൊല്ലുകയായിരുന്നു. കൊന്നശേഷം കെട്ടി തൂക്കാൻ ശ്രമം നടത്തിയെങ്കിലും മൃതദേഹത്തിന്റെ ഭാരം മൂലം അത് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇരുവരും സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പൊതിയാരുവിള സ്വദേശി രമേശൻ സ്വർണമാല വിൽക്കാൻ കടയ്ക്കലിലെ ഒരു കടയിൽ എത്തിയത്. ഈ മാല മരിച്ച ഗോപാലന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. രമേശനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. രമേശൻ പിടിയിലായതറിഞ്ഞ് ഒളിവിൽപോയ ജയനെയും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.