നിമിഷങ്ങൾക്കുളിൽ മുറിവ് ഒട്ടിക്കുന്ന പശ കണ്ടെത്തി സിഡ്‌നി സര്‍വ്വകലാശാലയിലെ ബയോമെഡിക്കല്‍ ഗവേഷകർ

    ശസ്ത്രക്രിയയ്ക്ക് ശേഷമുളള വേദനയോടൊപ്പം പലര്‍ക്കും ഒരു പേടി സ്വപ്‌നമാണ് അതിനു ശേഷമുളള തുന്നല്‍. ഇതിനിടയില്‍ തമാശയായെങ്കിലും നാം ചിന്തിച്ചിരിക്കും ഈ മുറിവുകള്‍ പശ വെച്ച് വേഗം യോജിപ്പിക്കാന്‍ കഴിഞ്ഞെങ്കിലെന്ന്. എന്നാല്‍ അതും സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് സിഡ്‌നി സര്‍വ്വകലാശാലയിലേയും അമേരിക്കയിലേയും ബയോമെഡിക്കല്‍ രംഗത്തെ ഒരു കൂട്ടം ഗവേഷകര്‍. ഒരു ഹൈബ്രിഡ് ഇലാസ്റ്റിക് പ്രോട്ടീനാണ് ഈ പശ. അള്‍ട്രാവയലറ്റ് ലൈറ്റിന്റെ സഹായത്തോടെയാണ് ഈ പശ ശരീരത്തില്‍ ഉപയോഗിക്കുന്നത്.

    വെറും 60 സെക്കന്റ് കൊണ്ട് മുറിവുകള്‍ ഒട്ടിക്കാന്‍ സഹായിക്കുന്ന പശയാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. തുന്നല്‍ ശ്രമകരമായ ആന്തരിക അവയവങ്ങളുടെ മുറിവുണക്കാനും ഈ പശ ഏറെ സഹായകമാകും. ദ്രവരൂപത്തിലുളള പശ കലകളുടെ ഉപരിതലത്തിലെത്തുമ്പോള്‍ ഖരരൂപത്തിലാകുകയും മുറിവിനെ യോജിപ്പിക്കുകയും ചെയ്യും. MeTro എന്ന് പേരിട്ടിരിക്കുന്ന ഈ പശയ്ക്ക് വളരെ ഇലാസ്തികത സ്വഭാവമുളളതിനാല്‍ പെട്ടെന്ന് വികാസം പ്രാപിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഹൃദയം, ശ്വാസകോശം, ഹൃദയധമനികള്‍ എന്നിവയിലെ ശസ്ത്രക്രിയയ്ക്ക് ഇത് വളരെ സഹായകരമാകുമെന്നാണ് പഠനം പറയുന്നത്.