HomeWorld NewsGulfറമസാന്‍ മാസത്തിലെ ഉംറ നിര്‍വഹണത്തിന് സൗദി അറേബ്യ പെര്‍മിറ്റ് നല്‍കി തുടങ്ങി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

റമസാന്‍ മാസത്തിലെ ഉംറ നിര്‍വഹണത്തിന് സൗദി അറേബ്യ പെര്‍മിറ്റ് നല്‍കി തുടങ്ങി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

വിശുദ്ധ റമസാന്‍ മാസം ഉംറ നിര്‍വഹിക്കുന്നതിന് സൗദി അറേബ്യ വിശ്വാസികള്‍ക്കുള്ള പെര്‍മിറ്റ് വിതരണം ആരംഭിച്ചു. ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നുസൂക് പ്ലാറ്റ്ഫോം വഴി അനുമതിയ്ക്ക് അപേക്ഷിക്കാമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. കൂടാതെ മുമ്ബ് ഉംറ ബുക്കിങ്ങിനായി ഉപയോഗിച്ചിരുന്ന ഈറ്റ്മര്‍ന (Eatmarna app) ആപ്പ് റദ്ദാക്കിയതായും മന്ത്രാലയം അറിയിച്ചു. “റമസാന്‍ മാസത്തിലെഉംറയ്ക്കുള്ള പെര്‍മിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നു.ഉംറയ്ക്കായി എളുപ്പത്തില്‍ നുസുക് ആപ്പ് വഴി നിങ്ങളുടെ റിസര്‍വേഷന്‍ നടത്തുക,” മന്ത്രാലയം ബുധനാഴ്ച ചെയ്ത ട്വീറ്റില്‍ പറഞ്ഞു.

ഈ വര്‍ഷം റമസാനില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ബുക്ക് ചെയ്യാന്‍ തുടങ്ങുക. സ്ലോട്ടുകള്‍ പരിമിതമാണ്, അതിനാല്‍ അവ വേഗത്തില്‍ തീര്‍ന്ന് പോകാനിടയുണ്ട്. മാസത്തിലെ രണ്ട്, ഒമ്ബത്, പതിനാറ് തീയതികളിലായി റമസാനിലെ ആദ്യ മൂന്ന് വ്യാഴാഴ്ചകളില്‍ കടുത്ത തിരക്ക് അനുഭവപ്പെടാനിടയുള്ളതായും ടൈം മാപ്പില്‍ വ്യക്തമാക്കുന്നു. റമസാനിലെ ശേഷിക്കുന്ന 20 ദിവസങ്ങളില്‍ നേരിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. റമസാന്റെ അവസാന പത്ത് ദിവസങ്ങള്‍ ഇപ്പോഴും നുസുക്കില്‍ ബുക്കിംഗിനായി തുറന്നിട്ടില്ല. ഉംറ തീര്‍ഥാടനവും പ്രവാചക പള്ളിയില്‍ റൗദാ ശരീഫ് സന്ദര്‍ശന അനുമതിയും അനുബന്ധ സേവനങ്ങളുടെ നടപടിക്രമങ്ങളും വെബ്സൈറ്റ് വഴി പൂര്‍ത്തിയാക്കാം. ഉംറ വിസയുടെ കാലാവധി 90 ദിവസമാക്കിയത് വിദേശികള്‍ക്ക് ഗുണം ചെയ്യും. ഉംറ നിര്‍വഹിക്കാന്‍ രാജ്യത്ത് വരാന്‍ ആഗ്രഹിക്കുന്ന മുസ്ലീങ്ങള്‍ക്കായി സൗദി അറേബ്യ കഴിഞ്ഞ മാസങ്ങളില്‍ നിരവധി സൗകര്യങ്ങളാണ് അവതരിപ്പിച്ചത്. പേഴ്സണല്‍, വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള എന്‍ട്രി വിസകള്‍ കൈവശമുള്ള മുസ്ലിംങ്ങള്‍ക്ക് ഉംറ നിര്‍വ്വഹിക്കാനാകും. മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ മുഹമ്മദ് നബിയുടെ ഖബറിടം സ്ഥിതിചെയ്യുന്ന റൗദ ശരീഫ് സന്ദര്‍ശിക്കാനും മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ സാധിക്കുന്നതാണ്. ഉംറ വിസ 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുകയും എല്ലാ കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും ഏത് വിമാനത്താവളത്തില്‍ നിന്നും തിരികെ പോകാനും അനുമതി നല്‍കിയിട്ടുണ്ട്.

റമസാന്‍ സാധാരണയായി ഏറ്റവും കൂടുതല്‍ ഉംറ നടക്കുന്ന സീസണ്‍ ആണ്. മക്കയിലെയും മദീനയിലെയും ഇസ്ലാമിന്റെ രണ്ട് വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള ഒരു തീര്‍ത്ഥാടനമാണ് ഉംറ. വര്‍ഷത്തില്‍ ഏത് സമയത്തും ഉംറ നടത്താവുന്നതാണ്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹജ്ജില്‍ നിന്ന് ഉംറ തികച്ചും വ്യത്യസ്തമാണ്. ഈ വര്‍ഷം മാര്‍ച്ച്‌ 23 ന് റമസാന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും കൃത്യമായ തീയതി മാര്‍ച്ച്‌ 22 ന് രാത്രി രാജ്യത്തെ മൂണ്‍ സൈറ്റിംഗ് കമ്മിറ്റി പ്രഖ്യാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments