കാല്‍ പാദത്തിലെ ഇത്തരം മഞ്ഞനിറം അവഗണിക്കരുത്; പരിക്കുകള്‍ ആയിരിക്കുമെന്ന് കരുതിയ യുവാവിനു സംഭവിച്ചത് അറിയുക

തന്റെ വലതു കാല്‍ പാദത്തില്‍ പൊള്ളലേറ്റത് പോലുള്ള മഞ്ഞ നിറം കാണപ്പെട്ടപ്പോള്‍ യുവാവ് ആദ്യം കരുതിയത് ജോലിക്കിടയില്‍ പറ്റിയ പരിക്കുകള്‍ ആയിരിക്കുമെന്നാണ്. എന്നാല്‍ നിമിഷങ്ങള്‍ക്കകം മഞ്ഞനിറം വ്യാപിക്കാന്‍ തുടങ്ങിയതോടെ ആശുപത്രിയില്‍ എത്തിയ യുവാവിന് വലതുകാൽ ഒടുവിൽ നഷ്ടമായി. അമേരിക്കയിലെ ടെക്സാസിലുള്ള ഡേ കെയര്‍ അധ്യാപകന്‍, 26 വയസ്സുകാരനായ റൗല്‍ റയീസിനാണ് ഈ ദുര്‍വിധി. അപൂര്‍വ ബാക്ടീരിയ ശരീരത്തിനുള്ളില്‍ കയറി പറ്റിയതാണ് റയീസിന്റെ വലതു കാല്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

ഫെബ്രുവരി 23 നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്സ് റേ പരിശോധിച്ചപ്പോഴാണ് ബാക്ടീരിയകള്‍ വലതു പാദത്തിനുള്ളില്‍ കയറി കൂടിയ കാര്യം വെളിവാകുന്നത്. ബാക്ടീരിയകള്‍ രക്തത്തിലേക്ക് കലര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത ഏറെയായിരുന്നു. ശരീരത്തിലെ നേര്‍ത്ത കോശങ്ങളെ ആക്രമിച്ച്‌ ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണ്ണമായും നശിപ്പിക്കുകയെന്നതായിരുന്നു ഇവരുടെ പ്രവര്‍ത്തന രീതി. അതുകൊണ്ട് തന്നെ മറ്റു വഴികളില്ലാതെ ഡോക്ടര്‍മാര്‍ക്ക് റൗലിന്റെ കാല്‍ മുറിച്ച്‌ മാറ്റേണ്ടി വന്നു.

ഉപ്പ് വെള്ളത്തിലും കെട്ടികിടക്കുന്ന മലിന ജലത്തിലുമാണ് ഈ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍ കാണപ്പെടുക. അമേരിക്കയില്‍ 2010 തൊട്ട് പ്രതിവര്‍ഷം 700 മുതല്‍ 1100 പേര്‍ക്ക് വരെ ഈ ബാക്ടീരിയ ബാധ ഉണ്ടാവുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.