
ആഹാരം കഴിച്ച് വണ്ണം വയ്ക്കുന്നത് മാത്രമല്ല പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാലും ശരീരഭാരം കൂടുന്നവരുമുണ്ട്.
അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്നമായി മാറാറുണ്ട്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുതല്‍ ഉറക്കക്കുറവും ഭക്ഷണ ക്രമത്തിലെ വ്യതിയാനങ്ങളും വരെ വണ്ണം വയ്ക്കാന്‍ സാധ്യതയേറെയാണ്. ശരിയായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, നല്ല ഉറക്കം തുടങ്ങി നിരവധി കാര്യങ്ങള്‍ അമിത ശരീരഭാരം കുറയ്ക്കാന്‍ ആവശ്യമാണ്. നമ്മുടെ ജീവിത ശൈലിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ നിര്‍ണ്ണായകമായ സ്വധീനമാവും ഉണ്ടാക്കുക. അതിലൊന്നാണ് ധാരാളം വെള്ളം കുടിയ്ക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും എന്നത്. നല്ല ആരോഗ്യത്തിന് ധാരാളം വെള്ളം കുടിയ്ക്കേണ്ടത് ആവശ്യമാണ്. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുക, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ പുറന്തള്ളുക, പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുക തുടങ്ങി ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ വെള്ളത്തിനുണ്ട്.
ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിലും കൊഴുപ്പ് നീക്കം ചെയ്യുന്നതിലും സഹായിയ്ക്കുന്നു. ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിയ്ക്കുകയാണ് എങ്കില്‍ അത് കലോറി കുറയ്ക്കാന്‍ സഹായിക്കും. ഈ രീതിയില്‍ നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ കഴിയും. കൂടാതെ, ശരീരഭാരം കുറച്ചതിനു ശേഷവും ശരീരഭാരം വര്‍ദ്ധിക്കാതെ നിലനിര്‍ത്തുവാന്‍ നല്ല അളവില്‍ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.
ശരീരഭാരം കുറയ്ക്കാന്‍ ഇളം ചൂടുള്ള വെള്ളം കുടിയ്ക്കുന്നതാണ് ഉത്തമം. ഇത് നമ്മുടെ ദഹനവ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കും. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് പ്രതിദിനം എട്ട് ഗ്ലാസ് വെള്ളം കുടിയ്ക്കണം. ഓരോ വ്യക്തിയ്ക്കും ഇത് വ്യത്യാസപ്പെടാം. നിങ്ങള്‍ പതിവായി ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്ന ഒരാളാണ് എങ്കില്‍ കൂടുതല്‍ വെള്ളം കുടിയ്ക്കണം. പഠനങ്ങള്‍ അനുസരിച്ച്, വേണ്ടത്ര അളവില്‍ വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുകയും വിശപ്പ് നിയന്ത്രിയ്ക്കുകയും ചെയ്യും.