HomeUncategorized"സാധാരണ ബിസ്ക്കറ്റ് തന്നെയാണല്ലോ"… സിനിമയിലെത്തിയപ്പോൾ ഉടഞ്ഞുപോയ ആ വിഗ്രഹങ്ങളെക്കുറിച്ച് രമേശ് പിഷാരടി

“സാധാരണ ബിസ്ക്കറ്റ് തന്നെയാണല്ലോ”… സിനിമയിലെത്തിയപ്പോൾ ഉടഞ്ഞുപോയ ആ വിഗ്രഹങ്ങളെക്കുറിച്ച് രമേശ് പിഷാരടി

ചെറുപ്പത്തിൽ താൻ കേട്ട സിനിമ കഥകളിലെ ഭാവനയും യാഥാർത്ഥ്യവും എന്തെന്ന് പറയുകയാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി. സിനിമ മോഹവുമായി നടന്ന കാലത്ത് താൻ സിനിമക്കാരെ കുറിച്ച് വിചാരിച്ചിരുന്നതും പിന്നീട് അതിനുള്ളിൽ എത്തിയപ്പോൾ കണ്ട യാഥാർത്ഥ്യങ്ങളും തുറന്നുപറയുകയാണ് നടൻ ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ആണ് നടൻ നീ കാര്യം പറയുന്നത്.

രമേഷ് പിഷാരടിയുടെ ആ കുറിപ്പ് ഇങ്ങനെ:

എങ്ങനെയെങ്കിലും സിനിമയിലെത്തണം. അതിനു വേണ്ടി സ്റ്റേജിൽ എത്തി. സ്റ്റേജിൽ നിന്നും ടെലിവിഷനിൽ എത്തി. അവിടെ നിന്നും സിനിമയിലും. മുകളിൽ പറഞ്ഞ ഈ മൂന്ന് വരികളിലും കൂടെ അഞ്ചു സിനിമക്കുള്ള കഥകളുണ്ട്. പക്ഷെ ഈ ഗ്രൂപ്പിൽ സിനിമയല്ലാതെ മറ്റൊന്നും ചർച്ച ചെയ്യാത്തത് കൊണ്ട് പറയുന്നില്ല. സിനിമയിലെത്തിയപ്പോൾ തകർന്ന ഒരു വിഗ്രഹത്തെ കുറിച്ചാണ് ഈ പോസ്റ്റ്. കഥയുടെ പേര് “പോഷക ബിസ്കറ്റ് “
ഞങ്ങളുടെ വീടിന്‍റെ പത്തു കിലോമീറ്റർ ചുറ്റളവിൽ ആദ്യം വന്ന ഷൂട്ടിംഗ് ‘പവിത്രം’ എന്ന ലാലേട്ടൻ സിനിമയുടേതാണ്. പിറവം പാഴൂരിൽ. സ്കൂളിൽ പഠിക്കുന്ന കുട്ടി എന്ന നിലയിലും വീടിനു തൊട്ടടുത്ത് അല്ലാത്തതിനാലും എന്നെ ഷൂട്ടിംഗ് കാണാൻ പോകാൻ അനുവദിച്ചില്ല. ചെറുപ്പക്കക്കാരെല്ലാവരും ഷൂട്ടിംഗ് കാണാൻപോയി. തിരിച്ചു വന്ന അവരോടു കൗതുകത്തോടെ വിശേഷങ്ങൾ തിരക്കി. അതിലൊരാൾ പറഞ്ഞു.

“മോഹൻലാലിനെയും ശോഭനയെയും ഒക്കെ ഒന്നു കാണണം.. സിനിമക്കാരൊന്നും നമ്മള് കഴിക്കുന്നതല്ല കഴിക്കുന്നത്. ഓരോ ഷോട്ട് കഴിയുമ്പോഴും പാലും പഴവും കൊണ്ടുക്കൊടുക്കും. അവർക്കു വേണമെങ്കിൽ അവരതെടുക്കും. ഇല്ലെങ്കിൽ തട്ടിക്കളയും”. വേണ്ട എന്ന് പറഞ്ഞാൽ പോരെ, എന്തിനാണ് തട്ടിക്കളയുന്നത് എന്നെനിക്കു തോന്നി.
ലൊക്കേഷന്‍റെ ഗെയിറ്റിനകത്തു പോലും കടക്കാൻ പറ്റാത്ത ഒരാളുടെ തള്ളാണ് ഇതെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കും ‘ തള്ള് ‘എന്ന വാക്ക് ആ കാലത്തു നിലവിലും ഇല്ലായിരുന്നു.

