HomeUncategorizedകാൻസർ ചികിൽസയും - RCC യും: സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വസ്തുതകളുടെ യാഥാർത്ഥ്യമെന്ത് ?

കാൻസർ ചികിൽസയും – RCC യും: സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വസ്തുതകളുടെ യാഥാർത്ഥ്യമെന്ത് ?

അടുത്ത കാലത്തായി റീജിയണൽ ക്യാൻസർ സെന്ററിനെക്കുറിച്ച് പല വാർത്തകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. RCC യിൽ മുപ്പത് വർഷത്തോളമായി പി.ആർ.ഒ ആയി സേവനമനുഷ്ഠിക്കുന്ന ശ്രീ.സുരേന്ദ്രൻ ചുനക്കര യാഥാർത്ഥ വസ്തുതകൾ പങ്കുവെയ്ക്കുന്നു.

2014ൽ നിലവിൽ ഉണ്ടായിരുന്ന “ക്യാൻസർ കെയർ ഫോർ ലൈഫ് ” എന്ന പദ്ധതിയെക്കുറിച്ച് ഇന്നും സോഷ്യൽ മീഡിയയിലൂടെ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. 500 രൂപ മുടക്കിയാൽ 50000 രൂപയും 10000 രൂപ മുടക്കിയിൽ അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിൽസ കിട്ടുന്ന പദ്ധതി 2014 വരെ നിലവിൽ ഉണ്ടായിരുന്നു. അന്ന് അപേക്ഷിച്ചവർക്ക് ചികിൽസയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. എന്നാൽ 2014ൽ നിർത്തലാക്കിയ ഒരു പദ്ധതി ഇന്നും നിലനിൽക്കുന്നുവെന്ന വാർത്ത പൊടിപ്പും തൊങ്കലും വെച്ച് RCC യുടെ ഔദ്യോഗിക നമ്പർ സഹിതം വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിച്ചുകൊണ്ടിരിക്കുന്നു.

ആദ്യഘട്ടത്തിൽ ” പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി “RCC യുമായി ബന്ധപ്പെടൂ എന്ന തലക്കെട്ടോടെ വാർത്തകൾ പ്രചരിപ്പിച്ചിരുന്നത്.പിന്നീടത് മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതി ആയി മാറി. ചില വ്യക്തികൾ അവരുടെ മനോധർമ്മം അനുസരിച്ച് നിലവിൽ ഇല്ലാത്ത ഒരു പദ്ധതി ഉണ്ടെന്നും RCC യിലെ നമ്പർ ഉൾപ്പെടുത്തി വാർത്തകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ ഉള്ള വാർത്തകൾ വിശ്വസിച്ച് ദിനംപ്രതി നൂറ് കണക്കിന് ഫോൺ കോളുകൾ ആണ് വരുന്നത്. വാർത്തകൾ പ്രചരിപ്പിക്കുന്നവർ ആലോചിക്കേണ്ട മറ്റൊരു കാര്യം RCC പോലെ വലിയൊരു സ്ഥാപനത്തിൽ രോഗികൾക്ക് കൂടുതൽ പരിഗണന നൽകേണ്ടുന്ന സമയത്താണ് ഇത്തരത്തിൽ ഉള്ള അനാവശ്യ ഫോൺകോളുകൾക്കു കൂടി മറുപടി പറയേണ്ടി വരുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം വാർത്തകൾ വിശ്വസിച്ച് 500 രൂപയുടെ ഡിഡി എടുത്ത് അയക്കുന്നവനും ധാരാളമുണ്ട്.ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ ഇത്തരത്തിൽ ഒരു ഡി ഡി വന്നാൽ തിരിച്ചയക്കേണ്ടി വരുന്നത് മൂലം ഗവൺമെന്റിന്റെ പണമാണ് നഷ്ടമാകുന്നത്.

