
അനായാസം പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ മൂന്നാം ഏകദിനത്തിനിറങ്ങിയ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ബംഗ്ലാദേശ്. ബംഗ്ലാദേശ് പര്യടനത്തിലെ അവസാന ഏകദിനത്തില്‍ 50 റണ്‍സിന്‍റെ പരാജയമാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റിങിനറങ്ങിയ ബംഗ്ലാദേശ് 48.5 ഓവറില്‍ 24 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങില്‍ 196 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ. ബംഗ്ലാദേശിനായി നജ്മുല്‍ ഹൊസൈന്‍ ഷാന്‍റോയും മുഷ്ഫിഖുര്‍ റഹീമും ഷാക്കിബ് അല്‍ ഹസനും അര്‍ധസെഞ്ച്വറി നേടി. 17 റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടപ്പെട്ട ബംഗ്ലദേശ് ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത് ഇവര്‍ മൂന്ന് പേരുടെയും ഇന്നിങ്സാണ്. വണ്‍ഡൌണായെത്തിയ ഷാന്‍റോ 71 പന്തില്‍ 53 റണ്‍സെടുത്ത് റണ്ണൌട്ടാകുകയായിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍ നടത്തിയ പോരാട്ടമാണ് ആതിഥേയരെ തുണച്ചത്.