പിന്നീട് കോളേജിൽ പഠിക്കുമ്പോൾ ഉദയംപേരൂർ ‘ചെറുപുഷ്പം’ സ്റ്റുഡിയോയിൽ ‘രാക്ഷസ രാജാവ്’ എന്ന മമ്മൂക്ക ചിത്രത്തിന്‍റെ ഷൂട്ടിംഗ് കാണാൻ ഞങ്ങൾ സുഹൃത്തുക്കൾ ക്ലാസ് കട്ട് ചെയ്തു പോയി. കയറു കെട്ടി തിരിച്ചിരിക്കുന്നതിനാൽ ദൂരെ നിന്നു മാത്രമേ കാണാൻ സാധിക്കൂ. ലൊക്കേഷനിൽ ചായക്ക്‌ സമയമായി. സ്റ്റീൽ ബേസിനിൽ ബിസ്‌ക്കറ്റുകൾ വിതരണം ചെയ്യുന്നു. കയറിനടിയിലൂടെ നൂണ്ടുകയറിയ കൂട്ടുകാരൻ സുജിത്തിന് ഒരു ബിസ്‌ക്കറ് കിട്ടി. തിരിച്ചു പോരുന്ന വഴി അവൻ പറഞ്ഞു “നമ്മൾ കഴിക്കുന്ന ബിസ്കറ്റ് ഒന്നും അല്ല ട്ടോ അത്, എന്തോ ഒരു പോഷക ബിസ്കറ്റാണ്. എനിക്ക് ഒരു ഉന്മേഷം ഒക്കെ തോന്നുന്നു”

കാലങ്ങൾ കടന്നു പോയി “നസ്രാണി” എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ ഞാൻ പോയപ്പോൾ അങ്ങ് ദൂരെ നിന്നും അതാ വരുന്നു സ്റ്റീൽ ബേസിൻ. അതിൽ നിറയെ ബിസ്‌ക്കറ്റുകൾ. അർഹതയോടെ ആദ്യമായി സിനിമാ ഭക്ഷണം കഴിക്കാൻ പോകുകയാണ്. അതും പോഷക ബിസ്ക്കറ്റ്. എന്‍റെ ഉള്ളിൽ ആകെ ഒരു ഉന്മേഷം. അപ്പൊ അത് കഴിച്ചാൽ എന്തായിരിക്കും…

എടുത്തു കഴിച്ചു, ആ വിഗ്രഹം ഉടഞ്ഞു..
ഇന്ന് ഭൂരിപക്ഷം ആളുകൾക്കും സിനിയ്ക്കുള്ളിലെ എല്ലാ കാര്യങ്ങളും അറിയാം. അവിടെ അസാധാരണമായി ഒന്നുമില്ലെന്ന സത്യവും. എങ്കിലും ഇത് എഴുതാനുള്ള പ്രേരണ ഒരു ചെറിയ പയ്യനാണ്.

ലോക്ക് ഡൗണിനു മുൻപ് ‘ദി പ്രീസ്റ്റ്’എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ചേർത്തലയിൽ നടക്കുകയാണ്. ലൊക്കേഷനിൽ പത്തു വയസിൽ താഴെ മാത്രം പ്രായമുള്ള ഒരു കൊച്ചു പയ്യൻ എല്ലാം കൗതുകത്തോടെ നോക്കി നിൽക്കുന്നു. ചായ കുടിക്കുന്ന സമയമായപ്പോഴും അവൻ വീട്ടിൽ പോകാതെ അത്ഭുതത്തോടെ അവിടെ നിൽക്കുകയാണ്. എന്തെന്നില്ലാത്ത ഒരിഷ്ടം അവനോടുതോന്നിയ ഞാൻ അടുത്തേക്ക് വിളിച്ചു കൈയിലുണ്ടായിരുന്ന ബിസ്കറ്റിലൊരെണ്ണം അവനു കൊടുത്തു…
അത് വായിലിട്ടു രുചിച്ച ശേഷം അവൻ എന്നോട് പറഞ്ഞു, “ഇത് സാധാരണ ബിസ്കറ്റ് തന്നെയാണല്ലോ”
 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments