എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. ഷാജഹാന്, ഷിറാസ് സലിം എന്നിവരാണ് ആലപ്പുഴയില്‍ നിന്ന് പിടിയിലായത്. ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ പിടിച്ചെടുത്തു. കൊലയെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷാജഹാന് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളാണ്. ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായികപരിശീലനം നല്‍കുന്നയാളുമാണ്.
അതേസമയം, കേസില്‍ പ്രതികള്‍ക്കെതിരെ ഈ ഘട്ടത്തില്‍ യു.എ.പി.എ ചുമത്തില്ലെന്ന് പൊലീസ്. മുന്‍ കാലങ്ങളിലെ സിപിഐഎം പാര്‍ട്ടി എടുത്ത നയം കണക്കിലെടുത്താണ് പ്രതികള്‍ക്കെതിരെ തിരക്കിട്ട് യു.എ.പി.എ ചുമത്തേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസാണ് പൊലീസിന് നിയമോപദേശം നല്‍കിയത്.
ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്തുണ ലഭിക്കാത്തതിന് പുറമെ നിയമോപദേശം കൂടി ലഭിച്ചപ്പേള്‍ തല്ക്കാലം യു.എ.പി.എ ചുമത്തേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്‍.ഐ.എ കേസ് ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെടില്ല. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍.ഐ.എ മുന്നോട്ട് വന്നാല്‍ സര്‍ക്കാര്‍ എതിര്‍ത്തേക്കില്ല.