സിഎംസി സിനിമാസിന്റെ ബാനറിൽ പ്രതീഷ് സെബാൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായ ‘പെരിയോൻ’ മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വിജയദശമി ദിനത്തിൽ പ്രശസ്ത സിനിമാ താരങ്ങളുടെയും സിനിമാ പ്രവർത്തകരുടെയും ഫേസ്ബുക്ക് പേജിലൂടെ നടന്നു. പ്രശസ്ത താരങ്ങളായ അനു സിതാര, നോബി, സെന്തിൽ കൃഷ്ണ (ചാലക്കുടിക്കാരൻ ചങ്ങാതി), അനിൽ പി. നെടുമങ്ങാട് തുടങ്ങി ഒട്ടനവധി പേർ തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.
സിഎംസി സിനിമാസിന്റെ ആദ്യ സിനിമയാണ് പെരിയോൻ. മലയാള സിനിമയിലേക്ക് അനേകം പ്രമുഖരെ സമ്മാനിച്ച കോട്ടയം കേന്ദ്രമാക്കി, ഒരുകൂട്ടം സിനിമാ പ്രവർത്തകർ ആരംഭിച്ച പ്രൊഡക്ഷൻ കമ്പനിയാണ് ക്രീയേറ്റീവ്മൂവി ക്ലബ് എന്ന സിഎംസി സിനിമാസ്. കഴിവുറ്റ താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച സിഎംസി സിനിമാസിന്റെ ആദ്യ ചിത്രമായ പെരിയോനിൽ, മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു. പാലക്കാടും ഒറ്റപ്പാലവുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.