കോട്ടയത്തെ കെവിന് വധക്കേസില്‍ നീനുവിന്റെ അമ്മ രഹ്നയെ അന്വേഷണസംഘം ചോദ്യംചെയ്യും. ചൊവ്വാഴ്ച രാവിലെ രഹ്ന ഡിവൈ.എസ്.പി: ഗിരീഷ് പി. സാരഥിക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സാക്ഷിയുടെയും രണ്ടു പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് രഹ്നയെ ചോദ്യം ചെയ്യാനുള്ള തീരുമാനം. പ്രധാന സാക്ഷി അനീഷിന് പുറമേ രണ്ടു പ്രതികളും രഹ്നയാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് ആരോപിച്ചിരുന്നു.
കെവിന് കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും രഹ്നയെ പൊലീസ് ചോദ്യംചെയ്തിരുന്നില്ല. രഹ്നയെ പ്രതിയാക്കേണ്ടെന്ന നിലപാടിലായിരുന്നു തുടക്കംമുതല്‍ പൊലീസ്. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു തലേന്നു രഹ്ന മാന്നാനത്തെത്തി പരസ്യമായി ഭീഷണി മുഴക്കിയെന്നു പ്രധാന സാക്ഷി അനീഷ് മൊഴി നല്‍കിയിരുന്നു. അതിനിടെ, അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
കെവിന്റേതു മുങ്ങിമരണമാണോ മുക്കിക്കൊന്നതാണോ എന്നതില്‍ വ്യക്തത വരുത്താന്‍ ഫൊറന്‍സിക് സംഘം ഇന്നലെ പുനലൂര്‍ ചാലിയേക്കര തോട്ടില്‍ പരിശോധന നടത്തി. കെവിനെ വാഹനത്തില്‍നിന്ന് ഇറക്കി ഇരുത്തിയതായി പറയുന്ന സ്ഥലം, താഴേയ്ക്കു ചാടിയെന്നു പറയുന്ന സ്ഥലത്തിന്റെ ഉയരം, പുഴയിലേക്കുള്ള ദൂരം, ശരീരം കിടന്ന സ്ഥലം എന്നിവിടങ്ങളിലാണു പരിശോധന നടന്നത്.