HomeHealth Newsആത്മവിശ്വാസം നേടുന്നതെങ്ങിനെ ? മന:ശാസ്ത്രജ്ഞൻ സോണി തോമസ്‌ ഓലിക്കൻ എഴുതുന്നു

ആത്മവിശ്വാസം നേടുന്നതെങ്ങിനെ ? മന:ശാസ്ത്രജ്ഞൻ സോണി തോമസ്‌ ഓലിക്കൻ എഴുതുന്നു

se

മന:ശാസ്ത്ര ക്ലിനിക്കിലെത്തുന്ന പല പ്രശ്നങ്ങളെയും പരിശോധിച്ചാൽ മനസിലാവും എല്ലാത്തിന്റെയും പിന്നിൽ ഒരു ആത്മവിശ്വാസത്തിന്റെ കുറവാണുള്ളത്. ആത്മവിശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകൾ നമ്മുടെ കാഴ്ച്ചപ്പാടുകളേയും ജീവിത നിലപാടുകളെയും സാമൂഹ്യ ബന്ധങ്ങളെയും മാത്രമല്ല, പെരുമാറ്റങ്ങളേയുമൊക്കെ ആഴത്തിൽ സ്വാധീനിക്കുന്നു.

എന്നെ ആർക്കും ഇഷ്ടമല്ല

വൈകാരിക പ്രശ്നങ്ങളുടെ പരാതിപ്പെട്ടി തുറക്കുമ്പോൾ പലരും പറഞ്ഞെത്തുന്നത് ഈ നെടുവീർപ്പുകളിലാണ്. പക്ഷെ ഈ പരിവേദനത്തെ ചികഞ്ഞെടുക്കുമ്പോൾ മനസ്സിലാകും, സത്യത്തിൽ എനിക്ക് ഇഷ്ടമല്ലാത്തത് എന്നെത്തന്നെയാണ്. ഭാര്ത്താവുമായി പിണങ്ങിക്കഴിയുകയാണ് മുബീന. പല തവണ ഭര്ത്താവും വീട്ടുകാരും വന്നു വിളിച്ചു നോക്കി. ഒടുവിലാണ് മുബീനയെ കൌണ്‍സിലിംഗിനായി കൊണ്ടുവന്നത്. മുബീനയുടെ സങ്കടം അവളെ ഭർത്താവും വീട്ടുകാരും വിലമതിക്കുന്നില്ല, ഇഷ്ട്ടപ്പെടുന്നില്ല എന്നൊക്കെയാണ്. അവളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ, ഭർതൃ വീട്ടുകാരെല്ലാം വലിയ പത്രാസുകാരും കുംബാസുകാരുമാണ്. അവളെ കാണുന്നതും മിണ്ടുന്നതുമൊക്കെ പുഛത്തോടെയാണ്. കാര്യം തിരക്കി എത്തിയപ്പോൾ മനസ്സിലാകുന്നത്, മുബീനയ്ക്ക് ഭർതൃ വീട്ടുകാരെക്കളും അൽപം പഠിത്തം കുറവാണെന്നും, ഭർതൃ സഹോദരിമാരെപ്പോലെ സർക്കാർ ജോലി ഇല്ലെന്നതുമാണ്. ഇതായിരുന്നു മുബീനയുടെ പ്രശ്നം. വെളുത്തിട്ടാണെങ്കിലും സൌന്ദര്യം അത്ര പോര എന്നാണു കരുതുന്നത്. താൻ എന്തുചെയ്താലും കുറ്റം കണ്ടുപിടിക്കാൻ എല്ലാവരും തുറിച്ചു നോക്കുന്നു. മുബീന പറയുന്നു, എനിക്ക് വയ്യ ഇവരുടെ കൂടെ പൊറുക്കാൻ. മനസ്സിലായി, പറഞ്ഞു പറഞ്ഞ് മുബീന എത്തുന്നത്, സ്വന്തം അപകർഷതകളിലേക്കാണ്. കുറവിന്റെ ചിന്തകളിലേക്കാണ്.

ആത്മവിശ്വാസത്തിന്റെ ഏണിപ്പടികൾ

ആത്മവിശ്വാസമെന്നത് ഒരാൾക്ക് ജനിക്കുമ്പോളേ കിട്ടുന്ന ഒരു വരമല്ല. വളർന്നുവരുന്ന സാഹചര്യങ്ങളും കുടുംബബന്ധങ്ങളുമൊക്കെ ആത്മവിശ്വാസത്തിനു കരുത്തു പകരുമെങ്കിലും ആത്മവിശ്വാസമെന്നത് ഒരുവൻ സ്വയം പരിശ്രമത്തിലൂടെ നേടിയെടുക്കേണ്ട ഒരു കഴിവാണ്. വീണും എണീറ്റും പിന്നെയും വീണുമൊക്കെയല്ലാതെ എങ്ങിനെയാണ് ഒരു കുട്ടി നടക്കാൻ പഠിക്കുക? ഒരിക്കൽ വീണതുകൊണ്ട് കുട്ടി പിന്നീട് നടക്കാൻ മടിച്ചാൽ എന്താകും അവസ്ഥ?
എന്നെ ഞാൻ അറിയാതെ പോകരുത്

പലരും ജീവിതത്തിൽ ഒളിച്ചുകളി നടത്തുന്നവരാണ്. ജീവിക്കുക എന്നാൽ സ്വന്തം കുറവുകളെ മറ്റുള്ളവരിൽ നിന്നും മറച്ചു വയ്ക്കുകയും പുറമേ ധൈര്യം അഭിനയിക്കുകയും ചെയ്യുക എന്ന സാഹസമാണ്. സനീഷിനു പ്രായപൂർത്തിയായ കാലംമുതലേ പെണ്ണുങ്ങൾ എന്നാൽ പേടിയാണ്. എന്തു ചോദിക്കണം, മിണ്ടുമ്പോൾ മുഖത്തെങ്ങനെ നോക്കണം, മോശമായ നോട്ടം വല്ലതും സംഭവിക്കുമോ, തന്റെ പേടി അവർ അറിയുമോ തുടങ്ങി ഒരു നൂറു പ്രശ്നങ്ങളാണ് അവന്റെ സ്ത്രീ വിരുധ്ധതയ്ക്ക് കാരണം. പക്ഷെ തന്റെ ഈ ബുദ്ധിമുട്ടുകൾ സനീഷിനു മാത്രം അറിയാവുന്ന ഒരു സ്വകാര്യ ഭയവുമാണ്. വീട്ടുകാർ എത്രയോ തവണയായി പെണ്ണുകെട്ടാൻ നിർബന്ധിക്കുന്നു, പക്ഷെ സനീഷിന്റെ സമയം ഇനിയും ആയിട്ടില്ലത്രേ.

കുറവുകളില്ലാത്തവരായി ആരുമുണ്ടാകില്ല. പക്ഷെ കുറവുകൾക്കൊപ്പം കഴിവുകളും ഉണ്ടെന്നത് മറക്കരുത്. ചില കുറവുകൾ പരിഹരിക്കുക പ്രയാസമാണ്. മാറ്റാൻ പറ്റാത്ത ഇത്തരം പ്രയാസങ്ങളെ പഴിച്ചിട്ടെന്തു കാര്യം? ജീവിതമെന്തിനു പരിഭവിച്ച് തീർക്കണം? ആരും സ്വന്തം ജീവിതം കണക്കു പറഞ്ഞ് മേടിക്കുന്നതല്ല. യാദൃശ്ചിക ഭാഗ്യമായി കിട്ടിയതാണ് ജീവൻ. തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നെങ്കിൽ നാം അങ്ങിനെയല്ലേ ചെയ്യൂ? അപ്പൊ പിന്നെ ദാനം കിട്ടിയ പശുവിന്റെ വായിൽ പല്ലുണ്ടോ എന്ന് നോക്കേണ്ടതുണ്ടോ? ഇത്തിരി കറുത്തിട്ടാണെങ്കിലും, പൊക്കം ഇത്തിരി കുറഞ്ഞിരുന്നാലും, ഞാൻ ജീവിച്ചിരിക്കുന്നല്ലൊ. ഈ ലോകത്തിന്റെ ഭാഗമായിരിക്കുന്നല്ലോ. ലാഭം തന്നെ. സ്വയം അറിയുക. കഴിവുകളേയും, കുറവുകളെയും. ശരിയായ അറിവ് ആത്മ വിശ്വാസത്തിന്റെ അടിത്തറയാണ്.
എനിക്ക് ഞാൻ തന്നെ നമസ്ക്കാരം

അറിവുകൾ മാത്രം ആത്മ വിശ്വാസം പകരണം എന്നില്ല. ചില അറിവുകൾ നമ്മെ അരക്ഷിതരാക്കുകയും ചെയ്യും. കുട്ടിയായിരുന്നപ്പോൾ വളരെ സന്തോഷമുള്ള ആളായിരുന്നു അജിത്‌. പക്ഷെ കൗമാരമെത്തിയപ്പൊൾ മുതൽ ഒരു തോന്നൽ, മൂക്കിനെന്തോ കുഴപ്പമുണ്ട്. എല്ലാവരും എന്റെ മൂക്കിലേക്ക് തുറിച്ചു നോക്കുന്നു. മൂക്കിനിത്രയും പരപ്പും വിസ്താരവും വേണ്ടിയിരുന്നില്ല. സാവധാനം, അജിത്‌ സംസാരിക്കുമ്പോഴൊക്കെയും കൈകൾ അറിയാതെ മൂക്കുപൊത്താൻ തുടങ്ങി. ചിലപ്പോൾ ഒരു കമന്റ്‌, അല്ലെങ്കിൽ കൂടെയുള്ളവരുമായി ഒരു താരതമ്യപ്പെടുത്തൽ, അതുമതി, ചില കുറവുകൾ മനസ്സിൽ അസ്വസ്ഥത സൃഷ്ട്ടിക്കാൻ. ഞാൻ ഞാനായിരിക്കുന്നതിൽ സംതൃപ്തി ഇല്ലാത്തവരാണ് ആത്മവിശ്വാസം കുറവുള്ളവരാകുന്നത്. എന്നെപ്പോലെ മറ്റൊരാളില്ല. അതാണ്‌ എന്റെ തനിമ. ആ തനിമയെ കുറവുകളോടും നിറവുകളോടും കൂടി അംഗീകരിക്കാൻ കഴിയട്ടെ. ഈ ലോകത്തിലെ ഏറ്റവും കഴിവുള്ളവൻ ഞാനല്ല. ഏറ്റവും കഴിവു കുറഞ്ഞവനും ഞാനല്ല. ഞാൻ ഞാനാണ്. എനിക്ക് എന്നെ ഇഷ്ട്ടവുമാണ്.

വാചാലമായ ആത്മഭാഷണം.
പുറമേ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ എല്ലാവരും സ്വയം സംസാരിക്കുന്നവരാണ്‌. ആത്മ വിശ്വാസം വളരുകയോ തളരുകയോ ചെയ്യുന്നത് സ്വയം നടത്തുന്ന ഈ സംഭാഷണത്തിലൂടെയാണ്. നമ്മുടെ തന്നെ ചിന്തകളെ വീക്ഷിച്ചാൽ മനസ്സിലാകും, പലപ്പോഴും നമ്മൾ ഉള്ളിൽ പഴിക്കുകയും നിഷേധത്തിന്റെയും സ്വയം വിമർശനത്തിന്റെയും സംഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നവരാണ്. മറ്റുള്ളവർ നമ്മെ പഴിക്കുന്നതിലേറെ നാം നമ്മെത്തന്നെ പഴിക്കുന്നു. മറ്റുള്ളവർ നമ്മെ താഴ്ത്തുന്നതിലേറെ നാം നമ്മെ തന്നെ ഇകഴ്ത്തുന്നു. ഓഷോ പറഞ്ഞ ഒരു പഴയ ഇന്ത്യൻ കഥയുണ്ട്.

