സുഖകരമായ ഉറക്കം മനുഷ്യന്റെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങുന്നതാണ് ആരോഗ്യകരമായ ശീലം എന്നാണ് വിദഗ്ധർ പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പലർക്കും എട്ടുമണിക്കൂർ പോയിട്ട് അഞ്ചു മണിക്കൂർ പോലും ഉറക്കം തികച്ചു കിട്ടാറില്ല. ഉറങ്ങുന്ന സമയത്ത് ഇടയ്ക്കിടെ ഞെട്ടി ഉണരാറുണ്ടോ? അല്ലെങ്കിൽ രാത്രി ഉറക്കം ഇടയ്ക്കിടെ മുറിയാറുണ്ടോ? എങ്കിൽ ഇത് മറ്റൊരു രോഗത്തിന് ലക്ഷണം ആണ് എന്നാണ് ഏറ്റവും പുതിയ ഒരു പഠനം തെളിയിക്കുന്നത്.
യൂറോപ്യൻ അക്കാദമി ഓഫ് ന്യൂറോളജി കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ട ഒരു റിസർച്ച് പേപ്പറിൽ ആണ് ഇക്കാര്യം പറയുന്നത്. ഇത്തരത്തിൽ ഉറക്കം ഇടയ്ക്കിടെ മുറിയുന്നത് പക്ഷാഘാതത്തിനോ ഹൃദയസംബന്ധമായ ഗുരുതര അസുഖത്തിനോ കാരണമായേക്കാം എന്നാണ് ഗവേഷകർ പറയുന്നത്. ക്രമമല്ലാത്ത ശ്വാസമെടുപ്പ്, രാത്രിയിലെ ഉറക്കമില്ലായ്മ, ഉറക്കം ഇടയ്ക്കിടെ മുറിയുന്ന അവസ്ഥ വളരെ കൂടിയ സമയത്തെ ഉറക്കം ഇവയെല്ലാം ഇത്തരം പക്ഷാഘാതത്തിനും ഹൃദയസംബന്ധമായ അസുഖത്തിനു കാരണമായേക്കും എന്ന് പഠനം പറയുന്നു.