പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ മരിച്ചു. കൊല്ലപ്പെട്ട സൈനികരില്‍ ഒരു മേജറും ഉള്‍പ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് ഭീകരാക്രമണം നടന്ന പുല്‍വാമയില്‍ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുന്നു. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു. സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദില്‍ ധറിന്റെ കൂട്ടാളികളാണ് ഒളിച്ചിരിക്കുന്ന ഭീകരരെന്നാണ് കരുതുന്നത്.
ഇവര്‍ ജയ്ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ടവരാണെന്നും സൂചനയുണ്ട്. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്.
സൈന്യം പ്രദേശം വളഞ്ഞുവെന്ന് മനസ്സിലാക്കിയതോടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ ആദില്‍ ധര് ഒറ്റയ്ക്കല്ല ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്