സ്വർഗ്ഗത്തിൽ ‘കല്പതരു’ എന്നു പേരുള്ള ഒരു മരമുണ്ട്. അതിനർത്ഥം ‘ ആഗ്രഹസാഫല്യം നൽകുന്ന മരം ‘ എന്നാണ്. ഒരു ദിവസം ഒരു യാത്രികൻ തളർന്ന് അവശനായി എങ്ങനെയോ ആ മരത്തിനരികെ എത്തി. അയാൾ ആ മരത്തിനടിയിൽ ഇരുന്നു. അയാൾ വിശന്നു വലഞ്ഞിരുന്നതിനാൽ അയാൾ വിചാരിച്ചു : ” ഇവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാനയാളോട് ഭക്ഷണം ചോദിക്കുമായിരുന്നു. പക്ഷേ ഇവിടെയെങ്ങും ആരുമില്ലെന്നു തോന്നുന്നു. ” അതേ നിമിഷം അയാളുടെ മുന്നിൽ ഭക്ഷണം പ്രത്യക്ഷപ്പെട്ടു. അയാൾ വല്ലാത്ത വിശപ്പിലായിരുന്നതിനാൽ കൂടുതൽ ഒന്നും ചിന്തിച്ചില്ല : അയാൾ അത് മുഴുവൻ തിന്നുതീർത്തു.

അതിനുശേഷം അയാൾക്കുറക്കം വരാൻ തുടങ്ങി. അയാൾ വിചാരിച്ചു. ” ഓ ! ഒരു കിടക്ക കിട്ടിയിരുന്നെങ്കിൽ. കിടക്ക പ്രത്യക്ഷമായി. എന്നാൽ കിടക്കയിൽ കടന്നു കഴിഞ്ഞപ്പോൾ അയാളിൽ വിചാരമുണർന്നു. ” എന്താണീ സംഭവിക്കുന്നത് ? ഞാനിവിടെ ആരേയും കാണുന്നില്ല . ഭക്ഷണം വന്നു. കിടക്കയും വന്നു ഒരു പക്ഷേ ഭൂതങ്ങളാകുമോ എനിക്ക് വേണ്ടി ഇതെല്ലാം ചെയ്യുന്നത് ! ” പെട്ടെന്ന് ഭൂതങ്ങൾ അയാൾക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഭയന്ന് വിറച്ച അയാൾ വിചാരിച്ചു, ” ഇനിയിവർ എന്നെ കൊന്നുകളയും!. അവ അയാളെ കൊന്നുകളഞ്ഞു.

ജീവിതത്തിലും നിയമം അതുതന്നെയാണ് : നിങ്ങൾ പ്രേതങ്ങളെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ അവ പ്രത്യക്ഷപ്പെട്ടേ ഒക്കു. ചിന്തിക്കുന്നത് നിങ്ങൾക്ക് കാണാനാവും : നിങ്ങൾ ശത്രുക്കളെപ്പറ്റി ചിന്തിക്കുകയാണെങ്കിൽ നിങ്ങളവരെ സൃഷ്ടിക്കും. നിങ്ങൾ സ്നേഹിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ചുറ്റും സ്നേഹം പ്രത്യക്ഷമാകും; നിങ്ങൾ വെറുക്കുകയാണെങ്കിൽ വെറുപ്പ് പ്രത്യക്ഷമാകും. നിങ്ങൾ ചിന്തിക്കുന്നതെന്തും സവിശേഷമായ ഒരു നിയമപ്രകാരം നിറവേറ്റിക്കൊണ്ടിരിക്കുന്നു. നിങ്ങൾ യാതൊന്നും ചിന്തിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് യാതൊന്നും സംഭവിക്കുന്നില്ല.

ആത്മ വിശ്വാസത്തിനു കുറുക്കു വഴിയില്ല. മാനം കെടാൻ, കളിയാക്കപ്പെടാൻ, പരാജയപ്പെടാൻ നമ്മുടെ മനസ്സിനെ വിട്ടു കൊടുക്കുക.ഇന്നല്ലെങ്കിൽ നാളെ നമ്മുടെ മനസ്സ് നട്ടെല്ലുള്ളതാകും. നമ്മളും ആത്മ വിശ്വാസമുള്ളവരാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments