HomeSportsവൻ തോൽവി; കേരളം വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍നിന്ന് പുറത്ത്

വൻ തോൽവി; കേരളം വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍നിന്ന് പുറത്ത്

ബെംഗളൂരു: ചാമ്പ്യന്മാരായ കര്‍ണാടകത്തോട് വന്‍ തോല്‍വി ഏറ്റുവാങ്ങി കേരളം വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തേക്ക്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍, ടോസ് ജയിച്ച് ബാറ്റുചെയ്ത കേരളം 49 റണ്‍സിന് പുറത്തായപ്പോള്‍ കര്‍ണാടക വെറും ആറോവറിൽ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ബാറ്റുചെയ്യാനുള്ള കേരള നായകന്‍ സച്ചിന്‍ ബേബിയുടെ തീരുമാനത്തിന് ആദ്യഓവറില്‍ ജഗദീ(0)ഷിന്റെ വിക്കറ്റുവീഴ്ത്തിയാണ് കര്‍ണാടകം മറുപടിനല്കിയത്. പേസര്‍മാരായ വിനയ് കുമാറും (5-2-6-2) എസ്. അരവിന്ദും (6-1-12-2) അഭിമന്യു മിഥുനും (6-1-11-1) ചേര്‍ന്ന് 11-ാം ഓവറാവുമ്പോഴേക്കും നാലിന് 16 എന്നനിലയിലേക്ക് കേരളത്തെ തള്ളിയിട്ടു. ഗോപാലിന്റെ ഊഴമായിരുന്നു പിന്നീട്. മധ്യനിരയെയും വാലറ്റത്തെയും പിഴുത ഗോപാല്‍ അഞ്ച് ഓവറില്‍ 19 റണ്‍സിനാണ് ലിസ്റ്റ് എ മത്സരത്തില്‍ തന്റെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

12 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.
19 റണ്‍സിന് അഞ്ചുവിക്കറ്റ് വീഴ്ത്തിയ ലെഗ്‌സ്​പിന്നര്‍ ശ്രേയസ്സ് ഗോപാലിനുമുന്നില്‍ കേരളം ചീട്ടു കൊട്ടാരം പോലെ തകർന്നു. അവശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തില്‍, ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തോല്‍വിയാണിത്. 44.1 ഓവര്‍ (265 പന്ത്) ബാക്കിനില്‌ക്കെയായിരുന്നു കര്‍ണാടകത്തിന്റെ വിജയം. സ്‌കോര്‍: കേരളം 22 ഓവറില്‍ 49-ന് പുറത്ത്; കര്‍ണാടകം 5.5 ഓവറില്‍ 1-ന് 51.

ബി ഗ്രൂപ്പില്‍ അഞ്ചുകളികളില്‍ കേരളത്തിന്റെ മൂന്നാമത്തെ തോല്‍വിയാണിത്. ഏഴു ടീമുകളുള്ള ബി ഗ്രൂപ്പില്‍ എട്ടുപോയന്റുമായി കേരളം ആറാം സ്ഥാനത്താണ്. ആറുകളികളും പൂര്‍ത്തിയാക്കിയ മഹേന്ദ്രസിങ് ധോനിയുടെ ജാര്‍ഖണ്ഡ് ടീം 20 പോയന്റുമായി ക്വാര്‍ട്ടറിലേക്ക് മുന്നേറി. അഞ്ചുകളികളില്‍ 16 പോയന്റുള്ള ഗുജറാത്ത് രണ്ടും അഞ്ചുകളികളില്‍ 12 പോയന്റോടെ കര്‍ണാടകം മൂന്നും സ്ഥാനത്താണ്. ഗ്രൂപ്പിലെ അവസാനമത്സരത്തില്‍ ഗുജറാത്ത് കേരളത്തോട് തോല്‍ക്കുകയും കര്‍ണാടകം ജമ്മുകശ്മീരിനെ തോല്പിക്കുകയും ചെയ്താലേ കര്‍ണാടകത്തിന് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്താനാവൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments