കൊച്ചി കളമശ്ശേരിയിൽ പതിനെഴുകാരനെ മർദ്ദിച്ച സംഘത്തിലെ കുട്ടികളിൽ ഒരാൾ ആത്മഹത്യ ചെയ്തു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17കാരനെ മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട ഏഴു പേരിൽ നാലു പേരെ കളമശ്ശേരി പൊലീസ് മാതാപിതാക്കൾക്കൊപ്പം വിളിച്ചു വരുത്തിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയിൽ നിന്നാണ് പതിനെട്ടു വയസ്സുകാരനായ അഖിൽ വർഗിസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. മർദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാൻ പതിനേഴുകാരൻ തയ്യാറായത്.