ഇത്തരത്തിലുള്ള വാർത്തകൾ കാണാനിടയാക്കുന്നവർ അതിന്റെ നിജസ്ഥിതി അറിഞ്ഞതിനു ശേഷം മാത്രമെ ഷെയർ ചെയ്യാൻ തയ്യാറാകാവൂ.അത് പോലെ തന്നെ ഏത് സ്ഥാപനത്തിനും അതിന്റെതായ വെബ്സൈറ്റുകൾ ഉണ്ടാകും. www.rcctvm.org ആണ് RCC യുടെ വെബ്സൈറ്റ് .RCC യെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ് സൈറ്റിൽ സന്ദർശിച്ചാൽ മനസ്സിലാക്കാൻ കഴിയും. RCC യിൽ ഭാവിയിൽ പുതിയ എന്തെങ്കിലും പദ്ധതി ഉണ്ടായാൽ പത്രങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും വിപുലമായി തന്നെ വാർത്തകൾ കൊടുക്കുന്നതായിരിക്കും.

RCC ഒരു വിഗ്ഗ് ഉണ്ടാക്കുന്ന സ്ഥാപനമോ?

നിങ്ങൾ ആലോചിച്ചു നോക്കൂ RCC പോലെ തിരക്കുള്ള ഒരു ആശൂപത്രിയിൽ ദിവസവും ഡയറക്ടറുടെ പേരിൽ പാഴ്സൽ വരുന്നത്. അത് തുറന്നു നോക്കുമ്പോഴോ? വിഗ്ഗ് ഉണ്ടാക്കാൻ എന്ന ധാരണയിൽ മുടി മുറിച്ച് അയച്ചിരിക്കുന്നതാണ്.ഒരു പക്ഷെ അവർ ചെയ്യുന്നത് നല്ലൊരു കാര്യമാകാം. കീമോതെറാപ്പി കഴിയുന്ന രോഗികൾക്ക് മുടി കൊഴിയുന്നത് സ്വാഭാവികമാണ്. ഇത്തരം രോഗികൾക്ക് ഒരു ആശ്വാസമായിക്കോട്ടെ എന്ന ധാരണയിൽ മുടി അയക്കുന്നവർ മനസ്സിലാക്കേണ്ടത് RCC പോലൊരു സ്ഥാപനത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഒന്നര വർഷക്കാലമായി ഇത്തരത്തിൽ മുടി വന്നു കൊണ്ടിരിക്കുന്നു. ഇവയെല്ലാം നശിപ്പിച്ച് കളയാനെ മാർഗ്ഗമുള്ളു. RCCയിൽ വിഗ്ഗ് ഉണ്ടാക്കുന്ന ഒരു സ്ഥാപനമല്ല. അത്തരത്തിൽ ഒരു സംവിധാനവും ഇവിടെയില്ല.

ചില സംഘടനകൾ സ്ക്കൂളുകൾ സന്ദർശിച്ച് RCC യിലെ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കാൻ എന്ന ധാരണയിൽ കുട്ടികളിൽ നിന്നും മുടി മുറിച്ചു വാങ്ങിയതായിട്ട് കേൾക്കാനിടയായി. RCC ക്ക് ഇത്തരം കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. ഏതെങ്കിലും ഏജൻസികൾ ഇത്തരത്തിൽ മുടികൾ കളക്ട് ചെയ്യുന്നുണ്ടാകാം. RCC യുടെ മേൽവിലാസത്തിൽ ആണെങ്കിൽ നിങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന സത്യം തിരിച്ചറിയുക ( മറ്റേതെങ്കിലും പ്രൈവറ്റ് സ്ഥാപനങ്ങൾ ക്യാൻസർ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കി കൊടുക്കുന്നുണ്ടാകാം.പക്ഷെ RCC യിൽ അത്തരം ഒരു സംവിധാനം ഇല്ല.)

RCC യിലെ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കാൻ എന്ന ധാരണയിൽ ഏതെങ്കിലും ഏജൻസി സ്ക്കൂളുകളെയോ മറ്റോ സമീപിച്ചാൽ RCC അതോറിറ്റിയുടെ രേഖാമൂലമുള്ള സർട്ടിഫിക്കറ്റോ കത്തോ ഉണ്ടോ എന്ന് പരിശോധിക്കണം. ആരുടെയും ചൂഷണത്തിന് വിധേയരാകാതിരിക്കുവാൻ ശ്രദ്ധിക്കുക. ഇതൊന്നും RCC യുടെ അറിവോടെ കൂടിയല്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കുക.RCC യുടെ പേരിൽ ആരെങ്കിലും വഞ്ചിക്കപ്പെടാൻ ഇടയായാൽ റിട്ടൺ പരാതി കിട്ടിയാൽ അവർക്കെതിരെ നടപടി എടുക്കുന്നതായിരിക്കും.

വെബ് മീഡിയയും തെറ്റായ വാർത്തകളുടെ പ്രചരണങ്ങളും:

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ അവയുടെ നിജസ്ഥിതി മനസ്സിലാക്കാതെ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ് വെബ് മീഡിയ. ചില ഓൺലൈൻ പോർട്ടലുകൾ RCC യുടെ ചിത്രങ്ങൾ വെച്ചും ഫോൺ നമ്പർവെച്ചും വാർത്തകൾ പ്രചരിപ്പിക്കുന്നു. അടുത്തിടെയായി നമ്മൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു വാർത്തയാണ് അലൂമിനിയം പാത്രത്തിൽ ആഹാരം പാകം ചെയ്താൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ് എന്നത്. RCC യിലെ ഡോക്ടർമാർ പറഞ്ഞിരിക്കുന്നു എന്ന വാർത്തകൾ വീഡിയോ ആയും വാർത്തകൾ ആയും പ്രചരിച്ചിരുന്നു. അത്തരത്തിൽ ഒരു വാർത്ത RCC യിലെ ഒരു ഡോക്ടർമാരും എവിടെയും പറഞ്ഞിട്ടില്ല.

അത് പോലെ തന്നെ അച്ചാർ കഴിക്കരുത്, ചീര കഴിക്കരുത്, ഉപ്പ് കൂട്ടരുത്, പ്ളാസ്റ്റിക് പാത്രം ഉപയോഗിക്കരുത് ക്യാൻസർ ഉണ്ടാക്കും ഇതെല്ലാം RCC യിലെ ഡോക്ടർമാർ പറഞ്ഞിരിക്കുന്നു എന്നുള്ള വ്യാജ വാർത്തകൾ RCC യിലെ ഫോട്ടോ സഹിതം വീഡിയോ ആയി പ്രചരിക്കുന്നുണ്ട്. ഇത്തരം വാർത്തകൾ കാണാനിടയാകുന്നവർ പിന്നീടങ്ങോട്ട് RCC യിലേക്ക് വിളിച്ച് സാർ ഞാനിന്ന് കുറച്ച് അച്ചാർ കഴിച്ചു കുഴപ്പമുണ്ടോ എന്നുള്ള ചോദ്യങ്ങൾ ആണ്.

കീമോതെറാപ്പി കഴിയുന്ന രോഗികളോട് പോലും പൊതുവെ അവർക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ചില രോഗികൾക്ക് മരുന്നിന്റെ കാഠിന്യത്തിൽ നാവ് വിണ്ടു കീറാൻ സാധ്യതയുണ്ട്. അത്തരക്കാരോട് എരിവ് കുറഞ്ഞ ഭക്ഷണം കഴിക്കാനാണ് പറയുന്നത്. അല്ലാതെ ഉപ്പ് കൂട്ടിയാലോ അച്ചാർ കഴിച്ചാലോ ക്യാൻസർ വരുമെന്നത് തെറ്റിദ്ധാരണയാണ്.

ഇന്ന് മാർക്കറ്റിൽ കിട്ടുന്ന പച്ചക്കറികൾ ഒട്ടു മിക്കവയും വിഷമയമാണ്. ഹൈ ഡോസിൽ ഉള്ള കീടനാശിനികളുടെ പ്രയോഗം മൂലം പച്ചക്കറികൾ ഉപയോഗിക്കാൻ പറ്റാത്ത ഒരവസ്ഥയാണ് നമുക്കിന്നുള്ളത്. അതിന്റെ പേരിൽ ചീര കഴിക്കാൻ പാടില്ല RCC യിലെ ഡോക്ടർമാർ പറഞ്ഞിരിക്കുന്നു എന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നവർ ആലോചിക്കേണ്ടത് പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു കാര്യമെന്നതാണ് .അല്ലാതെ നിരുൽസാഹപ്പെടുത്തലല്ല. കീടനാശിനികൾ പ്രയോഗിക്കാത്ത പച്ചക്കറികൾ പ്രത്യേകിച്ച് ചീര വീട്ടിൽ തന്നെ നട്ടുവളർത്താവുന്നവയാണ്.

RCC യും സ്നേഹസദ്യയും

ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഏറ്റവുമധികം പ്രചരിക്കുന്ന വാർത്തയാണ് സന്നദ്ധ സംഘടനകളുടെ RCC യിലെ രോഗികൾക്ക് ഉച്ച ഭക്ഷണം കൊടുക്കുന്നുവെന്ന വാർത്തകൾ. RCC യിലെ രോഗികൾക്ക് പുറമെ നിന്നുള്ള ഒരു ഭക്ഷണവും കൊടുക്കുന്നില്ല എന്ന വസ്തുത തിരിച്ചറിയുക. ഒരോ രോഗികൾക്കും ഡയറ്റീഷന്റെ നിർദ്ദേശ പ്രകാരമുള്ള ഭക്ഷണം ഹോസ്പിറ്റൽ ക്യാൻറീൻ വഴിയാണ് തയ്യാറാക്കി നൽകുന്നത്. വർഷങ്ങളായി പോലീസ് ഡിപ്പാർട്ടുമെന്റുമായിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിൽ നൂറ്റമ്പത് പേർക്കുള്ള പൊതിച്ചോറ് പോലീസ് ക്യാമ്പിൽ നിന്നും അവരുടെ തന്നെ വാഹനത്തിൽ പോലീസ് ഉദ്യോഗസ്ഥർ തന്നെ RCC കോമ്പൗണ്ടിന്നുള്ളിൽ വെച്ച് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നൽകുന്നുണ്ട്. അതുപോലെ തന്നെ RCC യിലെ കനിവ് എന്ന സംഘടനയും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഉച്ചഭക്ഷണം നൽകുന്നുണ്ട്.

RCC സ്ഥാപനത്തിന് പുറത്ത് വെച്ച് ആരെങ്കിലും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണ നൽകുന്നുണ്ടങ്കിൽ അതിൽ RCC ക്ക് യാതൊരു ബന്ധവുമില്ല. നിങ്ങൾക്ക് RCC യിലെ രോഗികളെ സഹായിക്കണോ? അതിന് മാർഗ്ഗങ്ങൾ ഉണ്ട്. ഒരു ഏജൻസിയുടേയോ ഇടനിലക്കാരുടെയോ ആവശ്യമില്ല. “അക്ഷയപാത്രം ” എന്നൊരു പദ്ധതിയുണ്ട്. ആ പദ്ധതി പ്രകാരം ഭക്ഷണത്തിനോ മെഡിസിനോ പണമടയ്ക്കാം. പാവപ്പെട്ട എല്ലാ രോഗികൾക്കും സഹായം കിട്ടുന്നതാണ്.

നേരിട്ടു വരികയോ തപാൽ വഴിയോ “പേഷ്യൻസ് വെൽഫെയർ ഫണ്ട് RCC ” എന്ന പേരിൽ ചെക്ക് ആയിട്ടോ ഡിഡി ആയിട്ടോ RCC ട്രിവാൻഡ്രം എന്ന പേരിൽ അയക്കാവുന്നതാണ്. ഇൻ ഫേവർ ഓഫ് എന്ന സ്ഥാനത്ത് വേണം ഇത് എഴുതുവാൻ. അയക്കേണ്ട വിലാസം: പബ്ളിക് റിലേഷൻ ഓഫീസർ, റീജിയണൽ ക്യാൻസർ സെന്റെർ, തിരുവനന്തപുരം – 11.

ഭക്ഷണത്തിനു വേണ്ടിയാണോ മരുന്നിന് വേണ്ടിയാണോ അങ്ങനെ എന്ത് ആവശ്യത്തിനാണ് എന്നുളള കത്ത് കൂടി വെയ്ക്കാവുന്നതാണ്.റെസിപ്റ്റ് അയച്ചുതരുന്നതിനാവശ്യമായ പൂർണ്ണമായ മേൽവിലാസവും കത്തിൽ ഉൾപ്പെടുത്തണം. അതുപോലെ തന്നെ സർക്കാർ ജീവനക്കാർക്ക് ആദായ നികുതിയിൽ ഇളവ് കിട്ടാനായി അവരടെ ആവശ്യപ്രകാരം ഇൻകം ടാക്സ് സർട്ടിഫിക്കറ്റും അയച്ചുകൊടുക്കുന്നതാണ്. സോഷ്യൽ മീഡിയകളിൽ വരുന്ന തെറ്റായ വാർത്തകളിൽ വഞ്ചിതരാകാതെ RCC യുടെ വെബ്സൈറ്റിൽ സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുക.

RCC യും സന്ദർശനവും:

RCC യിലെ സന്ദർശനത്തിനെ സംബന്ധിച്ച് ഒരാളുടെ പ്രഭാഷണം കേൾക്കാനിടയായി. നിങ്ങൾ RCC യിലേക്ക് ചെല്ലൂ….അവിടെ സെക്യൂരിറ്റിയുടെ അടുത്ത് അഞ്ച് രൂപ കൊടുത്താൽ ഒരു പാസ് കിട്ടും. ആ പാസുമായി നിങ്ങൾ ഒരു നില മുകളിലേക്ക് ചെല്ലൂ. അവിടെ കുട്ടികളുടെ വാർഡ് കാണാം. വായിൽ ക്യാൻസർ ബാധിച്ച കുഞ്ഞുങ്ങളെ മടിയിൽ വെച്ച് ഭക്ഷണം ഇറക്കാൻ കഴിയാതെ ഓരോ വറ്റും ഇറക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ദയനീയമായ കാഴ്ച നിങ്ങൾക്ക് കാണാൻ കഴിയും.കരളലിയിക്കുന്ന കാഴ്ചയാണത്. (കുട്ടികൾക്ക് വായിൽ ക്യാൻസർ വരില്ല എന്ന വസ്തുത തിരിച്ചറിയുക ). അഥവാ നിങ്ങൾ അവിടെ ചെല്ലുമ്പോൾ കയറ്റി വിട്ടില്ലങ്കിൽ എന്റെ പേര് പറഞ്ഞാൽ കയറ്റി വിടുമെന്ന് പ്രഭാഷണം നടത്തിയ ആൾ അവകാശപ്പെടുന്നത്.

ചില വ്യക്തികൾ അവരുടെ മനോധർമ്മം അനുസരിച്ച് ഓരോ കഥകൾ സൃഷ്ടിക്കുന്നു.ഇത്തരം വാർത്തകൾ വിശ്വസിക്കുന്നവരും കേട്ട പാതി RCC ലക്ഷ്യം വെച്ച് വരുന്നവരും ധാരാളമാണ്. ഒന്ന് പറഞ്ഞു കൊള്ളട്ടെ RCC എന്നത് ഒരു കാഴ്ച ബംഗ്ളാവ് അല്ല.പണമടച്ച് പാസ് വെച്ച് ഒരു സന്ദർശകരെയും കയറ്റി വിടുന്നില്ല. ഒരു രോഗി അഡ്മിറ്റ് ചെയ്യപ്പെടുമ്പോൾ അവർക്ക് രണ്ട് പാസ് നൽകുന്നുണ്ട്.ഒരു ദിവസം രണ്ട് പേർക്ക് നിശ്ചിത സമയത്ത് രോഗികളെ സന്ദർശിക്കാം. അല്ലാതെ ഫെയിസ് ബുക്കിലും വാട്സാപ്പിലും പ്രചരിപ്പിക്കുന്ന കഥകൾ പോലെ ഇവിടെ ആരെയും സന്ദർശനത്തിന് അനുവദിക്കില്ല.

ശ്രദ്ധയിൽപ്പെട്ട മറ്റൊരു വാർത്ത.ഒരാൾ RCC യിൽ സന്ദർശനത്തിനായ് വന്നു.കേണൽ ആണെന്ന് പറഞ്ഞപ്പോൾ കയറ്റി വിട്ടെന്ന്. അകത്തേക്ക് ചെന്നപ്പോൾ ഒരിടത്ത് ഒരു കുട്ടി കിടക്കുന്നു. മറ്റൊരിടത്ത് പ്രായമായ ഒരാൾ കിടക്കുന്നു. സത്യത്തിൽ RCCയിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി ഒന്നിച്ചൊരു വാർഡ് ഇല്ല. ഏതെങ്കിലുമൊരു സാങ്കൽപിക കഥാപാത്രമായി RCC യെയും രോഗികളെയും കൂട്ടിയിണക്കി കഥകൾ സൃഷ്ടിച്ച് അവരവരുടെ യുക്തിക്കനുസരിച്ച് പ്രചരിപ്പിക്കുകയാണ്.കേണൽ ആണെന്നോ എതെങ്കിലും വ്യക്തികളുടെ പേര് പറഞ്ഞാലോRCC യിൽ കയറ്റിവിടില്ല.
കാരണം ഇൻഫക്ഷൻ കൺട്രോൾ (അണു നിയന്ത്രണം ) ഉള്ള ഒരു സ്ഥാപനമാണ് RCC. കീമോതെറാപ്പി കൊടുക്കുന്ന രോഗികളെ സംബന്ധിച്ചിടത്തോളം ഇമ്മൂണിറ്റി കുറയും.ഇൻഫക്ഷൻ സാധ്യത കൂടും. ആരോഗ്യം ഏറ്റവും മോശമായിരിക്കുന്ന സാഹചര്യം ആയതിനാൽ അപകട സാധ്യത കൂടുതലാണ്.

മറ്റൊരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടത് രോഗികൾക്കോ അവരുടെ ബന്ധുക്കൾക്കോ സഹതാപരംഗം സൃഷ്ടിക്കുന്ന ഇത്തരത്തിൽ ഉള്ള കാഴ്ചകൾ ഇഷ്ടപ്പെടുന്നില്ല എന്നത് തന്നെയാണ്.അതു പോലെ തന്നെ RCC യിലെ കുട്ടികൾക്കായി ഗാനമേള നടത്തട്ടെ എന്ന ആവശ്യവുമായി പല ട്രൂപ്പുകളും സമീപിക്കുന്നുണ്ട്. രോഗികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം .ഒരു ട്രൂപ്പുകാരെയും ഗാനമേള നടത്തുവാൻ ഇപ്പോൾ RCCയിൽ അനുവദിക്കുന്നില്ല. മുമ്പൊരിക്കൽ ഒരു പരാതി കിട്ടുകയുണ്ടായ് . RCC യുടെ ഫോട്ടോയും ഇവിടുത്തെ കുട്ടികളുടെ ഫോട്ടോയും വെച്ച് RCC യിൽ സംഗീത വിരുന്ന് നടത്തിയതിനെക്കുറിച്ച്. ചിത്രങ്ങൾ പരിശോധിച്ചപ്പോൾ RCC യിലെ കുട്ടികൾ അല്ല എന്ന് വ്യക്തമായി. പബ്ളിസിറ്റിക്ക് വേണ്ടി സന്ദേശങ്ങൾ കൊടുക്കുന്നവർ ചിന്തിക്കേണ്ടത് വലിയ ഒരു സ്ഥാപനത്തിലേക്കാണ് ഇത്തരം വാർത്തകൾ വിശ്വസിച്ച് ജനങ്ങൾ എത്തുന്നത്.

കുറച്ചു നാൾ മുമ്പ് മലപ്പുറത്ത് നിന്ന് അമ്പത് പേർ അടങ്ങുന്ന വിദ്യാർത്ഥികൾ ഒരു ടൂറിസ്റ്റ് ബസിൽ സോഷ്യൽ മീഡിയയിലെ വാർത്തകളെ അടിസ്ഥാനമാക്കി RCC സന്ദർശനത്തിനെത്തിയിരിക്കയാണ്. സെക്യൂരിറ്റി കയറ്റി വിടാൻ തയ്യാറാകാതെ ഇരിക്കുമ്പോൾ വാഗ്വാദങ്ങളും തർക്കങ്ങളുമാകും ഇത്തരം ഒരു സ്ഥാപനത്തിൽ സന്ദർശനത്തിനായി ബസ് പിടിച്ച് വരുന്നവർ അതിന്റെ അതോറിറ്റിയുമായി ബന്ധപ്പെടാൻ ഉള്ള സന്മനസ്സ് എങ്കിലും കാണിക്കണം. ഏതെങ്കിലും വാർത്തകളെ അടിസ്ഥാനമാക്കി സന്ദർശനത്തിനെത്തുന്നവർ ചിന്തിക്കേണ്ടത് ഇത്തരത്തിൽ ഉള്ള ഒരു സന്ദർശനവും RCC അനുവദിക്കുന്നില്ല എന്നതാണ്. യാഥാർത്ഥ്യങ്ങളും വസ്തുതകളും മനസ്സിലാക്കിയതിന് ശേഷം മാത്രം വാർത്തകൾ ഷെയർ ചെയ്യപ്പെടാൻ തയ്യാറാകാവൂ.

RCC യുടെ പേര് ഉപയോഗിച്ച് മുതലെടുക്കാൻ ശ്രമിക്കുന്നവരുടെ വലയിൽ അകപ്പെട്ട് വഞ്ചിതരാകാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കുക. RCC യിലെ രോഗികളുടെ എതെങ്കിലും ഡോക്യുമെൻസ് എവിടുന്നെങ്കിലും സംഘടിപ്പിച്ചിട്ട് യഥാർത്ഥ രോഗിയുടെ പേരും നമ്പരും മാറ്റി പണം പിരിക്കാനുള്ള വ്യക്തിയുടെ പേരും നമ്പരും ചേർക്കും. ഇവരുടെ പേര് ചേർത്ത് സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നു. ഒരു പക്ഷെ യഥാർത്ഥ രോഗി മരണപ്പെട്ടിട്ടുണ്ടാകാം.

RCC യിലെ രോഗി ആണെന്ന വ്യാജേന വീടുകൾ കേന്ദ്രീകരിച്ചും സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഒരു കൂട്ടം ആളുകൾ തട്ടിപ്പിനായി ഇറങ്ങിയിട്ടുണ്ട്. ഒരു ദിവസം തന്നെ ഒരു സ്ഥലത്ത് നിന്നും അമ്പതിനായിരവും ഒരു ലക്ഷവുമൊക്കെയാണ് കളക്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് നിന്നും ഒരാളെ അറസ്റ്റ് ചെയ്തു. RCC യുടെ പേരിൽ ഇത്തരത്തിൽ ഉള്ള എന്ത് വാർത്തകൾ കാണാനിടയായാൽ RCC യുടെ ശ്രദ്ധയിൽപ്പെടുത്തുക. നിജസ്ഥിതി അറിഞ്ഞതിനു ശേഷം മാത്രം സഹായിക്കാൻ തയ്യാറാക്കുക. വഞ്ചിതരാകാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments